പ്രേമിച്ച് കൊല്ലുന്നവർ

0

കോയമ്പത്തൂരിലെ അന്നൂരിൽ പ്രണയാഭ്യർത്ഥന നിരസിച്ചതിന്റെ പേരിൽ കൊലപ്പെടുത്തിയ ധന്യയുടെ വീട്ടിൽ നിന്നും ആ അമ്മയുടെ ചങ്കുപൊട്ടിയുള്ള നിലവിളികൾ ഇപ്പോഴും കേട്ടുകൊണ്ടേയിരിക്കുന്നു. ഒരു ദൃക്‌സാക്ഷി വിവരണം.

“നിന്നെ ഞാൻ പ്രേമിച്ചു കൊല്ലും” എന്നൊരു ചൊല്ലുണ്ട്. പക്ഷേ പ്രേമിക്കാതിരുന്നാലും കൊല്ലുന്നതാണ് പുതിയ മൊഴി. അതുകൊണ്ടു തന്നെ രാംകുമാർമാർ പുനർജനിച്ചു കൊണ്ടേയിരിക്കും. സ്വാതിമാർ കൊല്ലപ്പെട്ടുകൊണ്ടും കഴിഞ്ഞ നാലു മാസങ്ങൾക്കിടയിൽ അഞ്ച് പെൺകുട്ടികളാണ് പ്രണയാഭ്യർത്ഥന നിരസിച്ചതിന്റെ പേരിൽ തമിഴ്‌നാട്ടിൽ കൊല്ലപ്പെട്ടത്. ചെന്നൈയിൽ സ്വാതി, വിഴുപ്പുറത്ത് നവീന, കരൂരിൽ സോണാലി, തുത്തുക്കുടിയിൽ ഫ്രാൻസിന, കോയമ്പത്തൂരിൽ ധന്യ. ഇതിൽ അവസാനത്തെ വേട്ടക്കാരൻ ഷക്കീറും ഇര ധന്യയും. ഒരേ തിരക്കഥ. ഒരേ ക്ലൈമാക്‌സ്. ആസൂത്രിതമായിരുന്നു ഈ കൊലപാതകങ്ങൾ. ഏറെ നാളത്തെ തയാറെടുപ്പുകൾക്കു ശേഷം നടത്തിയ കൃത്യങ്ങൾ. വാർത്തകൾ ക്രൈംത്രില്ലറുകളുടെ ആവേശത്തിൽ വായിച്ച് നാം സമൂഹത്തിനു നേരെ വിരൽചൂണ്ടുമ്പോൾ വേട്ടക്കാരൻ ഉന്നംവയ്ക്കുന്ന അടുത്ത ഇര നമ്മുടെ കുടുംബത്തിലെ ഒരു അംഗമാകാം. ഇത്തവണ സംഭവിച്ചതും അതു തന്നെ. ഞങ്ങളുടെ കുടുംബത്തിലേക്ക് ഒരു അംഗമായി എത്താനുള്ള ഒരുക്കത്തിലായിരുന്നു ധന്യ, നവവധുവായി. പക്ഷേ ഈ തിരുവോണ നാളിൽ ധന്യയെ തേടി എത്തിയത് മരണം ആയിരുന്നു. അതും പൈശാചികമായ കൊലപാതകം.
