ഡൽഹി മുണ്ട്കയിലെ തീപിടിത്തം; മൂന്ന് പേരെ സസ്പെൻഡ് ചെയ്തു

0

27 പേർ മരിച്ച ഡൽഹി മുണ്ട്കയിലെ തീപിടിത്തവുമായി ബന്ധപ്പെട്ട് മൂന്ന് മുനിസിപ്പൽ കോർപ്പറേഷൻ ഉദ്യോ​ഗസ്ഥർക്ക് സസ്പെൻഷൻ. ലൈസൻസിം​ഗ് ഇൻസ്പെക്ടർ, സെക്ഷൻ ഓഫീസർമാർ എന്നിവരെയാണ് സസ്പെൻഡ് ചെയ്തത്. കെട്ടിടത്തിന് ലൈസൻസ് നൽകിയതിൽ ഉൾപ്പടെ ഉദ്യോ​ഗസ്ഥർ വീഴ്ച്ച വരുത്തിയെന്നാണ് നി​ഗമനം. നോർത്ത് ഡെൽഹി മുനിസിപ്പൽ കോർപ്പറേഷൻ വകുപ്പ്തല അന്വേഷണം നടത്തിയാണ് നടപടിയെടുത്തത്. കൂടുതൽ ഉ​ദ്യോ​ഗസ്ഥർക്കെതിരെ നടപടിയുണ്ടാവുമെന്നാണ് സൂചന.

തീപിടിത്തത്തിൽ മരിച്ചവരിൽ ഏഴുപേരും മുണ്ട്കാ സ്വദേശികളാണെന്നാണ് പൊലീസ് അറിയിച്ചു. ധരിച്ചിരുന്ന വാച്ചും ചെരിപ്പുമെല്ലാം നോക്കിയാണ് ബന്ധുക്കൾ ഇവരെ തിരിച്ചറിഞ്ഞത്. പൂർണമായും കത്തിക്കരിഞ്ഞവരെ തിരിച്ചറിയാനായി ഡി.എൻ.എ പരിശോധന നടത്താനാണ് അധികൃതരുടെ തീരുമാനം. 29 പേരെ കാണാതായെന്ന് പൊലീസിന് പരാതി ലഭിച്ചിട്ടുണ്ട്. അതുപ്രകാരം ഇനിയും 11 പേരെ കണ്ടെത്താനുണ്ടെന്നും പൊലീസ് അറിയിച്ചു.

ഇരുപതിലേറെ സ്വകാര്യ കമ്പനി ഓഫിസുകൾ പ്രവർത്തിക്കുന്ന കെട്ടിടത്തിൽ വെള്ളിയാഴ്ച വൈകിട്ട് നാലരയോടെയാണ് വൻ തീപിടിത്തമുണ്ടായത്. കെട്ടിടത്തിന് മുകളിൽ നടന്ന ഒരു പരിപാടിയിൽ പങ്കെടുക്കാനെത്തിയവരാണ് മരിച്ചവരിൽ കൂടുതലും. കെട്ടിടത്തിന് ഒരു പ്രവേശനകവാടം മാത്രമാണുണ്ടായിരുന്നത്. കോണിപ്പടികളിൽ കച്ചവടാവശ്യത്തിനുള്ള സാധനങ്ങൾ നിറച്ചുവെച്ചിരുന്നതിനാൽ പലർക്കും താഴേക്ക് ഇറങ്ങാൻ സാധിച്ചിരുന്നില്ല. പുറത്തേക്ക് ഇറങ്ങാൻ കഴിയാതെ മുകൾ നിലകളിലേക്ക് ഓടിക്കയറിയവർ അവിടെയും തീ പടർന്നതോടെ അവശനിലയിലായി. പലരും കെട്ടിടത്തിൽനിന്ന് താഴേക്ക് ചാടുകയും ചെയ്തിരുന്നു.