പാലാരിവട്ടം പാലത്തിന്റെ നിർമാണ മേൽനോട്ടം ഇ ശ്രീധരൻ ഏറ്റെടുത്തേക്കും

0

കൊച്ചി: പാലാരിവട്ടം പാലം പൊളിച്ചുപണിയുന്നതിനുള്ള നിര്‍മ്മാണച്ചുമതല ഡി.എം.ആര്‍.സി ഉപദേഷ്ടാവ് ഇ.ശ്രീധരന്‍ ഏറ്റെടുത്തേക്കും. വിഷയത്തില്‍ സംസ്ഥാന സര്‍ക്കാര്‍ ശ്രീധരനുമായി ആശയവിനിമയം നടത്തി. പാലം പൊളിയ്ക്കല്‍, പുനര്‍നിര്‍മ്മാണ കരാര്‍ നല്‍കല്‍ തുടങ്ങി സങ്കീര്‍ണ്ണമായ നടപടിക്രമങ്ങളാണ് ഇനി അവശേഷിക്കുന്നത്.

ഓഫിസുകൾ അടച്ചുപൂട്ടിയത് ബുദ്ധിമുട്ടാകുമെന്ന് ഇ.ശ്രീധരൻ പറയുന്നു. പാലം പൊളിക്കാൻ രണ്ടാഴ്ച വേണ്ടി വരുമെന്ന് പൊതുമരാമത്ത് വകുപ്പും അറിയിച്ചു. അങ്ങനെയെങ്കിൽ രണ്ടാഴ്ച ഗതാഗതം നിരോധിക്കേണ്ടി വരും. നിർമാണ നടപടികൾ ഉടൻ തുടങ്ങുമെന്ന് മന്ത്രി ജി.സുധാകരൻ അറിയിച്ചിട്ടുണ്ട്.

ഇന്നലെയാണ് പാലാരിവട്ടം പാലം പൊളിച്ചു പണിയണമെന്ന് സുപ്രിംകോടതി ഉത്തരവിടുന്നത്. ജസ്റ്റിസ് ആർ.എസ് നരിമാൻ അധ്യക്ഷനായ ബഞ്ചാണ് ഉത്തരവ് പുറപ്പെടുവിച്ചത്. ഭാരപരിശോധന നടത്തണമെന്ന ഹൈക്കോടതി ഉത്തരവ് സുപ്രിംകോടതി റദ്ദാക്കി. ഹൈക്കോടതിയിലെ ഹർജി ആറ് മാസത്തിനകം തീർപ്പാക്കണമെന്നും ജനതാത്പര്യമനുസരിച്ച് പാലം പണി വേഗത്തിൽ പൂർത്തിയാക്കണമെന്നുമായിരുന്നും സുപ്രിംകോടതി ഉത്തരവിട്ടു.

പാലം പൊളിച്ചുപണിയാമെന്ന സുപ്രീംകോടതി ഉത്തരവിന് തൊട്ടുപിന്നാലെ പൊതു മരാമത്ത് മന്ത്രി ജി.സുധാകരന്‍ ഇ.ശ്രീധരനെ ഫോണില്‍ വിളിച്ചാണ് പുനര്‍ നിര്‍മ്മാണ ചുമതല ഏറ്റെടുക്കണമെന്ന് അഭ്യര്‍ത്ഥിച്ചത്. ചുമതല ഏറ്റെടുക്കുന്നതില്‍ ബുദ്ധിമുട്ടുണ്ടെന്നായിരുന്നു ശ്രീധരന്റെ ആദ്യ നിലപാട്. എന്നാല്‍ സര്‍ക്കാര്‍ നിര്‍ബന്ധിച്ചതോടെ വിഷയം പരിഗണിക്കാമെന്ന് അറിയിച്ചു.

പാലം ഭാരപരിശോധന നടത്താൻ കഴിയാത്ത വിധം അപകടാവസ്ഥയിലാണെന്ന വാദം ശരിവച്ചുകൊണ്ടാണ് സുപ്രിംകോടതി വിധി പുറപ്പെടുവിച്ചത്. ഐഐടി ചെന്നൈ, ഇ ശ്രീധരൻ എന്നിവർ നൽകിയ റിപ്പോർട്ടിൽ പാലം പുതുക്കി പണിതാൽ നൂറ് വർഷത്തെ ആയുസ് ഉറപ്പ് നൽകുന്നുണ്ട്. ഇതും അറ്റോണി ജനറൽ കെകെ വേണുഗോപാൽ സുപ്രിംകോടതിയിൽ സമർപ്പിച്ചിരുന്നു.