രുചിയൂറും ഈസ്റ്റർ വിഭവങ്ങൾ

1

ലോക്ക്ഡൗണില്‍ ആഘോഷങ്ങൾ പേരിനു മാത്രമാണെങ്കിലും ഈ ഈസ്റ്റർകാലത്തു വീട്ടിലിരുന്നുകൊണ്ടുതന്നെ നമുക്ക് നമ്മുടെ തീൻ മേശയിൽ വിഭവ സമൃദ്ധമാക്കാം… അതിനായി നമുക്ക് ചില കിടിലൻ ഈസ്റ്റർ വിഭവങ്ങൾ പരീക്ഷിച്ചു നോക്കിയാലോ.

ഈസ്റ്റർ സ്‌പെഷ്യൽ നാടൻ വട്ടേപ്പം

ഈസ്റ്റർ ദിനത്തോട് അനുബന്ധിച്ച് വീടുകളിൽ തയാറാക്കുന്ന മധുരമുള്ളൊരു പലഹാരമാണ് വട്ടയപ്പം. കുട്ടികൾക്കും മുതിർന്നവർക്കും ഒരേപോലെ ഇഷ്ടപെടുന്നൊരു പലഹാരമാണിത്.

രുചിക്കൂട്ട്

  1. തേങ്ങ ചിരകിയത് – 1 കപ്പ്
  2. ജീരകം പൊടിച്ചത് – ഒരു നുള്ള്
  3. റവ – 1/2 ടേബിൾസ്പൂൺ
  4. പഞ്ചസാര -1/4 കപ്പ് മുതൽ 1/2 കപ്പ് വരെ
  5. വെള്ളം – 3/4 കപ്പ് മുതൽ 1 കപ്പ് വരെ
    7.ഇൻസ്റ്റന്റ് യീസ്റ്റ് – 1/4 ടീസ്പൂൺ
  6. പഞ്ചസാര -1/4 ടീസ്പൂൺ
    9.ഏലക്ക – 3 എണ്ണം
  7. ഉപ്പ് – ഒരു നുള്ള്
  8. നെയ്യ് – 1 ടേബിൾസ്പൂൺ
  9. കാഷ്യൂനട്ട്, ഉണക്കമുന്തിരിങ്ങ – ആവശ്യത്തിന്

തയ്യാറാക്കുന്ന വിധം :

ഒരു സോസ്പാനിൽ അര കപ്പ് വെള്ളവും ഒന്നര ടേബിൾസ്പൂൺ റവയും ചേർത്തിളക്കി ചെറുതീയിൽ കുറുക്കിയെടുക്കുക.
ഇത് തണുക്കാനായി മാറ്റി വെക്കുക.
ഒരു ബൗളിൽ 3 ടേബിൾസ്പൂൺ ചെറുചൂട് വെള്ളവും, 1/4 ടീസ്പൂൺ യീസ്റ്റും, 1/4 ടീസ്പൂൺ പഞ്ചസാരയും ചേർത്തിളക്കി പൊങ്ങാനായി ( ആക്റ്റിവേറ്റ്) വെക്കുക.

തേങ്ങ, ജീരകം പൊടിച്ചത് ആവശ്യത്തിന് വെള്ളവും ചേർത്ത് നന്നായി അരച്ചെടുക്കുക.
ഒരു വലിയ ബൗളിൽ അരിപ്പൊടിയും, റവ കുരുക്കിയതും ചേർത്ത് കൈ കൊണ്ട് നന്നായി മിക്സ് ചെയ്യുക. യീസ്റ്റ് മിശ്രിതവും, തേങ്ങാ അരച്ചതും കൂടി ചേർത്തു നന്നായി യോജിപ്പിക്കുക. അധികം ലൂസ് ആകാതെ ഇഡ്ലി മാവിന്റെ പരുവത്തിൽ കലക്കി ഒരു പാത്രം കൊണ്ട് അടച്ചു 3 മണിക്കൂർ പുളിപ്പിക്കാനായി മാറ്റി വെക്കുക.