ഇഷ്ട പുരുഷനൊപ്പം ജീവിതത്തിലേക്ക് കടക്കാനൊരുങ്ങുന്ന ധന്യയുടെ കുടൽമാല പുറത്തെടുത്തായിരുന്നു തന്റെ പ്രണയം നിരസിച്ചവളോട് ഷക്കീർ പ്രതികാരം വീട്ടിയത്. അങ്ങനെ ധന്യ അടങ്ങുന്ന മൂന്നംഗ കുടുംബത്തിൽ അമ്മയും അച്ഛനും മാത്രം ബാക്കിയായി. 35 വർഷമായി കോയമ്പത്തൂരിലെ അന്നൂരിൽ തയ്യൽ ജോലിയുമായി ആ കഴിയുന്ന ആ കുടുംബത്തിന് സ്വന്തമായി തലചായ്ക്കാനൊരിടം പോലും ഇന്നും ഇല്ല. എങ്കിലും പ്രതീക്ഷകളും സ്വപ്നങ്ങളും ഉണ്ടായിരുന്നു. ധന്യ ആയിരുന്നു അവരുടെ പ്രതീക്ഷയും സ്വപ്നവും. ബി എസ് സി (ഐടി) വരെ പഠിച്ച ധന്യക്കും ഉണ്ടായിരുന്നു ജീവിതം പച്ചപിടിക്കുമെന്ന പ്രതീക്ഷ. പക്ഷേ ഒരു കുടുംബത്തിന്റെ പ്രതീക്ഷകളെല്ലാം ആ കത്തിമുനയിൽ അവസാനിച്ചു. “എന്നെക്കൂടി കൊന്നുകളയൂ. ഞാൻ ജീവിച്ചത് അവൾക്കു വേണ്ടി ആയിരുന്നു. പുതിയൊരു ജീവിതം കിട്ടാൻ പോകുന്നല്ലോ എന്ന സന്തോഷത്തിലായിരുന്നു എന്റെ മോളും ഞാനും. എല്ലാം അവൻ തകർത്തു കളഞ്ഞില്ലേ?” ധന്യയുടെ അമ്മ ശാരദയുടെ നെഞ്ചുപൊട്ടിയുള്ള നിലവിളി ആ ലൈൻ വീട്ടിലെ വരാന്തയിൽ നിന്ന് ഉയരുമ്പോൾ ചേതനയറ്റ ധന്യയുടെ ശരീരം ആ വീട്ടിലെ അടുക്കളയിൽ രക്തം വാർന്ന് കിടക്കുകയായിരുന്നു.
ധന്യയുടെ ശരീരത്തിലെ ഒരു അണുവിൽ പോലും ജീവൻ അവശേഷിക്കരുതെന്ന അതിവിദഗ്ധമായ ആസൂത്രണത്തോടെ നടത്തിയ അതിക്രൂരമായ കൊലപാതകം. ശബ്ദം പുറത്തു വരാതിരിക്കാൻ തൊണ്ടക്കുഴി മുറിച്ച്, കുടൽ മാല പുറത്തെടുത്ത്, കരളും വൃക്കയും അടക്കമുള്ള ആന്തരികാവയവങ്ങളിൽ ആഴത്തിൽ മുറിവേൽപിച്ച്, കൈകാൽ മുട്ടുകൾ കഷണങ്ങളാക്കി, ശത്രു നിഗ്രഹത്തിൽ ഏറെ തഴക്കം ലഭിച്ച പോരാളിയുടെ കൃത്യതയോടെ അര മണിക്കൂർ കൊണ്ട് കൃത്യം നിർവഹിച്ച് കത്തിയും ചെരിപ്പും ഉപേക്ഷിച്ച് ഷക്കീർ പുറത്തു കടക്കുമ്പോൾ പുറംലോകം ശാന്തമായിരുന്നു.
ഇത്രയും ക്രൂരമായ കൊലപാതകം നടന്ന ആ അടുക്കളയിൽ ഒന്നും അലങ്കോലമായിട്ടില്ല. നെഞ്ചിലേക്കും വയറിലേക്കും ആഴത്തിൽ കയറ്റിയ കത്തിയിൽ നിന്നും തെറിച്ച രക്തപ്പടുകൾ അവർ വാങ്ങി വച്ച റേഷൻ അരി സഞ്ചിയിൽ തെറിച്ച് പടർന്നിരിക്കുന്നു. അടുക്കളയുടെ ഒരു ചുവരിൽ ദൈവങ്ങളുടെ ചിത്രങ്ങളാണ്. ആ ചുവരാണ് ആ ചെറിയ വീടിന്റെ പൂജാമുറി. ആ ചിത്രങ്ങൾക്കു താഴെ തറയിൽ ഒരു ബലി കർമ്മം നടത്തിയതു പോലെ മുട്ടുകുത്തിയ നിലയിൽ ധന്യയുടെ മൃതശരീരം. ആ ചുവരിൽ നിന്നും ശരീരത്തിൽ നിന്നും ഒലിച്ചിറങ്ങിയ രക്തം മൃതശരീരത്തിനു ചുറ്റും തളംകെട്ടി കിടക്കുന്നു.
