സംസ്ഥാനത്ത് നാളെ ബജറ്റ് അവതരണം; ക്ഷേമപദ്ധതികൾക്ക് സാധ്യത

0

തിരുവനന്തപുരം: സംസ്ഥാന ബജറ്റ് നാളെ. ബജറ്റില്‍ കോവിഡ് വാക്‌സിന്‍ സംബന്ധിച്ച പ്രഖ്യാപനം ഉണ്ടാകില്ലെന്ന് ധനമന്ത്രി തോമസ് ഐസക്ക്. നികുതി ഇളവ്, ക്ഷേമപെന്‍ഷന്‍ വര്‍ധന, കര്‍ഷകര്‍ക്കുള്ള സഹായം എന്നിവ ബജറ്റിലുണ്ടാകുമെന്ന് മന്ത്രി വ്യക്തമാക്കി. ബജറ്റിന് മുന്നോടിയായി സാമ്പത്തിക അവലോകന റിപ്പോർട്ട് ഇന്ന് നിയമസഭയിൽ വെയ്ക്കും.

കടുത്ത സാമ്പത്തിക പ്രതിസന്ധിക്കിടെയാണ് നാളെ ബജറ്റ് അവതരണം നടക്കുന്നത്. തൊഴിലില്ലായ്മ, കൊവിഡ് പ്രതിരോധം, ക്ഷേമപദ്ധതികൾ എന്നിവയിലൂന്നിയുള്ള പ്രഖ്യാപനങ്ങൾക്കാണ് സാധ്യതയേറെ കാണുന്നത്. ധനമന്ത്രി ഡോ. ടി.എം. തോമസ് ഐസകിന്റെ 12-ാമത്തെ ബജറ്റും ഈ സര്‍ക്കാരിന്റെ അവസാനത്തെ ബജറ്റുമാണ് നാളെ അവതരിപ്പിക്കാന്‍ പോകുന്നത്.

എൽ ഡി എഫ് സർക്കാർ അവസാന ബജറ്റ് അവതരിപ്പിക്കാനിരിക്കെ സാമ്പത്തിക വളർച്ച മൈനസ് 3 ശതമാനം പിന്നിട്ടു. ധനകമ്മി കുറച്ച് കൊണ്ടുവന്നെങ്കിലും കൊവിഡ് സൃഷ്ടിച്ച പ്രതിസന്ധിയാണ് സാമ്പത്തിക സ്ഥിതി രൂക്ഷമാക്കിയത്. പ്രവാസികളുടെ മടക്കത്തിൽ വിദേശ വരുമാനം കുറഞ്ഞു എന്നത് ഇതിന്റെ ഒരു പ്രധാന കാരണമാണ്. അതുകൂടാതെ വിവിധ വകുപ്പുകൾക്കായുള്ള നീക്കിയിരുപ്പിൽ കുറവ് ഉറപ്പിക്കുമ്പോൾ കൊവിഡ് ചെലവുകൾക്കായി ഭീമമായ തുക ഇനിയും നീക്കിവെക്കേണ്ടതായിട്ടുണ്ട്.

വീട്ടമ്മമാർക്ക് വരുമാനം എത്തിക്കുന്ന പദ്ധതി, ക്ഷേമ പെൻഷൻ തുക ഉയർത്തൽ, കാർഷികം, ടൂറിസം, പരമ്പരാഗത വ്യവസായം എന്നീ മേഖലകളിളെല്ലാം എടുക്കാനിരിക്കുന്ന പുതിയ തീരുമാനങ്ങളാണ് ഈ ബജറ്റിൽ പ്രധാനം.