ഷാര്‍ജയിലേക്ക് പോകുന്നവര്‍ക്ക് ഇനി ഡ്രൈവിങ് ലൈസന്‍സ് കേരളത്തില്‍ നിന്നെടുക്കാം

0

ഡ്രൈവിങ് ജോലിക്കായി ഷാര്‍ജയിലേക്ക് പോകുന്നവര്‍ക്ക് ഇനി ഡ്രൈവിങ് ലൈസന്‍സ് കേരളത്തില്‍ നല്‍കാന്‍ നടപടിയാവുന്നു. ഷാര്‍ജ സർക്കാരാണ് ഈ പദ്ധതി രൂപീകരിച്ചത് ഷാര്‍ജയില്‍നിന്നുള്ള ഉദ്യോഗസ്ഥര്‍ കേരളത്തില്‍ താമസിച്ച്‌ ടെസ്റ്റ് നടത്തി ഇവിടെവെച്ചു ലൈസന്‍സ് നല്‍കുന്ന സംവിധാനമാണ് നടപ്പിലാക്കുന്നത്.

ശാസ്ത്രീയമായ ഡ്രൈവിങ് പരിശീലനത്തിനായി എടപ്പാളില്‍ പ്രവര്‍ത്തിക്കുന്ന ഡ്രൈവര്‍ ട്രെയിനിങ് ഇന്‍സ്റ്റിറ്റിയൂട്ട് (ഐ,ഡി.ടി.ആര്‍.) സന്ദര്‍ശിക്കാനെത്തിയ ട്രാന്‍സ്പോര്‍ട്ട് കമ്മിഷണര്‍ കെ.എ. പദ്മകുമാറാണ് ഇക്കാര്യമറിയിച്ചത്. വിദേശത്ത് ജോലിക്കുപോകുന്ന മലയാളി ഡ്രൈവര്‍മാര്‍ക്ക് ബാലികേറാമലയാണ് അവിടുത്തെ ഡ്രൈവിങ് ടെസ്റ്റുകള്‍. ഷാര്‍ജയിലെ ഭരണാധികാരിയുടെ കേരള സന്ദര്‍ശനവേളയില്‍ ഇതിനുള്ള പരിഹാരമായി മുഖ്യമന്ത്രി അവതരിപ്പിച്ചതാണ് ഈ പദ്ധതി. ഇതിനുള്ള അംഗീകാരമാണ് ഇപ്പോള്‍ ലഭ്യമായിട്ടുള്ളത്.

വിദേശത്ത് ഇടതുവശത്തിരുന്ന് വാഹനമോടിക്കുന്ന രീതിയാണുള്ളത്. ഇവിടെ ടെസ്റ്റ് നടത്തുമ്പോൾ ഇക്കാര്യത്തില്‍ എന്തുപരിഹാരം കാണാനാകുമെന്ന കാര്യത്തില്‍ ചര്‍ച്ചകള്‍ നടക്കുകയാണ്. കേരളത്തില്‍ ഷാര്‍ജ ഉദ്യോഗസ്ഥര്‍ക്ക് താമസിച്ച്‌ ടെസ്റ്റ് നടത്താനുള്ള സൗകര്യമുള്ള സ്ഥലമെന്ന നിലയില്‍ എടപ്പാള്‍ ഐ.ഡി.ടി.ആര്‍. ആണ് മുഖ്യപരിഗണനയിലുള്ള സ്ഥലം. കേരളത്തിലുള്ള 2775 ഡ്രൈവിങ് പരിശീലന കേന്ദ്രത്തിലെ ഓരോ പരിശീലകര്‍ക്ക് അഞ്ചുദിവസം വീതം ശാസ്ത്രീയമായ ഡ്രൈവിങ് പരിശീലനം നല്‍കാനുള്ള നടപടികളും ആരംഭിക്കും.