ട്രംപ് ലൈംഗികമായി പീഡിപ്പിച്ചു; ലൈംഗിക ആരോപണവുമായി മുന്‍ മോഡല്‍

0

വാഷിംഗ്ടണ്‍: അമേരിക്കന്‍ പ്രസിഡന്റ് ഡോണള്‍ഡ് ട്രംപിനെതിരെ ലൈംഗിക ആരോപണവുമായി മുന്‍ മോഡല്‍ രംഗത്ത്. മുന്‍ മോഡലായ ആമി ഡോറിസ് ആണ് ട്രംപ് തന്നെ പീഡിപ്പിച്ചെന്ന ആരോപണവുമായി രംഗത്ത് വന്നിരിക്കുന്നത്. ദ ഗാര്‍ഡിയന് നല്‍കിയ അഭിമുഖത്തിലാണ് ആമി ഡോറിസ് ആരോപണമുന്നയിച്ചത്.

തന്റെ 24ാം വയസിലാണ് ട്രംപിൽ നിന്ന് ലൈംഗിക അതിക്രമം നേരിടേണ്ടി വന്നതെന്ന് അവർ വ്യക്തമാക്കിയിരിക്കുന്നത്. 1997 സെപ്തംബറിലാണ് സംഭവം നടന്നതെന്നും ആമി ഡോറിസ് പറഞ്ഞു. ന്യൂയോർക്കിൽ നടന്ന യുഎസ് ഓപ്പൺ ടെന്നീസ് ടൂർണമെന്റിൽ ട്രംപിന്റെ വിഐപി ബോക്സിലെ ബാത്ത്റൂമിന് പുറത്തുവെച്ചാണ് തനിക്ക് നേരെ ലൈംഗികാതിക്രമം ഉണ്ടായതെന്നും അവർ പറ‍ഞ്ഞു.സംഭവം വര്‍ഷങ്ങളോളം തന്നെ മാനസികമായി വേട്ടയാടിയെന്നും അവര്‍ പറയുന്നു. എന്നാല്‍ ഡോണള്‍ഡ് ട്രംപ് ആരോപണം നിഷേധിച്ചു.

1997 സെപ്റ്റംബറിൽ ന്യൂയോർക്കിൽ നടന്ന യുഎസ് ഓപ്പൺ ടെന്നിസ് ടൂർണമെന്റിനിടെയാണ് സംഭവം. അന്ന് എനിക്ക് 24 വയസ്സാണ് പ്രായം. ആ സമയത്ത് ട്രംപിന് 51 വയസായിരിക്കണം. അന്ന് അദ്ദേഹം രണ്ടാം ഭാര്യ മർല മാപ്പിൾസിനെ വിവാഹം ചെയ്തിരുന്നു– ആമി ഡോറിസ് പറഞ്ഞു. തള്ളിമാറ്റാൻ കഴിയാത്ത വിധം അയാൾ എന്റെ ശരീരത്തിൽ മുറുകെ പിടിച്ചു. മാറിടത്തിലും നിതംബത്തിലും സ്പർശിച്ചു. ഡോറിസ് പറഞ്ഞു. ട്രംപിനോടൊപ്പമുള്ള ഫോട്ടോകളും യുഎസ് ഓപ്പൺ ടിക്കറ്റും ഇവർ തെളിവായി ഹാജരാക്കിയിട്ടുണ്ട്. ട്രംപിനെതിരെ ലൈംഗിക പീഡന ആരോപണം ഉന്നയിച്ച് രംഗത്തെത്തിയ 26-ാമത്തെ വനിതയാണ് ഡോറിസ്. 48 കാരിയായ ആമി ഡോറിസ് ഇരട്ട പെൺകുട്ടികളുടെ അമ്മയാണ്.

അതേസമയം മോഡലിന്റെ ആരോപണം ട്രംപിന്റെ അഭിഭാഷകന്‍ തള്ളി. ആരോപണത്തിന് വിശ്വാസ്യതയില്ലെന്നും പൊതുയിടത്ത് നടന്ന സംഭവത്തിന് സാക്ഷികളില്ലേയെന്നും അഭിഭാഷകന്‍ ചോദിച്ചു. അവര്‍ ആരോപിക്കുന്ന സംഭവത്തിന് ശേഷം നിരന്തരമായി അവര്‍ എന്തിനാണ് ട്രംപിനെ വന്നുകണ്ടതെന്നും അഭിഭാഷകന്‍ പറഞ്ഞു.