ദിലീപ്, നിങ്ങളുടെ സ്ത്രീവിരുദ്ധതയും,ദ്വയാര്‍ത്ഥപ്രയോഗങ്ങളും ജനം ആവോളം സഹിച്ചു; പക്ഷെ കുറുക്കന്റെ ബുദ്ധിയുള്ള നിങ്ങളിലെ ‘വില്ലനെ’ ജനം തിരിച്ചറിഞ്ഞു

0

സല്ലാപം മുതല്‍ ഏറ്റവും ഒടുവില്‍ റിലീസ് ആയ ജോര്‍ജേട്ടന്‍സ് പൂരം വരെ, എവിടെയെങ്കിലും തള്ളികയറ്റാന്‍ നോക്കുന്ന സ്ത്രീവിരുദ്ധതയും അശ്ശീലംകലര്‍ന്ന ദ്വയാര്‍ത്ഥപ്രയോഗങ്ങളും ഇതായിരുന്നില്ലേ നമ്മള്‍ കണ്ടു തള്ളിയ ഒട്ടുമിക്ക ദിലീപ് സിനിമകളും. അതില്‍ പേരിനു മാറ്റിനിര്‍ത്താന്‍ കഴിയുന്നത്‌ വിരലില്‍ എണ്ണാവുന്ന ചില സിനിമകള്‍ മാത്രം.

പ്രമുഖ നടി അക്രമിക്കപെട്ട സംഭവത്തില്‍ ആഴ്ചകളോളം നീണ്ടു നിന്ന അകാംഷകള്‍ക്ക് വിരാമാമമിട്ടു ഇന്നലെ നടന്‍ ദിലീപ് അറസ്റ്റിലാകുമ്പോള്‍ കേരളജനതയ്ക്ക് ഒപ്പം ഞെട്ടിയത് അത് വരെ ആ നടന് വേണ്ടി അയാളുടെ മാസ്മരിക അഭിനയചാതുരിയില്‍ വീണു പോയത് കൊണ്ട് മാത്രം അയാള്‍ക്ക് വേണ്ടി വാദിച്ച സഹപ്രവര്‍ത്തകര്‍ കൂടിയാണ്. സാധാരണ ജനങ്ങളെ പോലെ തന്നെ കൂടെ നിന്നോരാളുടെ ഉള്ളില്‍ വിഷം തിരിച്ചറിഞ്ഞ നിമിഷം അവര്‍ ഞെട്ടിയെങ്കില്‍ അവിടെയാണ് ദിലീപ് എന്ന നടന്റെ ഉള്ളിലെ ക്രിമിനല്‍ എത്ര വലിയ വിഷജീവിയായിരുന്നു എന്ന സത്യം തിരിച്ചറിയുന്നത്.

സ്വകാര്യജീവിതത്തില്‍ കൈകടത്തി എന്ന പേരില്‍ നിങ്ങള്‍ ഗൂഡാലോചന നടത്തി വേട്ടക്കാരെ വിട്ടു നിങ്ങള്‍  അപമാനിച്ച ആ നടി, അവളുടെ ഉറച്ചതീരുമാനങ്ങള്‍ക്ക് മേല്‍ ദൈവം നല്‍കിയ വിധിയായിരുന്നു ഇന്നലെ ഉണ്ടായത്.ഇതൊരു തുടക്കം മാത്രം. ഈ കേസില്‍ ഇനിയും കുടുങ്ങാന്‍ ഉള്ളവര്‍ പുറത്തുനില്‍ക്കുന്നു എന്നാണു കേരളസമൂഹം ഒന്നടങ്കം വിശ്വസിക്കുന്നത്. വരും ദിവസങ്ങള്‍ ആ കാഴ്ച്ചയിലെക്കാകും നമ്മള്‍ കണ്ണും കാതും കൂര്‍പ്പിക്കുക.

ഒരു പെണ്‍കുട്ടിയുടെ അഭിമാനത്തിനു ഒന്നരകോടിയുടെ കോട്ടേഷന്‍ നല്‍കിയ നിങ്ങള്‍ക്ക് തെറ്റിയത് എവിടെയെന്നു ഇനിയുള്ള ജയില്‍ ജീവിതത്തില്‍ എങ്കിലും ഒന്ന് ചിന്തിച്ചു നോക്കണം മിസ്റ്റര്‍ ദിലീപ്. ഒന്നരകോടിയല്ല ഒരു പെണ്ണിന്റെ മാനത്തിനു വില. ഒന്നിനും കൊള്ളാത്ത ചില ഗുണ്ടകളെ വിട്ടു ഇല്ലാതാക്കാന്‍ കഴിയുന്നതും അല്ല ഒരു പെണ്ണിന്റെ ആത്മാഭിമാനം.