മാവ് പുളിച്ച ശേഷം 1/4 കപ്പ് പഞ്ചസാരയും ഏലക്കാപ്പൊടിയും ഒരു നുള്ള് ഉപ്പും ചേർത്തിളക്കുക.
കാഷ്യൂനട്ടും ഉണക്കമുന്തിരിയും നെയ്യിൽ മൂപ്പിച്ചു മാറ്റി വെക്കുക.
ഒരു വലിയ വിസ്താരമുള്ള പാത്രത്തിൽ നെയ്യ് തടവി അതിൽ മുക്കാൽ ഭാഗം മാവൊഴിച്ചു മുകളിലായി കാഷ്യൂനട്ടും, ഉണക്കമുന്തിരിയും വിതറി ആവിയിൽ 15- 20 മിനിറ്റ് വരെ വേവിക്കുക.

പിടിയും കോഴിക്കറിയും

രുചിക്കൂട്ട്:

  1. അരിപ്പൊടി :1 cup
  2. വെള്ളം : 1 3/4 cup
  3. ഉപ്പ് : ആവശ്യത്തിന്
  4. വെളിച്ചെണ്ണ :2 tsp

തയ്യാറാക്കുന്ന വിധം :
ഒരു പാത്രത്തിൽ 2 tsp വെളിച്ചെണ്ണ ഒഴിച്ച് ഉപ്പും ചേർത്ത് വെള്ളം തിളപ്പിക്കുക. തിള വരുമ്പോൾ, അരിപൊടി ഇട്ടു നന്നായി ഇളക്കി യോജിപ്പിച്ചു ചെറുതീയിൽ വെച്ച് വേവിച്ചു എടുക്കുക. ചൂടാറുമ്പോൾ, ഈ മാവ് നന്നായി കുഴച്ചു മയപ്പെടുത്തുക. അതിൽ നിന്നു ചെറിയ ഉരുളകൾ ഉണ്ടാക്കി, ആ ഉരുളകൾ ചെറുതായി ഒന്ന് അമർത്തി ബട്ടൺ ആകൃതിയിൽ ആക്കി എടുത്തു മാറ്റി വെക്കുക. ഉരുളകൾ ഒട്ടിപ്പിടിക്കാതിരിക്കാൻ കുറച്ചു അരി പൊടി തൂകി മിക്സ്‌ ചെയ്തു വയ്ക്കുക.

അരപ്പിന്:

  1. 3/4 cup തേങ്ങ ചിരകിയത്
  2. 3 ചെറിയ ഉള്ളി
  3. 1/2tsp പെരുംജീരകം
  4. ഒരു ചെറിയ കഷ്ണം കറുവാപ്പട്ട
  5. ഒരു ഏലക്ക
  6. 1/4tsp മഞ്ഞൾ പൊടി
  7. 1/2 tsp മല്ലി പൊടി

ഇത് വെള്ളം ചേർത്ത് നന്നായി അരച്ചെടുക്കുക.

മാവിൽ നിന്നും ഉണ്ടാക്കിയ ഉരുളകൾ ഒരു പാത്രത്തിൽ അളന്നു എടുക്കുക. അതെ അളവിൽ തന്നെ അരച്ചെടുത്ത തേങ്ങ കൂട്ടിൽ വെള്ളം ചേർത്ത് അളന്നു എടുക്കുക. ഉരുളകളുടെ അതെ അളവിൽ ആയിരിക്കണം തേങ്ങ കൂട്ടിൽ വെള്ളം ചേർത്ത് എടുത്തതും.


തേങ്ങ കൂട്ട് ഒരു ചുവടു കട്ടിയുള്ള പാത്രത്തിൽ ഒഴിച്ച് തിളപ്പിക്കുക. തിള വന്നു തുടങ്ങുമ്പോൾ,ആവശ്യത്തിന് ഉപ്പും ചേർത്ത് അതിലേക്കു ഉരുളകൾ പതുക്കെ ചേർത്ത് കൊടുക്കുക. വീണ്ടും തിള വന്നു കഴിയുമ്പോൾ പതുക്കെ ഇളക്കി കൊടുക്കുക. അടച്ചു വെച്ച് നന്നായി ചെറു തീയിൽ വേവിക്കുക. വെന്തു കുറുകി വരുമ്പോൾ, 2tsp നെയ്യിൽ 2ചെറിയുള്ളി അരിഞ്ഞതും, കറിവേപ്പിലയും ഇട്ടു മൂപ്പിച്ചു ഇതിനു മുകളിൽ ഒഴിച്ച്, ഇളക്കി, തീ ഓഫ്‌ ചെയ്തു അടച്ചു വാങ്ങി വെക്കുക.