കുറച്ചു ദിവസങ്ങൾക്കു മുമ്പ് വീണ് കൈയൊടിഞ്ഞ അച്ഛനേയും കൊണ്ട് തിരുവോണ നാളിൽ വൈകുന്നേരം വൈദ്യശാലയിലേക്ക് പോയതായിരുന്നു അമ്മ ശാരദ. ഷക്കീറിന്റെ കൊലവിളിയുടെ ഭയം വേട്ടയാടിയിട്ടാകാം ധന്യയെ വീട്ടിനുള്ളിൽ സുരക്ഷിതയാക്കി മുൻവശത്തെ കതകു പൂട്ടിയാണ് ആ അമ്മയും അച്ഛനും പുറത്തേക്കു പോയത്. അഥവാ ഷക്കീർ വന്നാൽ തന്നെ വീട്ടിൽ ആളില്ലെന്നു ധരിച്ച് തിരിച്ചുപോകുമായിരിക്കും എന്ന് അവർ കരുതി. പക്ഷേ ഏതാണ്ട് ആറു മാസം മുമ്പു വരെ ആ ലൈൻ വീടുകളിലൊന്നിൽ താമസിച്ചിരുന്ന ഷക്കീറിന് നന്നായറിയാമായിരുന്നു ആ വിടുകൾക്കുള്ളിൽ കടക്കേണ്ടത് എങ്ങനെയാണെന്ന്. വീടിന്റെ പിൻഭാഗത്തെ മതിലിനോട് ചേർന്നു തന്നെ ആ പുരയിടത്തിന്റെ അതിർ തിരിച്ചിരിക്കുന്ന കമ്പിവേലിക്കെട്ടിൽ നാട്ടിയിരിക്കുന്ന കല്ലുകളിലൊന്നിൽ ചവിട്ടി അവൻ വീട്ടിനുള്ളിലേക്ക് കടന്നു.
അതിന് അര മണിക്കൂർ മുമ്പു മാത്രമായിരുന്നു ഓണക്കോടിയും അണിഞ്ഞ് തിരുവോണ നാളിൽ ഭാവി വരനുമായി കോയമ്പത്തൂരിലെ ഒരു അമ്പലത്തിൽ പോയി ധന്യ തിരികെ എത്തിയത്. അടുക്കളയിൽ നിന്ന് പുറത്തേക്കിറങ്ങിയാൽ ഒരു ചെറിയ തുളസിത്തറ. ആ ഭാഗത്തിന് മേൽക്കൂരയില്ല. അവിടെയാണ് അവർ തുണികൾ ഉണക്കുന്നതും പാത്രങ്ങൾ കഴുകുന്നതും. യാത്ര കഴിഞ്ഞെത്തിയ ധന്യ വീട് പുറത്തു നിന്ന് പൂട്ടിയിരിക്കുന്ന ധൈര്യത്തിലാവണം പിൻവാതിൽ തുറന്ന് വിയർപ്പ് പറ്റിയ വസ്ത്രങ്ങൾ ഉണക്കാനിട്ടത്. പിന്നീട് പിൻവാതിൽ അടച്ചതുമില്ല. അത് കൊലപാതകിക്ക് എളുപ്പ വഴിയായി. പിന്നെ സംഭവിച്ചത് നാടിനെ നടുക്കിയ കൊലപാതകമായിരുന്നു.
പക്ഷേ ഒരാൾക്ക് ഒറ്റയ്ക്ക് കീഴടക്കാൻ കഴിയുന്നത്ര ദുർബല ആയിരുന്നില്ല ധന്യ. ഒരു നിലവിളിയൊച്ചയോ ഞരക്കമോ പോലും കേട്ടിട്ടില്ലെന്ന് അയൽക്കാർ. കൃത്യം നടത്തി മതിൽചാടിപ്പോകുന്ന ഷക്കീറിനെ കണ്ടവരുണ്ടെങ്കിലും പൊലീസ് എത്തിയപ്പോൾ അവരെല്ലാം ഒഴിഞ്ഞു മാറി. ചെന്നൈയിലെ നുക്കമ്പാക്കം റെയിൽവേ സ്‌റ്റേഷനിൽ സ്വാതിയുടെ കൊലപാതകം നടക്കുമ്പോഴും ഉണ്ടായത് സമാന അവസ്ഥ തന്നെയായിരുന്നു. സ്വാതിയും ധന്യയും പൊതു സമൂഹത്തിന് അന്യരാണല്ലോ! നിയമത്തിലെ നൂലാമാലകളോടുള്ള ഭയമാണ് ഇത്തരം പൈശാചികമായ കൊലപാതകങ്ങൾ നടന്നാൽ പോലും പൊതുസമൂഹത്തെ സാക്ഷിയാകുന്നതിൽ നിന്നു അകറ്റുന്നത്. അത് നമ്മുടെ വീട്ടിൽ അല്ലല്ലോ നടന്നത് എന്നാവും മിക്കവരും ചിന്തിക്കുക. പക്ഷേ അവൻ നമ്മുടെ വീട്ടിലേക്ക് എത്താനുള്ള ദൂരം കൊലപാതകം നടന്ന വീടും അയൽ വീടും തമ്മിലുള്ള അകലത്തിൽ മാത്രമാണെന്ന കാര്യം നാമെല്ലാം മനപ്പൂർവം വിസ്മരിക്കുന്നു.
