ബ്യൂനസ് ഐറിസ്∙ സൈനിക ഏകാധിപത്യ കാലത്ത് അർജന്റീനയിൽ ഭരണകൂട വിമർശകരെ കൂട്ടക്കൊല ചെയ്യാൻ ഉപയോഗിച്ചിരുന്ന മരണ വിമാനങ്ങളിലൊന്നു രാജ്യത്തു തിരികെയെത്തിച്ചു. സൈനിക ഭരണകൂടം എതിരാളികളെ ആകാശത്തുനിന്ന് കടലിലേക്കും പുഴകളിലേക്കും എറിഞ്ഞു കൊലപ്പെടുത്താൻ ഉപയോഗിച്ചിരുന്ന വിമാനങ്ങളിലൊന്നാണു യുഎസിൽ നിന്നു തിരികെ കൊണ്ടുവന്നത്.
ഷോർട് എസ്‌സി 7 സ്കൈവാൻ വിമാനം സൈനിക ഏകാധിപത്യത്തിന്റെ ഇരകളുടെ സ്മാരകമായി മ്യൂസിയം ഓഫ് മെമ്മറിയുടെ ഭാഗമാക്കും. അക്കാലത്തെ ഏറ്റവും കുപ്രസിദ്ധമായ തടങ്കൽ കേന്ദ്രമാണ് പിന്നീട് മ്യൂസിയമാക്കി മാറ്റിയത്.
അർജന്റീനയിൽ 1976-1983ലെ സൈനിക ഭരണകാലത്താണു രാഷ്‌ട്രീയ തടവുകാരെ മയക്കുമരുന്നു നൽകി ബോധം കെടുത്തിയശേഷം പട്ടാള വിമാനത്തിൽ നിന്നു കടലിലേക്ക് എറിഞ്ഞു കൊലപ്പെടുത്തുന്ന രീതി നിലവിലുണ്ടായിരുന്നത്. ഇത്തരം പട്ടാള വിമാനങ്ങൾ ‘മരണവിമാനം’ എന്നറിയപ്പെട്ടു.
അർജന്റീനയിൽ ഇത്തരത്തിൽ 30,000 പേരെ തട്ടിക്കൊണ്ടു പോകുകയോ കൊലപ്പെടുത്തുകയോ ചെയ്‌തെന്നാണു കണക്ക്. ലിയോനി ഡ്യൂക്യുറ്റ് എന്നൊരു കന്യാസ്‌ത്രീയുടെ ജഡം കണ്ടെത്തിയതിനെ തുടർന്നു നടന്ന അന്വേഷണമാണ് ‘മരണവിമാനങ്ങളെ’യും അവ പറത്തിയിരുന്ന ‘കൊലയാളി പൈലറ്റു’മാരെയും കുറിച്ചുള്ള വിവരങ്ങൾ പുറത്തു കൊണ്ടുവന്നത്. അർജന്റീനയിൽ 1983ൽ ജനാധിപത്യം പുനഃസ്‌ഥാപിക്കപ്പെട്ട ശേഷം പട്ടാള ഏകാധിപതികൾ പലരും തടവിലായി.