ദിലീപ് ഓൺലൈനിന് യു എ ഇയിൽ വിലക്ക്; അതിനിടയില്‍ ദിലീപിന്റെ വെബ്സൈററ് ഹാക്കർമാർ തകര്‍ത്തു

0

നടിയെ ആക്രമിച്ച കേസിലെ ഗൂഢാലോചനയുമായി ബന്ധപ്പെട്ട് അറസ്റ്റിലായ ദിലീപിന്റെ വെബ്സൈറ്റിന് യു എ ഇയിൽ വിലക്ക്. ദിലീപിൻറെ വെബ്സൈറ്റായ ദിലീപ് ഓൺലൈനാണ് യു എ ഇയിൽ വിലക്കേർപ്പെടുത്തിയത്.

നിരോധിക്കപ്പെട്ട ഉളളടക്കം വെബ്സൈറ്റിലുണ്ട് എന്ന് കാണിച്ചാണ് യു എ ഇയുടെ ഇന്റർനെറ്റ് ആക്സസ് മാനേജ്മെന്റ് പോളിസി പ്രകാരമാണ് വിലക്കേർപ്പെടുത്തിയത്. ഇതോടെ യു എ ഇയിലുള്ള ആരാധകർക്ക് ഇനി ദിലീപ് ഓണ്‍ലൈൻ കാണാൻ കഴിയില്ല.
ദിലീപ് അറസ്റ്റിലായതിന് പിന്നാലെ ഒരു സംഘം ആളുകൾ ചേർന്ന് ദീലിപിന്റെ വെബ്സൈറ്റായ ദിലീപ് ഓൺലൈൻ ഹാക്ക് ചെയ്തിരുന്നു. ദിലീപിന് വെൽക്കം ടു സെൻട്രൽ ജയിൽ എന്ന സന്ദേശവും ഹാക്കർമാർ പോസ്റ്റ് ചെയ്തു. ഇതേ പേരുള്ള ദിലീപ് സിനിമയിലെ ചിത്രമാണ് ഹാക്കർമാർ ഉപയോഗിച്ചത്. ഗൂഗിൾ സെർച്ചിൽ ദിലീപിനെ മലയാളി ക്രിമിനൽ എന്ന് വിശേഷിപ്പിച്ചത് സംബന്ധിച്ചും ദിലീപ് ഓൺലൈൻ വാർത്തകളില്‍ നിറഞ്ഞിരുന്നു.

നേരത്തെ നടന്റെ ഔദ്യോഗിക വെബ്‌സൈറ്റ് ഹാക്കര്‍മാര്‍ തകര്‍ത്തിരുന്നു. വെബ്‌സൈറ്റിന്റെ ഹോം പേജില്‍ അഴികള്‍ക്കുള്ളില്‍ നില്‍ക്കുന്ന ദിലീപിന്റെ ചിത്രങ്ങള്‍ പോസ്റ്റ് ചെയ്തിരുന്നു.  ദിലീപിന്റെ പുതിയ സിനിമകളുടെ വിശേഷങ്ങളും ചിത്രങ്ങളും സിനിമകളുടെ പട്ടികയും ജീവചരിത്രവുമെല്ലാം ഉള്‍ക്കൊള്ളുന്നതായിരുന്നു വെബ്സൈറ്റ്. ഹാക്ക് ചെയ്തതിന് ശേഷം ലിങ്കുകള്‍ പലതും തുറക്കാന്‍ സാധിക്കുന്നില്ല. ദിലീപിന്റെ മറ്റ് സംരഭങ്ങളായ ഗ്രാന്‍ഡ് പ്രൊഡക്ഷന്‍സ്, ഡി സിനിമാസ്, ദേ പുട്ട്, ജിപി ട്രസ്റ്റ് എന്നിവയുടെ ലിങ്കുകളും വെബ്സൈറ്റിലുണ്ട്. കാവ്യയുടെ ഫേസ് ബുക്ക് പേജാവട്ടെ ദിലീപ് അറസ്റ്റിലായതുമുതൽ പൊങ്കാല മൂലം ‘ദേ പോയി ദാ വന്നു’ എന്ന അവസ്ഥയിലാണ്.

അതേസമയം വ്യക്തിപരമായി സോഷ്യല്‍ മീഡിയകളില്‍ അഭിപ്രായപ്രകടനം നടത്തുന്നവര്‍ക്കെതിരെ കേസെടുക്കില്ല എന്ന് പോലിസ്. എന്നാല്‍ നടി ആക്രമിക്കപ്പെട്ട സംഭവത്തില്‍ അപകീര്‍ത്തിപരമായി പോസ്റ്റ് ഇടുകയും വാര്‍ത്ത നല്‍കുകയും ചെയ്യുന്നവര്‍ക്കെതിരെ പരാതി ലഭിച്ചാല്‍ നടപടി സ്വീകരിക്കുമെന്നും ഉന്നത പൊലീസ് കേന്ദ്രങ്ങള്‍ അറിയിച്ചു.നടന്‍ ദിലീപിന് അനുകൂലമായി സോഷ്യല്‍ മീഡിയയില്‍ വരുന്ന പോസ്റ്റുകള്‍ക്കെതിരെ പൊലീസ് നടപടി സ്വീകരിക്കുമെന്ന തരത്തില്‍ പുറത്ത് വരുന്ന വാര്‍ത്തകളുടെ പശ്ചാത്തലത്തിലാണ് വിശദീകരണം.