വീണ്ടും തിരുമുറിവോ?

0

അസഹിഷ്ണുതയുടെ വിഷവിത്തുകൾ കേരളീയ സമൂഹത്തിലാകെ വിതച്ച് വർഗ്ഗീയതയുടെ വിഷഫലം കൊയ്തെടുക്കാനുള്ള ബോധപൂർവമായ പരിശ്രമം നടക്കുകയാണെന്ന് തന്നെ വേണം കരുതാൻ. പുതിയ വിവാദം ഒരു സിനിമയുടെ പേരിലാണ്. നാദിർഷായുടെ പുതിയ സിനിമ ” ഈശോ ”യാണ് വിവാദത്തിന് ഹേതുവായിത്തീർന്നത്.

ഒരു ചലചിത്രത്തിന് എന്ത് പേര് നൽകണമെന്ന അതിൻ്റെ സൃഷ്ടാവിനുള്ള സ്വാതന്ത്ര്യമാണ് ഇവിടെ ചോദ്യം ചെയ്യപ്പെടുന്നത്. ദൈവനാമങ്ങളിലുള്ള സിനിമ മലയാളത്തിലെ ആദ്യ സംഭവമൊന്നുമല്ല.
വിഷ്ണുവും ശ്രീ അയ്യപ്പനുമെല്ലാം സിനിമയുടെ പേരിൽ വന്നിട്ടുണ്ട്. അത് ഒരിക്കലും വിവാദമായിട്ടില്ല.
ഒരു പേരും ആരുടെയും സ്വന്തമല്ല. സത്യസന്ധമായി പറഞ്ഞാൽ ദൈവങ്ങൾക്ക് പോലും പേര് നൽകിയത് മനുഷ്യരാണെന്ന് വ്യക്തമാണ്. മനുഷ്യൻ്റെ സർഗ്ഗ ഭാവനയുടെ സൃഷ്ടി തന്നെയാണ് വിശ്വാസങ്ങളെന്ന് കാണാൻ കഴിയും’ ഇവിടെ വിവാദത്തിന് ഹേതുവായിത്തീരുന്നത്. സിനിമയുടെ പിന്നണി പ്രവർത്തകൻ്റെ മതം തന്നെയാണ്. സിനിമാസ്വാദകരോ, ചലച്ചിത്ര പ്രേമികളോ ഈ വിവാദത്തിന് പിന്നിലില്ല.

സ്വാർത്ഥ താൽപര്യത്തിനായി മതം ആഹാരവും പ്രണവായുവുമാണെന്ന് കരുതുന്ന എന്നാൽ മത വിശ്വാസവും ധാർമ്മിക മൂല്യങ്ങളും സ്വജീവിതത്തിൽ അൽപം പോലും പാലിക്കാത്തവർക്കുമാണ് ഹാലിളകുന്നത് എന്നറിയുമ്പോഴാണ് ഇതിലെ വിരോധാഭാസം വ്യക്തമാകുന്നത്. മത വിശ്വാസികൾക്ക് അവരുടെ മതവും ബോധവും പിൻതുടർന്ന് ജീവിക്കാനുള്ള സ്വാതന്ത്ര്യമുള്ളത് പോലെ ചലച്ചിത്ര പ്രവർത്തകർക്കും സിനിമാസ്വാദകർക്കും സിനിമയുടെ ലോകത്തിൽ ഭാഗഭാക്കാകാനും അഭിപ്രായം പ്രകടിപ്പിക്കാനുമുള്ള ജനാധിപത്യപരമായ സ്വാതന്ത്ര്യം വർഗ്ഗീയ ശക്തികളുടെ ഔദാര്യമാണെന്ന് കരുതുന്നത് മൗഢ്യമാണ്. സിനിമ ഏതെങ്കിലും മതത്തെ അധിക്ഷേപിക്കുകയോ മതവികാരം വ്രണപ്പെടുത്തുകയോ ചെയ്യുന്നല്ലെങ്കിൽ ഇത്തരം ചർച്ചകൾ പോലും സാംസ്കാരിക കേരളത്തിന് അപമാനമാണ്.