ഡിലീറ്റ് ഫേസ്ബുക്ക് കാമ്പെയ്ന്‍ ഇന്ത്യയിലും; ഫേസ്ബുക്ക് പേജ് ഉപേക്ഷിക്കുന്നുവെന്ന് ഫര്‍ഹാന്‍ അക്തര്‍

0

ഉപയോക്താക്കളുടെ വ്യക്തിപരമായ വിവരങ്ങള്‍ ചോര്‍ത്തുന്നുവെന്ന വാര്‍ത്ത പ്രചരിച്ചതിന് പിന്നാലെ നടനും സംവിധായകനുമായ ഫര്‍ഹാന്‍ അക്തര്‍ ഫേസ്ബുക്ക് ഉപേക്ഷിക്കുന്നതായി പ്രഖ്യാപിച്ചു.

‘ശുഭദിനം. ഞാന്‍ എന്റെ സ്വകാര്യ ഫേസ്ബുക്ക് അക്കൗണ്ട് ഡിലീറ്റ് ചെയ്യുന്നതായി അറിയിക്കാനാണ് ഈ പോസ്റ്റ്. അതേസമയം എന്റെ വേരിഫൈഡ് പേജ് ആയ ഫര്‍ഹാന്‍അക്തര്‍ലൈവ് നിലനില്‍ക്കുന്നതാണ്’. എന്നാണ് ഫര്‍ഹാന്‍ അക്തര്‍ കുറിപ്പിട്ടത്. ഇലോണ്‍ മസ്‌ക്, ചെര്‍, ജിം കാരി തുടങ്ങിയ അന്താരാഷ്ട്ര സെലിബ്രിറ്റികളുടെ ചുവടുപിടിച്ചാണ് ഫര്‍ഹാന്റെ നീക്കം. ഡിലീറ്റ്‌ഫേസ്ബുക്ക് എന്ന പേരില്‍ ഇപ്പോള്‍ നടക്കുന്ന കാമ്പെയ്‌നിംഗിന്റെ ഭാഗമാണ് ഇത്. ഇപ്പോള്‍ ഫേസ്ബുക്ക് ഉടമസ്ഥതയിലുള്ള വാട്‌സ്ആപ്പ് സ്ഥാപകന്‍ ബ്രിയാന്‍ ആക്ഷന്‍ ആണ് ഈ കാമ്പെയ്‌നിംഗിന് തുടക്കമിട്ടത്.

രാഷ്ട്രീയ പാര്‍ട്ടികളെ തെരഞ്ഞെടുപ്പില്‍ സഹായിക്കാനായി കുറഞ്ഞത് അഞ്ച് കോടിയോളം ഫേസ്ബുക്ക് ഉപയോക്താക്കളുടെ വിവരങ്ങള്‍ അവരുടെ സമ്മതമില്ലാതെ കേബ്രിഡ്ജ് അനലിറ്റിക എന്ന ഡാറ്റ ഗാതറിംഗ് സ്ഥാപനം ചോര്‍ത്തിയെന്ന വിവരം പുറത്തുവന്നതോടെയാണ് ഈ കാമ്പെയ്‌നിംഗ് ആരംഭിച്ചത്.