ഡ്രോണുകള്‍ക്ക് ഖത്തറില്‍ വിലക്ക്

0

 അനുമതിയില്ലാതെ ആളില്ലാ വിമാനങ്ങള്‍ (ഡ്രോണ്‍ ) പറത്തുന്നത് ഖത്തര്‍ സിവില്‍ ഏവിയേഷന്‍ (സി.എ.എ.) നിരോധിച്ചു.ആകാശത്തുനിന്നുള്ള ചിത്രങ്ങള്‍ എടുക്കുന്നത് രാജ്യത്ത് പതിവായ സാഹചര്യത്തിലാണ് ഡ്രോണുകള്‍ ഉപയോഗിക്കുന്നതിന് വിലക്കേര്‍പ്പെടുത്താന്‍ അധികൃതര്‍ തീരുമാനിച്ചത്.

പ്രമുഖ വ്യാപാരസമുച്ചയങ്ങള്‍, സൂപ്പര്‍ മാര്‍ക്കറ്റുകള്‍, ഹൈപ്പര്‍ മാര്‍ക്കറ്റുകള്‍ എന്നിവിടങ്ങളില്‍ നിന്നായി ലഭിക്കുന്ന ഡ്രോണുകള്‍ ഉപയോഗിച്ച് വിനോദമെന്ന നിലയിലാണ് പലരും ആകാശചിത്രങ്ങള്‍ പകര്‍ത്തുന്നത്.  എന്നാല്‍ ഡ്രോണുകളുടെ ഉപയോഗം സുരക്ഷാഭീഷണി ഉയര്‍ത്തുന്ന സാഹചര്യം ഉള്ളതിനാലാണ് നിരോധനം . ഡ്രോണ്‍ ഉപയോഗിക്കുന്നവര്‍ നിയമനടപടികള്‍ ഒഴിവാക്കുന്നതിനായി ഉത്തരവ് പാലിക്കണമെന്നും സി.എ.എ. നിര്‍ദേശിച്ചു.യു.എ.ഇ.യില്‍ ക്യാമറയുള്ള ഡ്രോണ്‍ ഉപയോഗിക്കുന്നവര്‍ ജനറല്‍ സിവില്‍ ഏവിയേഷന്‍ അതോറിറ്റിയില്‍ രജിസ്റ്റര്‍ ചെയ്യണമെന്ന ഉത്തരവ് കഴിഞ്ഞ വര്‍ഷം ഏപ്രില്‍ മുതല്‍ പ്രാബല്യത്തിലുണ്ട്.