ദീപങ്ങളുടെ ഉത്സവം…

0

രാജ്യമെങ്ങും കൊറോണ ഭീതിയിലാണെങ്കിലും കോവിഡ് മാനദണ്ഡങ്ങൾ പാലിച്ചുകൊണ്ട്‌ ദീപാവലി ആഘോഷിക്കാൻ നാം ഒരുങ്ങി കഴിഞ്ഞു. തിന്മയുടെ മേൽ നന്മ വിജയം കൈവരിച്ചതിന്റെ ആഘോഷമാണ് ദീപാവലി…തുലാംമാസത്തിലെ അമാവാസി ദിവസമാണ് ദീപാവലി ആഘോഷിക്കുന്നത്. ദീപങ്ങളുടെ ഉത്സവമായതുകൊണ്ട് തന്നെ അതിനെ ദീപാവലി എന്ന് വിളിക്കുന്നതും. ഈ ആഘോഷത്തിനു പിന്നില്‍ നിരവധികഥകളുണ്ട്, നരകാസുരനെ ഭഗവാ൯ ശ്രീ മഹാവിഷ്‌ണു നിഗ്രഹിച്ചു എന്നുള്ളതാണ് അവയില്‍ ആത്മീയപരമായി പ്രചാരത്തിലുള്ള ഒരു കഥ.

രാവണ നിഗ്രഹത്തിനു ശേഷം അഗ്നിശുദ്ധി വരുത്തിയ സീതാദേവിയോടൊപ്പം ഭഗവാ൯ അയോദ്ധ്യയിലേയ്ക്ക്‌ മടങ്ങിയത് തുലാമാസത്തിലെ കറുത്തപക്ഷ ചതുര്‍ദ്ദശിയിലായിരുന്നു. പത്നി സമേതനായി തിരിച്ചെത്തിയ മഹാരാജാവിനെ ആഘോഷത്തോടെയാണ് അയോദ്ധ്യാവാസികള്‍ സ്വീകരിച്ചത്. ആ ഓര്‍മ്മ പുതുക്കലിലുടെ അത് ഭാരതത്തിലാകമാനമുള്ള ദേശീയോത്സവമായിത്തീര്‍ന്നു. ഇതാണ് ദീപാവലിക്കുപിന്നിലെ മറ്റൊരു കഥ.

ചില പ്രദേശങ്ങളില്‍ ദീപാവലി ദിനം യമധര്‍മനുള്ള അനുഷ്ഠാനങ്ങളെങ്കില്‍ ഉത്തരേന്ത്യന്‍ വ്യാപാരികള്‍ക്ക് ഇത് സാമ്പത്തിക വര്‍ഷാരംഭമാണ്. ഉത്തരേന്ത്യയില്‍ ദീപാവലി ആഘോഷം അഞ്ച് നാളുകള്‍ നീളുന്നുവെങ്കില്‍ ദക്ഷിണേന്ത്യയില്‍ ദീപാവലി ആഘോഷം പ്രധാനമായും ഒരു ദിവസം മാത്രമേയുള്ളൂ.

വ്യാപാരികളെ സംബന്ധിച്ചിടത്തോളം ദീപാവലി ധനത്തിന്‍റെ ഉത്സവമാണ്. ധനപൂജ അനുഷ്ഠിക്കേണ്ട ദിനം. വ്യാപാരികള്‍ക്ക് കടബാധ്യതയുള്ളവര്‍ അതു കൊടുത്തു തീര്‍ക്കുന്നത് അന്നാണ് ;വ്യാപരികളൂം കടം വീട്ടുന്ന ദിവസവും ദീപാവലിയാണ്. ഐശ്വര്യത്തിന്റെ ദേവതയായ ലക്ഷ്മീദേവിയെ ഭവനത്തിൽ കുടിയിരുത്താനാണ് ദീപാവലി ആചരിക്കുന്നത്.

അങ്ങനെ ദീപാവലി ആഘോഷങ്ങള്‍ക്ക് പുറകില്‍ നിരവധി കഥകളുണ്ട്. വീട്ടിലേക്ക് ഐശ്വര്യം കുടിയിരുത്താനായി നിറയെ ദീപങ്ങളും പടക്കങ്ങളുമൊക്കെയായി ദീപാവലി ഒരു ആഘോഷംതന്നെയാണ്. ദീപാവലിദിനത്തിൽ പുലർച്ചെയും സന്ധ്യയ്ക്കും അഷ്ടഗന്ധം, ദശാംഗം, കർപ്പൂരം, കുന്തിരിക്കം എന്നിവ പുകയ്ക്കുന്നതും ഐശ്വര്യം വർധിപ്പിക്കും, സന്ധ്യയ്ക്ക് നിലവിളക്കുവെച്ചശേഷം ചെരാതുകൾ തെളിയിക്കണം ചെരാതുകളുടെ എണ്ണം ഇരട്ടസംഖ്യയിലായിരിക്കണം. നാലിന്റെ ഗുണിത സംഖ്യയായാൽ, അതായത് നാല്, എട്ട്, പന്ത്രണ്ട് ,പതിനാറ് എന്നീ ക്രമത്തിലായാൽ അത്യുത്തമം.

നരകാസുരവധം മുതല്‍ ഒട്ടനവധി ഐതീഹ്യങ്ങൾ ദീപാവലിക്ക് പിന്നിലുണ്ടെങ്കിലും ദുര്‍ഗാദേവിയുടെ നരകാസുരവധകഥയ്ക്കാണ് കൂടുതല്‍ പ്രചാരം. ഐശ്വര്യത്തിന്റേയും സമൃദ്ധിയുടേയും പ്രതീകം എന്ന രീതിയിലാണ് ദീപാവലി ആഘോഷിക്കുന്നത്. ആചാരങ്ങള്‍ ഓരോ സംസ്ഥാനങ്ങളിലും പലതാണെങ്കിലും ആഘോഷങ്ങള്‍ക്ക് യാതൊരു മാറ്റവും ഇല്ല.