തേങ്ങാപ്പാലിൽ കോഴിക്കറി

രുചിക്കൂട്ട്:

കോഴിയിറച്ചി കഷണങ്ങളാക്കിയത് അര കിലോ
മുളകുപൊടി ഒരു ടീസ്‌പൂൺ
മഞ്ഞൾപ്പൊടി അര ടീസ്‌പൂൺ
മല്ലിപ്പൊടി രണ്ടു ടീസ്‌പൂൺ
കുരുമുളകുപൊടി അര ടീസ്‌പൂൺ
ഇഞ്ചി ഒരു കഷണം
വെളുത്തുള്ളി എട്ട് അല്ലി
കറുവാപ്പട്ട ഒരു കഷണം
ഗ്രാമ്പൂ നാലെണ്ണം
ഏലയ്‌ക്കാ നാലെണ്ണം
തക്കോലം ഒന്ന്
തേങ്ങാപ്പാൽ രണ്ടു കപ്പ്
സവാള രണ്ട്
കറിവേപ്പില ആവശ്യത്തിന്
ഉപ്പ് പാകത്തിന്
മല്ലിയില പാകത്തിന്

പാകം ചെയ്യുന്ന വിധം

ഗ്രാമ്പൂ, കറുവാപ്പട്ട, ഏലയ്‌ക്ക, തക്കോലം എന്നിവ ചതച്ചുചേർത്തു കോഴിയിറച്ചി വേവിക്കുക. പാതിവേവ് മതിയാകും. സവാള, വേപ്പില, അരച്ചെടുത്ത വെളുത്തുള്ളി, ചതച്ച ഇഞ്ചി എന്നിവ ഒരുമിച്ചു വഴറ്റുക. മുളകുപൊടി, മഞ്ഞൾപ്പൊടി, മല്ലിപ്പൊടി, കുരുമുളകുപൊടി എന്നിവ കൂടി ചേർത്തു വഴറ്റുക. പൊടികൾ ചേർത്തശേഷം ഒരു മിനിറ്റുപോലും അധികമായി വഴറ്റാതെ പാതിവേവിച്ച കോഴിക്കഷണങ്ങൾ ചേർക്കാം. ആദ്യം രണ്ടാം പാൽ ഒഴിക്കണം. ഇറച്ചി വെന്തു പാകമായ ശേഷം ഒരു നുള്ളു ഗരംമസാല ചേർക്കാം. കറി തിളച്ചു വരുമ്പോൾ ഒന്നാംപാൽ ചേർത്ത്, ഉടൻ വാങ്ങിവയ്‌ക്കണം. മുകളിൽ മല്ലിയില വിതറി വിളമ്പാം.

ബീഫ്ഉലർത്തിയത്

ഈസ്റ്റർ ആഘോഷങ്ങളിൽ ഒഴിച്ചുകൂടാൻ കഴിയാത്ത ഒരു വിഭവമാണിത്.



രുചിക്കൂട്ട്:
1. ബീഫ് – 1 kg (ചെറുതായി കഷ്ണങ്ങൾ ആക്കിയത് )
2. മുളക്പൊടി – 3 ടീസ്പൂൺ
3. മല്ലിപൊടി – 2 ടീസ്പൂൺ
4. മഞ്ഞൾ പൊടി – 1 ടീസ്പൂൺ
5. കുരുമുളക് പൊടി -1 1/2 (ഒന്നര)ടീസ്പൂൺ
6. ഏലം
7. ഗ്രാമ്പൂ
8. പട്ട
9. മസ്സാല പൊടി -1 ടീസ്പൂൺ
10. (ഏലം,ഗ്രാമ്പൂ,പട്ട,ജാതിക്ക,സജീരകം,
തക്കോലം, വലിയ ജീരകം ഇവയെല്ലാം ചേർത്ത് പൊടിച്ചത് )
11. വലിയ ജീരകം – ഒരു നുള്ള്
12. ചെറിയ ജീരകം – ഒരു നുള്ള്
13. ഉലുവ – ഒരു നുള്ള്
14. കായം കട്ട – ചെറിയ ഒരു കഷ്ണം
15. ഉപ്പ് ആവശ്യത്തിന്
16. വെളിച്ചെണ്ണ -100 ml
17. കടുക് – 1 ടീസ്പൂൺ
18. തേങ്ങാ കൊത്ത് (ഒരു തേങ്ങയുടെ മൂന്നിൽ ഒന്ന്)
19. വെളുത്തുള്ളി – വലുത് രണ്ടെണ്ണം (ചെറുതായി അരിഞ്ഞത് )
20. ഇഞ്ചി – വലിയ കഷ്ണം ഒരെണ്ണം (ചെറുതായി അരിഞ്ഞത് )
21. ചെറിയുള്ളി 10 എണ്ണം നെടുകെ കീറിയത്
കറിവേപ്പില ആവശ്യത്തിന്

