ദോഹ-കോഴിക്കോട് എയർ ഇന്ത്യ എക്സ്പ്രസ്സ് അനിശ്ചിതമായി വൈകുന്നു; ഉച്ചയ്ക്ക് 12.35ന് പുറപ്പെടേണ്ട വിമാനം രാത്രി പുറപ്പെടുമെന്ന് അറിയിപ്പ്

0

ദോഹ :ഇന്ന് ഉച്ചയ്ക്ക് 12.35 പുറപ്പെടേണ്ടിയിരുന്ന ദോഹ-കോഴിക്കോട് വിമാനം അനിശ്ചിതമായി വൈകുന്നതിനെ തുടർന്ന് യാത്രക്കാർ ബുദ്ധിമുട്ടിലായി. ദോഹയിൽ നിന്നും കോഴിക്കോട്ടേക്കുള്ള IX 376 വിമാനമാണ് വൈകുന്നത്. പെരുന്നാൾ അവധി കൂടി കണക്കിലെടുത്ത് കുറഞ്ഞ ദിവസത്തേക്ക് നാട്ടിലേക്ക് പോകുന്ന പ്രവാസികളാണ് ഇതോടെ ദുരിതത്തിലായത്.

ഏതാനും മണിക്കൂറുകൾ വൈകുമെന്നാണ് ആദ്യം അറിയിപ്പ് ലഭിച്ചതെന്നും ഇതേതുടർന്ന് വിമാനത്താവളത്തിൽ തന്നെ കാത്തിരിക്കാമെന്നും കരുതിയ നിരവധി യാത്രക്കാർ മണിക്കൂറുകൾക്ക് ശേഷമാണ് താമസ സ്ഥലത്തേക്ക് മടങ്ങിയത്. പെരുന്നാൾ അവധിയായതിനാൽ നേരത്തെ വിമാനത്താവളത്തിൽ എത്തണമെന്ന നിർദേശത്തെ തുടർന്ന് രാവിലെ തന്നെ വിമാനത്താവളത്തിൽ എത്തിയ യാത്രക്കാരുണ്ട്.

എന്നാൽ രാത്രി 11.23 ന് മാത്രമേ വിമാനം പുറപ്പെടുകയുള്ളൂ എന്നാണ് യാത്രക്കാർ അവസാനമായി ലഭിച്ച അറിയിപ്പ്. കഴിഞ്ഞ ഏതാനും ദിവസങ്ങളായി നാട്ടിലേക്കുള്ള എയർ ഇന്ത്യ എക്സ്പ്രസ്സ് ഒന്നോ രണ്ടോ മണിക്കൂർ വൈകുന്നത് പതിവാണ്.