രാംകുമാർ ജയിലിൽ ആത്മഹത്യ ചെയ്തുവെന്നതാണ് പുതിയ വാർത്ത. കൂടുതൽ കേസുകളിലേക്കും തെളിവുകളിലേക്കും അന്വേഷണങ്ങളിലേക്കും കടക്കാതെ കേസ് അവസാനിപ്പിക്കാൻ ഉള്ള ശ്രമം ധന്യയുടെ പ്രഥമവിവര റിപ്പോർട്ടിലും പ്രകടമാണ്. കൃത്യം നടന്ന സ്ഥലത്ത് ഡോഗ് സ്‌ക്വാഡും വിരലടയാള വിദഗ്ധരും എത്തുന്നത് രാത്രി 10 മണി കഴിഞ്ഞാട്ടിയിരുന്നുവെന്ന് ദൃക്‌സാക്ഷികൾ പറയുന്നുണ്ട്. ആ തുളസിത്തറയിൽ കൊലപാതകി ഉപേക്ഷിച്ചുപോയ ചെരുപ്പും രക്തം പുരണ്ട കൈയുറകളും പിറ്റേ ദിവസം രാവിലെയും അവിടെത്തന്നെ ഉണ്ടായിരുന്നു. കൃത്യം നടന്ന സ്ഥലത്തു നിന്ന് കിട്ടുന്ന കൊലപാതകിയുടെ ചെരിപ്പ് അന്വേഷണത്തിൽ തെളിവാകില്ലെന്നായിരുന്നു എസ് ഐ റാങ്കിലുള്ള ഒരു പൊലീസുകാരന്റെ ഭാഷ്യം. പ്രശ്‌നം ബന്ധുക്കൾ ഉയർത്തിയപ്പോൾ ഏറെക്കഴിഞ്ഞ് രണ്ട് പൊലീസുകാർ വന്ന്‌ ആ ചെരിപ്പ് സംഭവസ്ഥലത്തു നിന്ന് എടുത്തു മാറ്റുകയും ചെയ്തു.
മുമ്പ് വിശേഷ നാളുകളിൽ നാം മുറ്റം ചാണകം കൊണ്ട് മെഴുകുന്ന ഒരു സമ്പ്രദായമുണ്ടായിരുന്നു. ഇന്നും തമിഴ്‌നാട്ടിലെ ചില പ്രദേശങ്ങളിൽ ഇത്‌ നിലനിൽക്കുന്നുണ്ട്. പക്ഷേ ഇന്ന് ചാണകത്തിന്റെ സ്ഥാനത്ത് ‘ചാണകപ്പൊടി’ എന്ന രാസവസ്തുവാണ് ഉപയോഗിക്കുന്നത്. മുമ്പ് തിരുപ്പൂർ ഡൈയിങ് യൂണിറ്റുകളിൽ തുണികൾക്ക് മഞ്ഞ കലർന്ന പച്ചനിറം നൽകാൻ വ്യാപകമായി ഉപയോഗിച്ചിരുന്ന ഈ രാസവസ്തുവിന്റെ വിൽപന നിരോധിച്ചിട്ടുണ്ടെങ്കിലും കടകളിൽ ഇപ്പോഴും അത് സുലഭമാണ്. ധന്യയുടെ വീട്ടിലേക്കു പോകുന്ന പാതയ്ക്കിരുവശത്തുമുള്ള പല വീടുകളുടേയും മുറ്റവും റോഡും തിരുവോണ നാളായ അന്ന് ഈ ചാണകപ്പൊടി കൊണ്ട് മെഴുകിയിട്ടുണ്ടായിരുന്നു. കൊലപാതകിയായ ഷക്കീർ സംഭവസ്ഥലത്ത് എത്തുന്നതും ഈ ചാണകപ്പൊടിയും കൊണ്ടായിരുന്നു. കൃത്യം നടന്ന അടുക്കളയിൽ നിന്ന് ഒലിച്ചിറങ്ങിയ രക്തം പുറത്ത് തുളസിത്തറയിലും വ്യാപിച്ചിട്ടുണ്ടായിരുന്നു. തുളസിത്തറ മുഴുവനും കൊലപാതകി ചാണകപ്പൊടി വിതറിയിട്ടുണ്ടായിരുന്നു. വീടിനു വെളിയിൽ ഉപയോഗിക്കേണ്ട ചാണകപ്പൊടി വീട്ടിനുള്ളിൽ എങ്ങനെ എത്തി എന്ന ബന്ധുക്കളുടെ സന്ദേഹത്തിൽ നിന്നാണ് ഷക്കീർ തന്നെയാണ് അത്‌ കൊണ്ടുവന്നതാണെന്ന സംശയം ബലപ്പെട്ടത്. കാരണം ചാണകപ്പൊടി വിതറിയാൽ, അത് രൂക്ഷമായ രാസവസ്തുവായതിനാൽ ഡോഗ് സ്‌ക്വാഡിന് മണം പിടിക്കാൻ കഴിയില്ലെന്ന് ഷക്കീറിന് നന്നായി അറിയാമായിരുന്നിരിക്കണം. പിന്നീട് ഇയാളെ ഇതേ ചാണകപ്പൊടി കഴിച്ച് ആത്മഹത്യ ചെയ്യാൻ ശ്രമിച്ച നിലയിൽ പാലക്കാട്ടെ ഒരു ആശുപത്രിയിൽ നിന്ന്‌ പൊലീസ് പിടികൂടി കോയമ്പത്തൂർ മെഡിക്കൽ കോളെജിലേക്ക് മാറ്റുകയായിരുന്നു.
