ബംഗാൾ ഉൾകടലിൽ ന്യുന മർദ്ദം, കേരളത്തില്‍ പരക്കെ മഴക്ക് സാധ്യത

0

കൊടുംചൂടിൽ വലയുന്ന കേരളത്തിന് ആശ്വാസമായി വരും ദിവസങ്ങളിൽ പരക്കെ മഴ കിട്ടിയേക്കും. ബംഗാൾ ഉൾകടലിൽ ന്യുന മർദ്ദം രൂപപ്പെട്ട സാഹചര്യത്തിലാണിത്. വടക്ക് പടിഞ്ഞാറു ദിശയിൽ സഞ്ചരിക്കുന്ന ന്യുനമർദ്ദം അടുത്ത 48 മണിക്കൂറിനുള്ളിൽ അതി തീവ്ര മർദ്ദമായി ശക്തി പ്രാപിക്കാൻ സാധ്യതയുള്ളതായി കേന്ദ്ര കാലാവസ്ഥ വകുപ്പ് അറിയിച്ചു.

ഈ വർഷത്തെ മൂന്നാമത്തെ ന്യുന മർദ്ദമാണ് നിലവിൽ രൂപപ്പെട്ടിരിക്കുന്നത്. ചുഴലിക്കാറ്റായി രൂപപ്പെട്ടാല്‍ ശ്രീലങ്ക നിര്‍ദ്ദേശിച്ച അസാനി എന്ന പേരിലായിരിക്കും അറിയപ്പെടുക.ആന്ധ്ര ഒ‍ഡീഷ തീരത്തേക്ക് നീങ്ങാനാണ് സാധ്യത. നേരിയ മാറ്റം സംഭവിച്ചാല്‍ പശ്ചിമ ബംഗാള്‍ തീരമോ, ബംഗ്ളാദേശ് തീരമോ ആയേക്കാം.

മേയ് 13 ഓടെ തീരം കടന്നേക്കും. ഈ സിസ്റ്റം കേരളത്തിലും തെക്കന്‍ തമിഴ്നാട്ടിലും ശക്തമായ മഴക്കും കാറ്റിനും കാരണമായേക്കും.കേരളത്തിൽ അടുത്ത 5 ദിവസം ഇടി മിന്നലോട് കൂടിയ മഴ തുടരാൻ സാധ്യതയുണ്ട്. പക്ഷെ നിലവിൽ ഒരു ജില്ലയിലും കാലാവസ്ഥ നിരീക്ഷണ കേന്ദ്രം മഴ ജാ​ഗ്രത മുന്നറിയിപ്പ് നൽകിയിട്ടില്ല. മത്സ്യത്തൊഴിലാളികൾക്കും പ്രത്യേക ജാ​ഗ്രത നിർദ്ദേശമില്ല.