ദോഹ-തിരുവനന്തപുരം വിമാനം നാളെ ഖത്തറില്‍നിന്ന് പുറപ്പെടും

0

വന്ദേ ഭാരത് മിഷന്റെ ഭാഗമായി ഖത്തറില്‍നിന്നുള്ള പ്രവാസികളെ തിരികെ കൊണ്ടുവരാനായുള്ള ഞായറാഴ്ച മുടങ്ങിയ ദോഹ-തിരുവനന്തപുരം വിമാനം നാളെ ഖത്തറില്‍നിന്ന് പുറപ്പെടും. ചൊവ്വാഴ്ച ഇന്ത്യന്‍ സമയം രാത്രി ഏഴുമണിക്കാണ് വിമാനം ഖത്തറില്‍നിന്ന് പുറപ്പെടുക. ബുധനാഴ്ച പുലര്‍ച്ചെ 12.40ന് വിമാനം തിരുവനന്തപുരത്തെത്തും. ഖത്തറിലെ ഇന്ത്യന്‍ എംബസി ഔദ്യോഗിക ട്വിറ്റര്‍ പേജിലൂടെ ഇക്കാര്യം സ്ഥിരീകരിച്ചിട്ടുണ്ട്.

കേന്ദ്ര വിദേശകാര്യമന്ത്രാലയും നോര്‍ക്കയും ഇക്കാര്യം സ്ഥിരീകരിച്ചിട്ടുണ്ട്. പുതിയ യാത്രാസമയവും മറ്റ് വിവരങ്ങളും ഉടന്‍ യാത്രക്കാരെ അറിയിച്ചേക്കും. റൂം ഒഴിവാക്കി എയര്‍പോര്‍ട്ടിലെത്തിയ 15 യാത്രക്കാരെ ഇന്നലെ ദോഹയിലെ സ്വകാര്യ ഹോട്ടലിലേക്ക് മാറ്റിയിരുന്നു. അതിനിടെ എക്സിറ്റ് പെര്‍മിറ്റ് ആവശ്യമുള്ളവര്‍ക്കും, വിവിധ കാരണങ്ങളാല്‍ യാത്രാ തടസ്സമുള്ളവര്‍ക്കും യാത്ര ചെയ്യാന്‍ കഴിഞ്ഞേക്കില്ലെന്നും എംബസി അറിയിച്ചിട്ടുണ്ട്.

വിമാനം മുടങ്ങിയത് വലിയ വിവാദങ്ങള്‍ക്ക് വഴിവെച്ചിരുന്നു. തുടര്‍ന്ന് ഇന്ത്യന്‍ വ്യോമയാന മന്ത്രാലയവും ഖത്തര്‍ അധികൃതരും തമ്മില്‍ ചര്‍ച്ചകള്‍ നടത്തിയതിനുപിന്നാലെയാണ് സര്‍വീസ് പുനരാരംഭിക്കുന്ന കാര്യത്തില്‍ തീരുമാനമായത്.