ഒരു വർഷത്തിനിടെ മൂന്ന് തവണ നീട്ടി വച്ചു; ഒടുവില്‍ ഡെന്‍മാര്‍ക്ക് പ്രധാനമന്ത്രി വിവാഹിതയായി

0

കോവിഡ് പൊട്ടിപ്പുറപ്പെട്ടതിനെത്തുര്‍ന്ന് പ്രധാനമന്ത്രിയുടെ ഓഫീസ് ഒട്ടേറെ ഉത്തരവാദിത്വങ്ങളുടെ തിരക്കിലായതിനാൽ മൂന്ന് തവണ വിവാഹം നീട്ടിവെച്ച ഡെൻമാർക്ക് പ്രധാനമന്ത്രി മെറ്റെ ഫ്രെഡറിക്സണും പങ്കാളി ബോ ടെൻഗ്ബെർഗും വിവാഹിതരായി. 42 കാരിയായ ഫ്രഡറിക്‌സന്‍ ചലച്ചിത്ര സംവിധായകനും ഫോട്ടോഗ്രാഫറുമായ ബോ തെങ്ബര്‍ഗ്ഗിനെ(50)യാണ് വിവാഹം ചെയ്തത്.

കോവിഡ് മഹാമാരിയെത്തുടര്‍ന്ന് മൂന്ന് തവണയാണ് ഡെന്‍മാര്‍ക്ക് പ്രധാനമന്ത്രി മെറ്റെ ഫ്രഡറിക്‌സന്റെ വിവാഹം നീട്ടിവെച്ചത്. ഒടുവില്‍ ബുധനാഴ്ച ഫ്രഡറിക്സന്‍ വിവാഹിതയാവുകയായിരുന്നു. ബുധനാഴ്ച ഡാനിഷ് ദ്വീപായ സീലാൻഡിലെ ഒരു പള്ളിയിൽ വച്ചായിരുന്നു വിവാഹം. വളരെ ലളിതമായ രീതിയിലാണ് ചടങ്ങ് സംഘടിപ്പിച്ചത്.

2019ലാണ് ഇവരുടെ വിവാഹ തീയതി ആദ്യമായി മാറ്റി വച്ചത്. അന്ന് രാജ്യത്തെ പൊതു തിരഞ്ഞെടുപ്പാണ് തടസമായത്. പിന്നീട് കൊവിഡ് കടന്നു വന്നതോടെ വീണ്ടും തീയതി മാറ്റി. ഒടുവിൽ ജൂലായ് 18ലേക്ക് മാറ്റി. എന്നാൽ മൂന്നാം തവണയും തീയതി മാറ്റേണ്ടി വന്നു.

കൊവിഡ് 19 സൃഷ്ടിച്ച ആഘാതത്തിൽ നിന്നും കരകയറുന്നതിനുള്ള പദ്ധതികൾ ചർച്ച ചെയ്യുന്ന സുപ്രധാനമായ യൂറോപ്യൻ കൗൺസിൽ മീറ്റിംഗ് ജൂലായ് 17, 18 തീയതികളിലാണ് നടക്കുന്നത്. കൊറോണ ലോക്ക്ഡൗണുകൾ പ്രഖ്യാപിച്ചതിന് ശേഷം യൂറോപ്യൻ യൂണിയൻ രാജ്യങ്ങളിലെ നേതാക്കൾ പങ്കെടുക്കുന്ന ആദ്യത്തെ യോഗമാണ് ഇത്. കൊവിഡ് രൂക്ഷമായി ബാധിച്ച രാജ്യങ്ങൾക്കുള്ള ധനസഹായ പദ്ധതികൾ ആവിഷ്കരിക്കാനാണ് യോഗം.

തന്റെ വിവാഹ ചിത്രം ഫെയ്‌സ്ബുക്കില്‍ ഫ്രഡറിക്‌സന്‍ പങ്കുവെച്ചു. സ്വകാര്യമായി ചെറു രീതിയിലാണ് വിവാഹം നടന്നതെന്ന് ഡാനിഷ് മാധ്യമങ്ങള്‍ റിപ്പോര്‍ട്ടു ചെയ്യുന്നു. 2019 ജൂണ്‍ 27നാണ് ഫ്രഡറിക്‌സന്‍ ഡെന്‍മാര്‍ക്ക് പ്രധാനമന്ത്രി പദവിയിലെത്തുന്നത്.