എയര്‍പോര്‍ട്ട് നവീകരണം; ദുബൈയിൽ നിന്നും കേരളത്തിലേയ്ക്ക് പുറപ്പെടുന്ന വിമാനങ്ങളടക്കം പുനഃക്രമീകരിച്ചു

0

ദുബൈ: ദുബൈ രാജ്യാന്തര വിമാനത്താവളത്തിലെ റൺവേ നവീകരിക്കുന്നതിന്‍റെ ഭാഗമായി ഇന്ന് മുതൽ മെയ് മുപ്പതുവരെ നാൽപ്പത്തിയഞ്ച് ദിവസത്തേക്ക് കേരളത്തിലേതടക്കമുള്ള വിമാനസർവ്വീസുകളിൽ മാറ്റം. ഷാർജ, ദുബൈ അൽ മക്തും വിമാനത്താവളങ്ങളിലേക്കാണ് സർവ്വീസുകൾ മാറ്റുന്നത്. ദുബൈ രാജ്യാന്തര വിമാനത്താവളത്തിലെ രണ്ടു റൺവേകളിൽ ഒരെണ്ണമാണ് അടച്ചിടുന്നത്.
ദുബൈ വഴിയുള്ള എയർ ഇന്ത്യ എക്സ്പ്രസിന്‍റെ ദുബൈ – കൊച്ചി വിമാനസർവ്വീസ് ഷാർജ വഴിയാക്കും. എയർ ഇന്ത്യ എക്സ്പ്രസ് നാന്നൂറ്റി മുപ്പത്തിനാല്, നാന്നൂറ്റി മുപ്പത്തിയഞ്ച് ദുബൈ – കൊച്ചി, കൊച്ചി – ദുബൈ വിമാനങ്ങൾ ഷാർജയിൽ നിന്നായിരിക്കും സർവ്വീസ് നടത്തുന്നത്. ഇന്ത്യയുടെ ദുബൈ – മുംബൈ, ദുബൈ – ചെന്നെ, ദുബൈ – ബാംഗ്ളൂർ – ഗോവ വിമാനസർവ്വീസുകളും ഷാർജ വഴിയായിരിക്കും സർവ്വീസ് നടത്തുന്നത്. പ്രതിദിനം 145 യാത്രാ വിമാനങ്ങളുടെ സർവ്വീസുകൾ ദുബൈ ജബൽ അലി അൽ മക്തും വിമാനത്താവളത്തിലേയ്ക്ക് മാറ്റും. ഫ്ളൈ ദുബൈ, വിസ് എയർ, ഇൻഡിഗോ, സ്പൈസ് ജെറ്റ്, ഗൾഫ് എയർ, കുവൈത്ത് എയർലൈൻസ് തുടങ്ങിയവ അൽ മക്തും വിമാനത്താവളത്തിൽ നിന്നായിരിക്കും സർവ്വീസ് നടത്തുന്നത്.