രാജകീയ വിവാഹങ്ങൾക്കൊരുങ്ങി ദുബായ്; ചിത്രങ്ങൾ

0

ദുബായ്: യുഎഇ വൈസ് പ്രസിഡന്റും പ്രധാനമന്ത്രിയും ദുബായ് ഭരണാധികാരിയുമായ ശൈഖ് മുഹമ്മദ് ബിന്‍ റാഷിദ് അല്‍ മക്തൂമിന്റെ മൂന്ന് പുത്രന്മാരുടെ വിവാഹ ചടങ്ങുകള്‍ക്കായി നവവധുവിനെ പോലെ അണിഞ്ഞൊരുങ്ങി സാബീൽ കൊട്ടാരവും ദുബായ് നഗരംവുമൊരുങ്ങിക്കഴിഞ്ഞു. ചെറിയ പെരുന്നാള്‍ അവധിക്കാലത്താണ് വിവാഹം. നേരത്തെ മേയ് 15ന് സ്വകാര്യ ചടങ്ങില്‍ വെച്ച് ഇസ്ലാമിക രീതിയിലുള്ള വിവാഹ ചടങ്ങുകളും വിവാഹ കരാറില്‍ ഒപ്പുവെയ്ക്കലും നടന്നിരുന്നു.

ദുബായ് കിരീടാവകാശിയും എക്സിക്യൂട്ടീവ് കൗൺസിൽ ചെയർമാനുമായ ശൈഖ് ഹംദാൻ ബിൻ മുഹമ്മദ് ബിൻ റാഷിദ് അൽ മക്തൂം ദുബായ് ഡെപ്യൂട്ടി ഭരണാധികാരി ശൈഖ് മക്തൂം ബിൻ മുഹമ്മദ് ബിൻ റാഷിദ് അൽ മക്തൂം നോളജ് ഫൗണ്ടേഷൻ ചെയർമാൻ ശൈഖ് അഹ്മദ് ബിൻ മുഹമ്മദ് ബിൻ റാഷിദ് അൽ മക്തൂം എന്നിവരാണ് ഈ മാസം 15നാണ് മതപരമായ ചടങ്ങിൽ വിവാഹിതരായത്. കുടുംബാംഗങ്ങൾ മാത്രമേ ഇതിൽ പങ്കെടുത്തുള്ളൂ.

ദുബായ് വേള്‍ഡ് ട്രേ‍ഡ് സെന്ററില്‍ വെച്ച് ജൂണ്‍ ആറിനാണ് വിവാഹാഘോഷ ചടങ്ങുകള്‍. ജിസിസി രാജ്യങ്ങളിലെ ഭരണാധികാരികളും രാജകുടുംബാംഗങ്ങളും ഉള്‍പ്പെടെ ആയിരക്കണക്കിന് അതിഥികള്‍ വൈകുന്നേരം നാല് മണിക്ക് ആരംഭിക്കുന്ന ചടങ്ങിലെത്തും. യുഎഇയിലെ രീതി അനുസരിച്ച് സ്ത്രീകള്‍ക്കും പുരുഷന്മാര്‍ക്കുമായി പ്രത്യേക ആഘോഷ വേദികളാണ് സജ്ജീകരിക്കാറുള്ളത്.

വരന്റെ ഭാഗത്തുള്ള ആഘോഷങ്ങളെക്കാള്‍ വിപുലമായതായിരിക്കും വധുവിന്റെ ഭാഗത്തുണ്ടാവുക. എന്നാല്‍ വധു, വരന്റെ ഭാഗത്തെ ചടങ്ങുകള്‍ക്ക് എത്തില്ല. പകരം വരനും അടുത്ത ബന്ധുക്കളും സുഹൃത്തുക്കളും മാത്രം വധുവിന്റെ വീട്ടിലേക്കോ അല്ലെങ്കില്‍ വിവാഹാഘോഷം നടക്കുന്ന സ്ഥലത്തേക്കോ പോവുകയും അവിടുത്തെ ആഘോഷങ്ങള്‍ക്കൊപ്പം ചേരുകയുമാണ് രീതി.

വിവാഹഘോഷത്തിന്റെ മുന്നോടിയായി ദീപാലംകൃതമായി നിൽക്കുന്ന സബീൽ പാലസിന്റെ ദൃശ്യങ്ങളാണ് ഇപ്പോൾ സാമൂഹിക മാധ്യമങ്ങളിൽ നിറഞ്ഞിരിക്കുന്നത്. ഇമറാത്തി പാരമ്പര്യമനുസരിച്ച് തങ്ങളുടെ കുടുംബത്തിൽ ഒരാളുടെ വിവാഹമുറപ്പിച്ചാൽ അത് അയൽക്കാരെയും സുഹൃത്തുക്കളെയും അറിയിക്കാനായി വീടുകൾ ദീപാലംകൃതമാക്കുന്നത് പതിവാണ്.

രാജകുടുംബത്തിലെ വിവാഹം സ്വന്തം വീട്ടിലെ വിവാഹം പോലെ കാണുകയും അതിനായി സ്വന്തം വീടുകള്‍ പോലും അലങ്കരിക്കുകയും ചെയ്യുന്ന നിരവധി സ്വദേശികളുമുണ്ട്.