തയ്യാറാക്കുന്ന വിധം:

ബീഫ് നന്നായിട്ട് കഴുകി വാരി വെള്ളം തോരാൻ വെക്കുക. ഇനി ബീഫ് തയ്യാറാക്കാൻ ആവശ്യമായ ഉരുളി അടുപ്പിൽ വെക്കുക. ഉരുളി ചൂടായി വരുമ്പോൾ വെളിച്ചെണ്ണ ഒഴിക്കുക. ശേഷം തേങ്ങാക്കൊത്ത്‌ എണ്ണയിലേക്ക് ഇട്ട് വഴറ്റുക ഇതിനോടൊപ്പം തന്നെ അല്പം ഏലം ഗ്രാമ്പൂ പട്ട എന്നിവ കൂടി ഇട്ട് വഴറ്റുക തേങ്ങാ കൊത്ത് ബ്രൗൺ നിറം ആവുമ്പോൾ ആ എണ്ണയിലേക്ക് തന്നെ കടുക് ഇട്ട് പൊട്ടിക്കുക അതോടൊപ്പം തന്നെ ചെറിയ ജീരകവും വലിയ ജീരകവും ഇട്ട് വഴറ്റുക.


ശേഷം നമ്മൾ അരിഞ്ഞു വെച്ചിരിക്കുന്ന വെളുത്തുള്ളി, ഇഞ്ചി, ചെറിയ ഉള്ളി കറിവേപ്പില (കറിവേപ്പില തണ്ടോട് കൂടിയത് ആണെങ്കിൽ നല്ലത് ) എന്നിവ കൂടി ഇട്ട് വഴറ്റുക. ഇവയെല്ലാം ഒന്ന് മൂപ്പായ ശേഷം മുളക്പൊടിയും മല്ലിപൊടിയും മഞ്ഞൾപൊടിയും കഴുകി വാരി വെച്ചിരിക്കുന്ന ബീഫും ഒന്നിച്ചു ചേർത്ത് ഇളക്കുക ശേഷം ഒരു നുള്ള് ഉലുവയും അല്പം കായത്തിന്റെ കട്ടയും ആവശ്യത്തിനുള്ള ഉപ്പും ഇതിലേക്ക് ചേർത്ത് കൊടുക്കുക. നന്നായിട്ട് ഇളക്കുക.ചെറു തീയിൽ ബീഫ് വേയിച്ചു എടുക്കുക.മുക്കാൽ വേവ് ആയി കഴിഞ്ഞാൽ പൊടിച്ചു വെച്ചിരിക്കുന്ന മസ്സാലയും കുരുമുളക് പൊടിയും ചേർത്ത് കൊടുക്കാം. എരിവ് കുറവായി തോന്നിയാൽ കുരുമുളക് പൊടി തന്നെ ചേർത്ത് കൊടുക്കുക. മുഴുവൻ വേവ് ആയാൽ അടുപ്പിൽ തീ കൂട്ടി കൊടുത്ത് അല്പം വെളിച്ചെണ്ണ ഒഴിച്ച് ബീഫിൽ ഉള്ള ചാറ് വറ്റിച്ചെടുക്കുക. ശേഷം കറിവേപ്പിലയും ചേർത്ത് ഇളക്കുക