ഗൾഫ് മേഖലയിലെ വൻ ഭൂചലനം; 7.6തീവ്രത രേഖപ്പെടുത്തിയ പ്രകമ്പത്തില്‍ 130 മരണം; ഗള്‍ഫ് മേഖലയില്‍ തുടര്‍ചലനങ്ങള്‍ തുടരുന്നു

0

ഇറാഖ് – ഇറാന്‍ അതിര്‍ത്തിയിലുണ്ടായ ഭൂചലനത്തെ തുടര്‍ന്ന് മരിച്ചവരുടെ എണ്ണം 130 ആയി. പ്രാദേശിക സമയം രാത്രി 9.20ന് ഇറാഖി കുർദിസ്ഥാനിലെ ഹലാബ്ജയുടെ തെക്കു പടിഞ്ഞാറ് 30 കിലോമീറ്റർ മാറിയാണ് റിക്ടർ സ്കെയിലിൽ 7.6 രേഖപ്പെടുത്തിയ ഭൂചലനത്തിന്റെ പ്രഭവകേന്ദ്രം. ഇറാഖിലുണ്ടായ ശക്തമായ ഭൂചലനം മധ്യപൂർവേഷ്യയെയും വിറപ്പിച്ചു. കുവൈത്ത്, യുഎഇ, ഇറാൻ, തുർക്കി തുടങ്ങിയ രാജ്യങ്ങളിലും ഭൂചലനം അനുഭവപ്പെട്ടു. മരണസംഖ്യ ഇനിയും കൂടാനിടയുണ്ട്. രക്ഷാപ്രവർത്തനം തുടരുകയാണ്.

ഇറാഖ് അതിർത്തിയിൽനിന്ന് 15 കിലോമീറ്റർ മാറിയുള്ള സർപോളെ സഹാബ് നഗരത്തിലാണ് ഏറ്റവും കൂടുതൽ മരണം ഉണ്ടായിട്ടുള്ളതെന്ന് ഇറാന്റെ എമർജൻസി സർവീസസ് മേധാവി പിർ ഹുസൈൻ കൂലിവൻഡ് അറിയിച്ചു. കുറഞ്ഞത് എട്ടു ഗ്രാമങ്ങളിൽ നാശനഷ്ടങ്ങൾ റിപ്പോർട്ട് ചെയ്തിട്ടുണ്ടെന്ന് ഇറാനിലെ റെഡ് ക്രസെന്റ് സംഘടനയുടെ മേധാവി മോർടെസ്സ സലിം ഔദ്യോഗിക ടെലിവിഷനായ ഐആർഐഎൻഎന്നിനോട് അറിയിച്ചു. ചില ഗ്രാമങ്ങളിൽ വൈദ്യുതി വിതരണവും ടെലികമ്യൂണിക്കേഷൻ സംവിധാനവും തകർന്നിട്ടുമുണ്ട്.

മണ്ണിടിച്ചിൽ ഉണ്ടായി റോഡുകൾ തകർന്നതിനാൽ രക്ഷാപ്രവർത്തക സംഘത്തിനു ദുരന്തബാധിത പ്രദേശങ്ങളിലെത്താൻ താമസം നേരിട്ടിരുന്നു. റെഡ് ക്രസന്റിന്റെ 30 സംഘങ്ങളാണു ഭൂകമ്പ ബാധിത പ്രദേശത്തു രക്ഷാപ്രവർത്തനം നടത്തുന്നത്. ഇറാഖിലെ സുലൈമാനിയ പ്രവിശ്യയിൽ വീടുകൾ തകർന്നതിനെത്തുടർന്നു പരിഭ്രാന്തരായ ജനങ്ങൾ നഗരത്തിലേക്ക് ഇറങ്ങിയോടുന്നതു കണ്ടതായി രാജ്യാന്ത വാർത്താ ഏജൻസിയായ എഎഫ്പി റിപ്പോർട്ട് ചെയ്തു.

പ്രാദേശിക സമയം രാത്രി ഒൻപതരയോടെയാണു കുവൈത്തിന്റെ പലഭാഗങ്ങളിൽ ഭൂചലനം അനുഭവപ്പെട്ടത്. ചിലയിടങ്ങളിൽ കെട്ടിടങ്ങളിലെ ജനൽ ചില്ലകൾ തകർന്നു വീണു. താമസക്കാർ കെട്ടിടങ്ങളിൽനിന്ന് ഇറങ്ങിയോടി. മംഗഫ്, അഹമ്മദി, ഫിൻതാസ് തുടങ്ങിയ ഇടങ്ങളിലാണു കൂടുതൽ തീവ്രത അനുഭവപ്പെട്ടത്. ഷാർജയിലും ദുബായിലും ഇതിന്റെ പ്രകമ്പനമുണ്ടായി.2003ൽ ഇറാനിലെ ബാമിലുണ്ടായ ഭൂകമ്പത്തിൽ 31,000 പേരാണു കൊല്ലപ്പെട്ടത്. പിന്നീട് 2005ൽ 600 പേരും 2012ൽ 300 പേരും ഭൂകമ്പത്തിൽ കൊല്ലപ്പെട്ടു.