ദ്രൗപതി മുര്‍മു രാഷ്ട്രപതിയായി സത്യപ്രതിജ്ഞ ചെയ്തു

0

ഇന്ത്യയുടെ പതിനഞ്ചാം രാഷ്ട്രപതിയായി ദ്രൗപതി മുര്‍മു ചുമതലയേറ്റു. പാര്‍ലമെന്റിലെ സെന്‍ട്രല്‍ ഹാളില്‍ വച്ചു നടന്ന ചടങ്ങില്‍ ചീഫ് ജസ്റ്റിസ് എന്‍.വി.രമണയാണ് മുര്‍മുവിന് സത്യവാചകം ചൊല്ലിക്കൊടുത്തത്. ദൈവനാമത്തിലായിരുന്നു ദ്രൗപതി മുര്‍മുവിന്റെ സത്യപ്രതിജ്ഞ. ഇതൊരു വലിയ ഉത്തരവാദിത്തമാണെന്നും അതു നിറവേറ്റുമെന്നും രാഷ്ട്രപതിയായി ചുമതലയേറ്റ ശേഷം രാജ്യത്തോടായി നടത്തിയ ആദ്യത്തെ അഭിസംബോധനയില്‍ ദ്രൗപതി മുര്‍മു പറഞ്ഞു.

ദ്രൗപതി മുര്‍മുവിനെ ഇന്ത്യയുടെ പുതിയ രാഷ്ട്രപതിയായി തിരഞ്ഞെടുത്തതോടെ ചരിത്രപുസ്തകത്തില്‍ രചിക്കപ്പെട്ടത് പുതിയ താളുകള്‍. ഗോത്രവര്‍ഗക്കാരിയായ ആദ്യ രാഷ്ട്രപതിയാണ് ദ്രൗപതി മുര്‍മു. ഒപ്പം രാജ്യത്തെ രണ്ടാമത്തെ വനിതാ രാഷ്ട്രപതിയും. വന്‍ പിന്തുണയോടെയാണ് സന്താള്‍ ആദിവാസി വിഭാഗത്തില്‍ നിന്നുള്ള മുര്‍മു രാഷ്ട്രപതി ഭവനിലേക്ക് നടന്നുകയറിയത്.

പട്ടിണിയോടും ദാരിദ്ര്യത്തോടും പടവെട്ടിയാണ് അവര്‍ ജീവിത യാത്ര തുടങ്ങിയത്. ജാര്‍ഖണ്ഡില്‍ കാലാവധി പൂര്‍ത്തിയാക്കിയ ആദ്യത്തെ ഗവര്‍ണറായിരുന്നു മുര്‍മു. രാജ്യത്ത് ഗവര്‍ണര്‍ പദവിയിലെത്തുന്ന ആദിവാസി വിഭാഗത്തില്‍നിന്നുള്ള ആദ്യ വനിതയും. 2015 മുതല്‍ 2021 വരെയായിരുന്നു കാലാവധി. അധ്യാപക ജീവിതത്തില്‍ നിന്നാണ് മുര്‍മു രാഷ്ട്രീയത്തിലേക്ക് എത്തിയത്. ഒഡീഷയിലെ ഭുവനേശ്വര്‍ രമാദേവി സര്‍വകലാശാലയില്‍ നിന്നായിരുന്നു ഉന്നത വിദ്യാഭ്യാസം നേടിയത്.

1997ല്‍ റായ്റംഗ്പൂരിലെ നഗര സഭാ കൗണ്‍സിലറായി മത്സര രംഗത്തേക്കിറങ്ങി. വിജയത്തോടെ തുടക്കം. തുടര്‍ന്ന് നഗരസഭാ ചെയര്‍പേഴ്സണായും പ്രവര്‍ത്തിച്ചു. നിയമ സഭയിലേക്കായി അടുത്ത അങ്കം. റായ്റംഗ്പുര്‍ മണ്ഡലത്തില്‍നിന്ന് ബി.ജെ.പി ടിക്കറ്റില്‍ എം. എല്‍. എആയി. ബി.ജെ.പി- ബി. ജെ.ഡി സംയുക്ത മന്ത്രിസഭയില്‍ സഹമന്ത്രിയായിരുന്നു. ഗതാഗത, വാണിജ്യ, ഫിഷറീസ് വകുപ്പുകളാണ് കൈകാര്യം ചെയ്തത്. പാര്‍ട്ടിക്കുള്ളിലും നിരവധി സുപ്രധാന പദവികള്‍ മുര്‍മു വഹിച്ചിട്ടുണ്ട്.

1997ല്‍ എസ്.ടി മോര്‍ച്ച സംസ്ഥാന വൈസ് പ്രസിഡന്റായി. 2013 മുതല്‍ 2015 വരെ എസ്.ടി. മോര്‍ച്ചയുടെ ദേശീയ നിര്‍വാഹക സമിതിയംഗമായിരുന്നു. രാഷ്ട്രീയത്തിലെ നേട്ടങ്ങള്‍ മുര്‍മുവിനെ തേടിയെത്തുമ്പോഴും സ്വകാര്യ ജീവിതത്തില്‍ നഷ്ടങ്ങള്‍ മാത്രമായിരുന്നു അവര്‍ക്ക് സ്വന്തം. ഭര്‍ത്താവിന്റെയും രണ്ട് ആണ്‍മക്കളുടെയും മരണത്തിന് സാക്ഷിയാകേണ്ടി വന്നു. ഹൃദയ സ്തംഭനത്തെത്തുടര്‍ന്ന് ഭര്‍ത്താവ് ശ്യാം ചരണ്‍ മുര്‍മുവിന്റെ വിയോഗമാണ് ആദ്യം നേരിടേണ്ടിവന്നത്. അതിന്റെ ഞെട്ടല്‍ മാറും മുമ്പായിരുന്നു മൂത്തമകന്‍ ലക്ഷ്മണിനെ മരണം തട്ടിയെടുത്തത്. കിടക്കയില്‍ അബോധാവസ്ഥയില്‍ കണ്ട ലക്ഷ്മണിനെ ഉടന്‍ ആശുപ്രതിയില്‍ എത്തിച്ചെങ്കിലും ജീവന്‍ രക്ഷിക്കാനായില്ല. പിന്നീട് 2012ല്‍ ഒരു റോഡപകടത്തില്‍ ഇളയ മകനേയും മരണം കൊണ്ടുപോയി. ബാങ്ക് ഉദ്യോഗസ്ഥയായ ഒരു മകള്‍ കൂടിയുണ്ട്. ഒഡീഷയിലെ മയൂര്‍ഭഞ്ച് ജില്ലയിലെ റായ് രംഗ്പൂരില്‍ നിന്ന് 20 കിലോമീറ്റര്‍ അകലെ സ്ഥിതി ചെയ്യുന്ന ഉപര്‍ബെഡയാണ് മുര്‍മുവിന്റെ ജന്മഗ്രാമം. ഇവരുടെ തറവാട്ടുവീട് ഇപ്പോഴും ഇവിടെയുണ്ട്. ഇപ്പോള്‍ അനന്തരവന്‍ ദുലാറാം ടുഡുവാണ് ഇവിടെ താമസിക്കുന്നത്.