പെൺകുട്ടികൾ കൊല്ലപ്പെട്ടുകൊണ്ടേയിരിക്കുന്നു. ഈ കൊലപാതകികൾ ആത്മഹത്യക്ക് ശ്രമിക്കുകയോ ആത്മഹത്യ ചെയ്യുകയോ ചെയ്യുന്നു. അവിടം കൊണ്ട് എല്ലാം അവസാനിച്ചുവെന്ന് നാം കരുതുമ്പോൾ പുതിയൊരു ഷക്കീർ മറ്റൊരു ധന്യയെ അരിഞ്ഞു വീഴ്ത്താനുള്ള പദ്ധതികൾ ആസൂത്രണം ചെയ്യുകയാവും. പൗരാവകാശവും മനുഷ്യാവകാശവും സംരക്ഷിക്കേണ്ട ഭരണകൂടവും ഭരണയന്ത്രങ്ങളും നോക്കുകുത്തികളാകുന്നു. സമൂഹം സർക്കാരിനെ കുറ്റപ്പെടുത്തുന്നു. പക്ഷേ അതിലെല്ലാം ഉപരിയായി നാം എത്ര ജാഗരൂകരാണ്? പ്രണയാഭ്യർത്ഥന ഒരു പെൺകുട്ടി നിരസിച്ചാൽ കൊലപാതകം എന്ന അന്തിമവിധിക്ക് യുവാക്കളെ പ്രേരിപ്പിക്കുന്ന ഘടകം എന്താണ്? അത് തടയാൻ നാം കൈക്കൊള്ളേണ്ട നടപടികൾ എന്തൊക്കെയാണ്?
ഇതൊന്നും നമ്മെ ബാധിക്കില്ല എന്നു കരുതി ഒന്നിനും മുന്നിട്ടിറങ്ങാത്ത സമൂഹം തന്നെയാണ് ഇതിനെല്ലാം ഉത്തരവാദി. പക്ഷേ വേട്ടക്കാരനും ഇരയും തമ്മിലുള്ള ദൂരം ധന്യയുടെ വീടിനും അയൽപക്കത്തിനും ഇടയിലുള്ള അകലം മാത്രമാണെന്ന കാര്യം നാം ഓരോരുത്തരും ഓർക്കണം. ഇത്തരം നീചകൃത്യങ്ങൾ ചെയ്യുന്നവരെ ശിക്ഷിക്കാൻ പര്യാപ്തമായ വിധം നമ്മുടെ പഴകിത്തുരുമ്പിച്ച നിയമങ്ങൾ പുതുക്കണം. അത് ഒരു പെൺകുട്ടിക്കു നേരെ അരിവാൾ ഓങ്ങാൻ ആസൂത്രണം ചെയ്യുന്ന ഓരോ യുവാവിനേയും മാറ്റിചിന്തിക്കാൻ പ്രേരിപ്പിക്കണം. അതിന് ഭരണത്തിന്റെ ആലസ്യത്തിൽ മുഴുകിയിരിക്കുന്ന ജനപ്രതിനിധികളേയും അധികാരികളേയും ഓർമ്മപ്പെടുത്താൻ നാം ഓരോരുത്തരും ബാധ്യസ്ഥരാണ്.