അതിർത്തികടന്ന് ‘ചന്ദ്രതാര’; ആനയെ തിരികെകിട്ടാൻ ഹർജിയുമായി ബംഗ്ലാദേശി; അവകാശവാദവുമായി ഇന്ത്യക്കാരും

0

അഗർത്തല: ബംഗ്ലാദേശിൽനിന്ന് അതിർത്തി കടന്ന് ഇന്ത്യയിലെത്തിയ ഒരു ആന. ഇന്ത്യയിൽനിന്ന് അതിനെ വിട്ടുകിട്ടാൻ നിയമപോരാട്ടം നടത്തുന്ന ബംഗ്ലാദേശി പൗരൻ ഇതിനിടെ ആന തങ്ങളുടേതെന്ന് അവകാശപ്പെട്ട് ഇന്ത്യക്കാരായ രണ്ട് ഗ്രാമീണരും. നിയമപോരാട്ടത്തിലേയ്ക്കെത്തിയ ഉടമസ്ഥാവകാശത്തിന്റെ വാർത്തയാണ് ഇപ്പോൾ ത്രിപുരയിൽനിന്ന് വരുന്നത്.

ചന്ദ്രതാരഎന്ന് പേരുള്ള ആനയാണ് ബംഗ്ലാദേശ് അതിർത്തി കടന്ന് ഇന്ത്യയിൽ പ്രവേശിച്ചത്. ആതികുർ റഹ്മാൻ എന്ന ബംഗ്ലാദേശുകാരന്റെതാണ് ഈ ആന. അവകാശികളില്ലാത്ത നാട്ടാനയെ കണ്ടെത്തിയതോടെ ത്രിപുര വനംവകുപ്പ് അതിനെ തങ്ങളുടെ അധീനതയിൽ സൂക്ഷിച്ചിരിക്കുകയാണ്. ഇതോടെ ഉടമസ്ഥാവകാശം തെളിയിക്കാനും ആനയെ വീണ്ടെടുക്കാനുമുള്ള പോരാട്ടത്തിലാണ് ഇപ്പോൾ ആതികുർ.

കഴിഞ്ഞ സെപ്റ്റംബർ 11-നാണ് ആതികുറിന്റെ ചന്ദ്രതാര എന്ന ആന ബംഗ്ലാദേശ് അതിർത്തി കടന്ന് ഇന്ത്യയിലെത്തിയത്. ത്രിപുരയിലെ ഉനകൊടി ജില്ലയിലെ കൈലാഷ്ഹറിന് സമീപത്തുള്ള അതിർത്തി ഗ്രാമത്തിലൂടെയാണ് ആന ഇന്ത്യയിലേയ്ക്ക് കടന്നത്. അതിർത്തിക്ക് സമീപമെത്തിയ ആനയെ ബിഎസ്എഫ് സൈനികരാണ് ആദ്യം കണ്ടത്. തുടർന്ന് ഇവർ വനംവകുപ്പിനെ വിവരമറിയിച്ചു. വൈകാതെ വനംവകുപ്പ് ഉദ്യോഗസ്ഥർ സ്ഥലത്തെത്തി ആനയെ പിടികൂടുകയായിരുന്നു. ഗ്രാമവാസികളായ രണ്ടുപേർ ആനയുടെ ഉടമസ്ഥാവകാശം ഉന്നയിച്ച് മുന്നോട്ടുവന്നെങ്കിലും ഇത് കളവാണെന്ന് പിന്നീട് കണ്ടെത്തി.

തുടർന്ന് ബംഗ്ലാദേശിലെ മൗലവിബസാർ സ്വദേശിയായ ആതികുർ റഹ്മാൻ ആനയുടെ ഉടമ താനാണെന്ന് അവകാശപ്പെട്ട് ഇന്ത്യൻ അധികാരികളെ സമീപിച്ചത്. തെളിവായി രേഖകളും ചിത്രങ്ങളും മറ്റും ബിഎസ്എഫിനും ത്രിപുര വനംവകുപ്പിനും ഇന്ത്യയിലുള്ള തന്റെ ബന്ധുകൾ വഴി കൈമാറിയിട്ടുണ്ട്. ഇതുമായി ബന്ധപ്പെട്ട നിയമനടപടികൾ നടന്നുവരികയാണ്. അതേസമയം, ആനയുടെ ഉടമസ്ഥർ തങ്ങളാണെന്ന് അവകാശപ്പെട്ട് രണ്ട് ഗ്രാമവാസികളും കോടതിയിലെത്തിയിട്ടുണ്ട്.

ഇന്ത്യ വളരെ വലിയൊരു രാജ്യമാണ്. ഈ രാജ്യത്തിന്റെ നിയമത്തിൽ എനിക്ക് വിശ്വാസവും ബഹുമാനവുമുണ്ട്. ഈ നിയമക്കുരുക്ക് ഉടൻ അഴിയുമെന്നും എന്റെ ആനയുമായി വീണ്ടും ഒത്തുചേരാനാകുമെന്നും ഞാന്‍ വിശ്വസിക്കുന്നു’, ഒരു വീഡിയോ സന്ദേശത്തിൽ ആതികുർ പറഞ്ഞു.

ഭക്ഷണം തേടിയാകാം ആന അതിർത്തി കടന്നതെന്നാണ് ആതികുർ പറയുന്നത്. ബംഗ്ലാദേശിലെ കമൽ ഗഞ്ച് പോലീസ് സ്റ്റേഷനിൽ പരാതി നൽകിയിട്ടുണ്ട്. കൂടാതെ, ഇന്ത്യയിൽ തന്റെ ആനയെ പിടിച്ചുവെച്ചിരിക്കുകയാണെന്ന് ചൂണ്ടിക്കാട്ടി ബംഗ്ലാദേശ് അധികൃതർക്കും പരാതിനൽകിയിട്ടുണ്ട്. ആതികുർ റഹ്മാന്റെ ഒരു ബന്ധുവായ സലേഹ് അഹമ്മദ് വഴി ഉനകൊടി ജില്ലാ കോടതിയിൽ ഹർജിയും നൽകിയിട്ടുണ്ട്. കേസ് ജനുവരി 21-ന് കോടതി പരിഗണിക്കും.