പരിസ്ഥിതി പ്രവര്‍ത്തക ഗ്രേറ്റ തുന്‍ബര്‍ഗിന് എതിരെ കേസെടുത്ത് ഡല്‍ഹി പൊലീസ്

0

ന്യൂഡൽഹി: കർഷക പ്രക്ഷോഭത്തെക്കുറിച്ചുള്ള സ്വീഡിഷ് പരിസ്ഥിതി പ്രവർത്തക ഗ്രേറ്റ ട്യുൻബെർഗിന്റെ ട്വീറ്റ് ആധാരമാക്കി ഗൂഢാലോചന, മതസ്പർധ വളർത്തൽ എന്നീ വകുപ്പുകൾ ചുമത്തി ഡൽഹി പൊലീസ് കേസെടുത്തു. സ്വീഡിഷ് പരിസ്ഥിതി പ്രവര്‍ത്തകയാണ് ഗ്രേറ്റ തുന്‍ബര്‍ഗ്. രാജ്യത്തെ ജനങ്ങള്‍ക്കിടയില്‍ വിദ്വേഷം വളര്‍ത്താന്‍ ശ്രമിച്ചെന്നാണ് കേസ്. ഐപിസി 120 ബി, ഐടി ആക്ടിലെ 153 എ എന്നിവ പ്രകാരമാണ് ഗ്രേറ്റക്കെതിരെ കേസെടുത്തിരിക്കുന്നത്.

ചൊവ്വാഴ്ചയാണ് കര്‍ഷക സമരത്തെ കുറിച്ച് ഗ്രേറ്റ ട്വീറ്റ് ചെയ്തത്. സമരത്തിന് ഐക്യദാര്‍ഢ്യം പ്രഖ്യാപിച്ചായിരുന്നു ട്വീറ്റ്. കർഷകരുടെ സമാധാനപരമായ പ്രക്ഷോഭത്തെ തുടർന്നും പിന്തുണയ്ക്കുമെന്നും ഭീഷണിക്കും വിദ്വേഷത്തിനും തന്നെ പിന്തിരിപ്പിക്കാനാവില്ലെന്നും തൊട്ടുപിന്നാലെ ഗ്രേറ്റ ട്വീറ്റ് ചെയ്തു. സമരസ്ഥലത്ത് ഇന്റര്‍നെറ്റ് പോലും നിഷേധിച്ച സര്‍ക്കാര്‍ നടപടിയെ കുറിച്ചുള്ള വാര്‍ത്തയും ട്വീറ്റിനൊപ്പം ഉണ്ടായിരുന്നു.

പിന്നീട് വ്യാഴാഴ്ചയും ഗ്രേറ്റ ഇതേക്കുറിച്ച് ട്വീറ്റ് ചെയ്തു. രാജ്യാന്തര തലത്തില്‍ കര്‍ഷക പ്രക്ഷോഭത്തെ എങ്ങനെ പിന്തുണയ്ക്കാം എന്നതിനെ വിശദീകരിച്ചായിരുന്നു ട്വീറ്റ്. പോപ്പ് ഗായിക റിഹാന്ന കര്‍ഷക സമരത്തെ പിന്തുണച്ച് ട്വീറ്റ് ചെയ്തതോടെയാണ് നിരവധി സെലിബ്രിറ്റികള്‍ ഇതേ കുറിച്ച് സംസാരിച്ച് രംഗത്തെത്തിയത്.

അതേസമയം, ഗ്രേറ്റയെ പ്രതി ചേർത്തിട്ടില്ലെന്നു പൊലീസ് വ്യക്തമാക്കി. സമൂഹമാധ്യമ പ്രചാരണങ്ങൾക്കു പിന്നിൽ രാജ്യാന്തര ഗൂഢാലോചനയുണ്ടെന്നും പൊലീസ് ആരോപിച്ചു.