കോട്ടയത്ത് ആനയ്‌ക്കും പോസ്റ്റിനും ഇടയിൽ കുടുങ്ങി പാപ്പാന് ദാരുണാന്ത്യം

0

കോട്ടയത്ത് ഇടഞ്ഞ ആനയെ തളയ്ക്കുന്നതിനിടെ ആനയ്‌ക്കും വൈദ്യുതി പോസ്റ്റിനുമിടയിൽ കുടുങ്ങി പാപ്പാന് ദാരുണാന്ത്യം. തിരുനക്കര ശിവൻ എന്ന ആനയുടെ ഒന്നാം പാപ്പാൻ തിരുവനന്തപുരം പത്മനാഭസ്വാമി ക്ഷേത്രത്തിനു സമീപം കോട്ടയ്‌ക്കകം പടിഞ്ഞാറേനടയിൽ വിക്രം (26) ആണ് മരിച്ചത്.

തിരുന്നക്കര ക്ഷേത്രത്തിലെ ആറാട്ട് എഴുന്നള്ളിപ്പ് ശേഷം ചെങ്ങളത്തേക്ക് കൊണ്ടുപോകും വഴിയാണ് തിരുനക്കര ശിവനെന്ന ആന ഇടഞ്ഞത്. കിലോമീറ്ററുകളോളം ഇടഞ്ഞോടിയ ആന വലിയ നാശനഷ്ടങ്ങള്‍ ഉണ്ടാക്കി. ഒരു ബസ്സ് കുത്തിമറിക്കാനും ശ്രമിച്ചു. ഇതിനിടെയാണ് ആനപ്പുറത്തിരുന്ന ആനയെ തളയ്ക്കാന്‍ ശ്രമിച്ച പാപ്പാനായ വിക്രം മരണപ്പെട്ടത്. ബസിനും സമീപത്തുള്ള പോസ്റ്റിനും ഇടയിലൂടെ ആന കടക്കാന്‍ ശ്രമിച്ചപ്പോള്‍ ചങ്ങലയില്‍ തൂങ്ങികിടന്ന പാപ്പാന്‍ ആനയുടെയും പോസ്റ്റിന്റെയും ഇടയില്‍ പെടുകയായിരുന്നു.വിരണ്ടോടി ഭീകരാന്തരീക്ഷം സൃഷ്ടിച്ച ആനയെ മൂന്നു മണിക്കൂറിനു ശേഷം തളച്ചു.

നാട്ടുകാർ വിക്രമിനെ മെഡിക്കൽ കോളേജ് ആശുപത്രിയിൽ എത്തിച്ചെങ്കിലും രക്ഷിക്കാനായില്ല. റോഡിൽ നിലയുറപ്പിച്ച ആനയെ പിന്നീട് രണ്ടാം പാപ്പാൻ രാജേഷ് സമീപത്തെ പോസ്റ്റിൽ ബന്ധിച്ചു. രണ്ടു മണിക്കൂറിനു ശേഷം തിരുനക്കര ശിവന്റെ മുൻ പാപ്പാനായ മനോജിനെ ചിറക്കടവിൽ നിന്ന് എത്തിച്ച് രാത്രി ഏഴേമുക്കാലോടെയാണ് ആനയെ ശാന്തനാക്കി തളച്ചത്.