നിങ്ങളുടെ ആദ്യ ഭാര്യ ഒരിക്കല്‍ പോലും നിങ്ങളെ കുറിച്ചൊരു അക്ഷരം ഒരു മാധ്യമത്തിലും മോശമായി പറഞ്ഞു കേട്ടിട്ടില്ല. പക്ഷെ നിങ്ങളോ? ഒളിഞ്ഞും തെളിഞ്ഞും നിങ്ങളുടെ ഭാഗം നിങ്ങളെ ശരിയാക്കി കൊണ്ടിരുന്നു. അവരുടെ അവസരങ്ങള്‍ തട്ടിതെറിപ്പിക്കാന്‍ മൂന്നാംകിട കളി കളിച്ചു. നിങ്ങളുടെ താല്പര്യങ്ങള്‍ക്ക് അനുസരിച്ചു സൂപ്പര്‍ താരങ്ങളെ പോലും വരുതിയില്‍ കൊണ്ട് വന്നു. അതിനു ആരെയും കുറ്റം പറയാനാകില്ല.കാരണം കുറുക്കന്റെ ബുദ്ധിയുള്ള നിങ്ങളിലെ നടന്‍ അത്രയ്ക്ക് മനോഹരമായാണ് അഭിനയിച്ചു തകര്‍ത്തത്.

കേരള പോലിസിനെ, മാധ്യമങ്ങളെ നിങ്ങള്‍ വട്ടംകറക്കി. പക്ഷെ നിങ്ങളെക്കാള്‍ വലിയ അടവുകള്‍ പയറ്റിതെളിഞ്ഞവര്‍ ആണ് കേരള പോലിസ് എന്ന സത്യം നിങ്ങള്‍ വിസ്മരിച്ചു. മിമിക്രിയില്‍ തുടങ്ങി മലയാള സിനിമയുടെ ഗതി നിര്‍ണ്ണയിക്കുന്നിടം വരെ നിങ്ങള്‍ എത്തിനിന്നപ്പോള്‍ ഇനിയൊരു പതനം സ്വപ്നങ്ങളില്‍ പോലും നിങ്ങള്‍ കണ്ടുകാണില്ല.

ആക്രമിക്കപെട്ട പെണ്‍കുട്ടിയെ കുറിച്ചു ചാനലുകളില്‍ വന്നിരുന്നു വീണ്ടും വീണ്ടും വ്യക്തിഹത്യ നടത്തി രസിച്ച നിങ്ങളെ എങ്ങനെയാണ് സമൂഹം ഇനി കാണാന്‍ പോകുക. കുറഞ്ഞ പക്ഷം നിങ്ങള്‍ക്കും ഒരു മകള്‍ ഉണ്ടെന്നെങ്കിലും നിങ്ങള്ക്ക് ഓര്‍ക്കാമായിരുന്നു.

നിങ്ങളുടെ ചിത്രങ്ങള്‍ക്ക് കൈയടിച്ഛവര്‍ തന്നെ ഇന്നലെ നിങ്ങളുടെ സ്ഥാപനങ്ങള്‍ തല്ലിതകര്‍ത്തപ്പോള്‍, കൂടെ നിന്ന, നിങ്ങള്ക്ക് വേണ്ടി ഘോരഘോരം സംസാരിച്ചവര്‍ ഇന്ന് തള്ളി പറയുമ്പോള്‍ ഓര്‍ക്കണം ഇതെല്ലം നിങ്ങള്‍ അര്‍ഹിച്ചിരുന്നു എന്ന്. നിങ്ങളുടെ ഉള്ളിലെ ക്രിമിനലിനെ അറിയാന്‍ നിങ്ങളുടെ സിനിമകളിലേക്കു തന്നെ നോക്കിയാല്‍ മതിയാകും. അത്രത്തോളം സ്ത്രീവിരുദ്ധതയും അശ്ശീലപ്രയോഗങ്ങളും ആണ് അതിലെല്ലാം. ഉയരത്തില്‍ നിന്നുള്ള പതനത്തിനു ആക്കം കൂടുതലാണ്, എങ്കിലും അറിയാതെ പറഞ്ഞു പോകുന്നു ദിലീപ് നിങ്ങള്‍ ഇത് അര്‍ഹിച്ചിരുന്നു.