വിശ്വാസം അതല്ലേ എല്ലാം?

0

സംസ്ഥാനങ്ങളിലേക്ക് നടന്ന ഉപതെരഞ്ഞെടുപ്പിൽ ചാരം പോലും ശേഷിക്കാതെ ഇന്ത്യൻ നാഷനൽ കോൺഗ്രസ്സ് എന്ന പ്രായം ഏറെയുള്ള, ഏറെക്കാലം ഇന്ത്യ അടക്കി ഭരിച്ചിരുന്ന രാഷ്ടീയ കക്ഷി കർപ്പൂരം കത്തിച്ചത് പോലെ അപ്രത്യക്ഷമായി പോയത് ഗവേഷണത്തിന് വിധേയമാക്കേണ്ട വിഷയം തന്നെയാണ്. എന്നാൽ ഈ പരാജയത്തിൽ നിന്നൊന്നും പാഠം പഠിക്കാൻ കോൺഗ്രസ്സ് തയ്യാറല്ല എന്ന് തന്നെയാണ് അനുമാനിക്കാൻ കഴിയുന്നത്. പരാജയത്തെ പറ്റി വിലയിരുത്താൻ പ്രവർത്തക സമിതി വിളിച്ചു ചേർത്തു എന്നത് യാഥാർത്ഥ്യം തന്നെ.

G 23 നേതാക്കൾ പുനരുജ്ജീവിപ്പിക്കുവാൻ എന്തെങ്കിലും പുതിയ നിർദ്ദേശങ്ങളുമായി രംഗത്ത് വരുമെന്ന് രാഷ്ടീയ നിരീക്ഷകർ പ്രതീക്ഷിച്ചിരുന്നു. എന്നാൽ നാലേ മുക്കാൽ മണിക്കൂർ പ്രവർത്തക സമിതി ചേർന്നിട്ടും ഒരു രാഷ്ട്രീയ ചലനമുണ്ടാക്കാൻ കഴിയുന്ന ഒരു തീരുമാനവും പ്രഖ്യാപിക്കാൻ ഈ രാഷ്ട്രീയ കക്ഷിക്ക്, അതിലെ നേതാക്കൾക്ക് കഴിഞ്ഞിട്ടില്ല എന്നത് പരിതാപകരമായ രാഷ്ട്രീയ അവസ്ഥ തന്നെയാണ് ‘ എല്ലാം പഴയത് പോലെത്തന്നെ. പരിശുദ്ധ മാതാവിനും പുത്രനും പിന്നിൽ പാറപോലെ ഉറച്ചു നിൽക്കാൻ തന്നെയാണ് തീരുമാനം.

പഴയ നാടകം തന്നെ ആവർത്തിക്കപ്പെടുന്നു. വിശ്വാസം അതല്ലേ എല്ലാം എന്ന പരസ്യവാചകം തന്നെ കോൺഗ്രസ്സിൻ്റെ രാഷ്ട്രീയ സിദ്ധാന്തമായി മാറിത്തീരുന്ന ലജ്ജാകരമായ അവസ്ഥ ഒരു രാഷ്ട്രീയ കക്ഷിയെ സംബന്ധിച്ചിടത്തോളം എത്ര ദയനീയമാണെന്ന് എപ്പോഴാണാവോ ഇവർ മനസ്സിലാക്കുന്നത്? സ്തുതിപാഠകർ തന്നെ രാഷ്ട്രീയ മുദ്രാവാക്യം തയ്യാറാക്കുന്ന രാഷ്ടീയ പതനത്തിന് ഇന്ത്യ നൽകേണ്ടി വരുന്നത് വലിയ വിലയായിരിക്കും’. ഫാഷിസ്റ്റ് കക്ഷിയുടെ ജനാധിപത്യ ധ്വംസനത്തിന് കോൺഗ്രസ്സിൻ്റെ ഈ നിലപാട് കാരണമായിത്തീരുമെന്ന കാര്യത്തിൽ സംശയമില്ല.