ഇന്ന് ഈസ്റ്റര്‍

0

ക്രൈസ്തവര്‍ ഇന്ന് ഈസ്റ്റര്‍ ആഘോഷിക്കുന്നു.മൂന്നുവര്‍ഷത്തെ ഇടവേളയ്ക്ക് ശേഷമാണ് ലോകമെങ്ങുമുള്ള ക്രൈസ്തവര്‍ ഇന്ന് ഈസ്റ്റര്‍ ഒരുമിച്ച് ആഘോഷിക്കുന്നത്.യേശുവിന്റെ കുരിശുമരണത്തെ അനുസ്മരിച്ച് വെള്ളിയാഴ്ച ദുഃഖവെള്ളി ആചരിച്ചു. ദേവാലയങ്ങളില്‍ കുരിശിന്റെ വഴി, പരിഹാര പ്രദക്ഷിണം തുടങ്ങിയവ നടന്നു. യേശു ഉയിര്‍ത്തെഴുന്നേറ്റതിെന്റ സ്മരണയില്‍ ദേവാലയങ്ങളില്‍ ഇന്നലെ രാത്രി പാതിരാ കുര്‍ബാനയും ഉയിര്‍പ്പിന്റെ തിരുകര്‍മങ്ങളും നടന്നു.

ഇതിന് മുന്‍പ് 2014 ഏപ്രില്‍ 20നാണ് ലോകമെങ്ങും ഈസ്റ്റര്‍ ഒരുമിച്ച് ആഘോഷിച്ചത്. ഇനി 2025 ഏപ്രില്‍ 20ന് ഇത് ആവര്‍ത്തിക്കും. 2001, 2004, 2007, 2010, 2011, 2028, 2031, 2034 തുടങ്ങിയ വര്‍ഷങ്ങളിലും ഈസ്റ്റര്‍ ഒരുമിച്ചാണ്. എത്യോപ്യ, എറിട്രിയ, ഈജിപ്ത്, റഷ്യ, ബലാറസ് (ബൈലോറഷ്യ), യുക്രെയ്ന്‍, കസാഖിസ്ഥാന്‍, മൊള്‍ഡോവ, ജോര്‍ജിയ, സെര്‍ബിയ, മാസിഡോണിയ, റുമേനിയ, ബള്‍ഗേറിയ, ഗ്രീസ്, സൈപ്രസ്, തുര്‍ക്കി, സിറിയാ ഇസ്രയേല്‍, ലബനന്‍ തുടങ്ങിയ രാജ്യങ്ങളിലെ 20 കോടിയിലധികം ക്രൈസ്തവര്‍ മിക്കവര്‍ഷവും ഒന്നോ നാലോ അഞ്ചോ ആഴ്ചകള്‍ വൈകിയാണ് ഈസ്റ്റര്‍ ആഘോഷിക്കുന്നത്.

മലങ്കര, അര്‍മേനിയന്‍, ഫിന്നിഷ് എന്നിവ ഒഴികെയുള്ള ഓര്‍ത്തഡോക്‌സ് സഭകളും ചില രാജ്യങ്ങളില്‍ കത്തോലിക്കരും ജൂലിയന്‍ കലണ്ടര്‍ പ്രകാരമുള്ള ഈസ്റ്റര്‍ തീയതി നിശ്ചയിക്കുന്നതാണ് കാരണം. മറ്റുള്ളവര്‍ ഗ്രിഗോറിയന്‍ കലണ്ടര്‍ അടിസ്ഥാനമാക്കി ഈസ്റ്റര്‍ ആഘോഷിക്കുന്നു. ക്രിസ്മസ് ആഘോഷത്തിനും ഇതുപോലെ തീയതി വ്യത്യാസമുണ്ട്. വസന്ത വിഷുവം ആയ മാര്‍ച്ച് 21 നോ അതിനുശേഷമോ വരുന്ന പൗര്‍ണമിയുടെ പിറ്റേ ഞായറാഴ്ചയാണ് ഈസ്റ്റര്‍. ഈ പൗര്‍ണമി (പെസഹാചന്ദ്രന്‍) ഞായറാഴ്ച വന്നാല്‍ ഈസ്റ്റര്‍ അതിനടുത്ത ഞായറാഴ്ചയായിരിക്കും. ഗ്രിഗോറിയന്‍ കലണ്ടര്‍ പ്രകാരം ഈസ്റ്റര്‍ വരാവുന്ന ഏറ്റവും നേരത്തെയുള്ള തീയതി മാര്‍ച്ച് 22 (1598, 1693, 1761, 1818, 2285) വൈകിയുള്ള തീയതി ഏപ്രില്‍ 25 (1666, 1734, 1886, 1943, 2038, 2190, 2258) ആണ്.