ഇന്ന് ചെറിയ പെരുന്നാൾ ; ലോക്ക് ഡൗണിൽ ഇളവുണ്ടാകും

0

വ്രത ശുദ്ധിയുടെ 30 ദിനരാത്രങ്ങൾ പൂർത്തിയാക്കി വിശ്വാസികൾ ഇന്ന് ചെറിയ പെരുന്നാൾ. കോവിഡ് 19 മൂലം ലോകജനത ദുരിതമനുഭവിക്കുന്നതിനാൽ ആഘോഷങ്ങളുടെ പകിട്ടില്ലാതെയാണ് ഈ വർഷത്തെ ചെറിയ പെരുന്നാൾ. കോവിഡ് ജാഗ്രതയെന്നോണം പെരുന്നാള്‍ നമസ്കാരം അവരവരുടെ വീടുകളില്‍ തന്നെയാണ് എല്ലാവരും നിര്‍വഹിക്കുന്നത്.

മുപ്പത് വ്രതം പൂർത്തിയാക്കിയ ഇന്നലെ സന്ധ്യയ്‌ക്ക് തക്ബീർ ധ്വനികളോടെ ഫിത്വർ സക്കാത്ത് വിതരണം ചെ‌യ്‌ത് ചെറിയ പെരുന്നാളിനു തുടക്കമിട്ടു. ഒമാൻ ഒഴികെ ഗൾഫ് രാജ്യങ്ങളിലും ഇന്നാണ് പെരുന്നാൾ. ഈദ് പ്രസംഗം ലൈവായി സാമൂഹ മാദ്ധ്യമങ്ങൾ വഴി കാണിക്കുന്നതിന് ജമാ-അത്തുകൾ സൗകര്യം ഒരുക്കിയിട്ടുണ്ട്.

ഈദുൽ ഫിത്തർ പ്രമാണിച്ച് ഇന്ന് സമ്പൂർണ അടച്ചുപൂട്ടലിൽ ഇളവു പ്രഖ്യാപിച്ചു. ബേക്കറി, വസ്ത്രക്കടകൾ, മിഠായിക്കടകൾ, ഫാൻസി സ്റ്റോറുകൾ, ചെരിപ്പുകടകൾ എന്നിവ രാവിലെ ഏഴുമുതൽ വൈകുന്നേരം ഏഴുമണിവരെ തുറക്കാം. ഇറച്ചി, മത്സ്യവ്യാപാരം എന്നിവ രാവിലെ ആറുമുതൽ 11 വരെ അനുവദിക്കും.

ബന്ധുവീടുകൾ സന്ദർശിക്കാൻ വാഹനങ്ങളിൽ അന്തർജില്ലാ യാത്രകൾ നടത്താം. സാമൂഹിക അകലം പാലിക്കൽ, മുഖാവരണം ധരിക്കൽ തുടങ്ങിയവ കർശനമായി പാലിക്കണമെന്നും സര്‍ക്കാര്‍ നിര്‍ദ്ദേശം നല്‍കി.