നാലുവര്‍ഷം മുമ്പ് കരിപ്പൂരിലേക്ക് നിര്‍ത്തിവച്ച സർവീസ് എമിറേറ്റ്സ് എയര്‍ലൈന്‍സ് പുനരാരംഭിക്കുന്നു

0

ദുബായ്: വിമാനത്താവള റൺവേ വികസനവുമായി ബന്ധപ്പെട്ട് നാലുവര്‍ഷം മുമ്പ് കരിപ്പൂരിലേക്കു നിര്‍ത്തിവച്ച സർവീസ് എമിറേറ്റ്സ് എയര്‍ലൈന്‍സ് പുനരാരംഭിക്കുന്നു. എമിറേറ്റ്സ് അധികൃതരുമായി കേന്ദ്ര വിദേശകാര്യ സഹ മന്ത്രി വി മുരളീധരന്‍ ദുബായില്‍ ചര്‍ച്ച നടത്തി.

റൺവേ പൂർത്തിയാക്കിയെങ്കിലും എമിറേറ്റ്സിന് ഇന്ത്യയിലേക്ക് അനുവദിച്ച സീറ്റുകൾ മറ്റ് സംസ്ഥാനങ്ങൾക്ക് വീതിച്ചു നൽകിയതോടെ കരിപ്പൂരിലേക്കുള്ള സർവീസുകള്‍ മരവിച്ചു. ഇന്ത്യൻ സിവിൽ ഏവിയേഷൻ വിഭാഗം പുനർവിന്യാസത്തിലൂടെ അധികമായി ആഴ്ചയിൽ 2500 സീറ്റുകൾ ലഭ്യമാക്കിയാൽ ഈ സീസണിൽ തന്നെ സർവീസ് പുനഃരാരംഭിക്കാനുള്ള സന്നദ്ധത ദുബായില്‍ നടത്തിയ ചര്‍ച്ചയില്‍ എമിറേറ്റിസിൻറെ ഉദ്യോഗസ്ഥർ അറിയിച്ചതായി കേന്ദ്ര വിദേശകാര്യ സഹമന്ത്രി വി മുരളീധരന്‍ അറിയിച്ചു.

വ്യോമയാനവകുപ്പുമായി ബന്ധപ്പെട്ട് വിഷയത്തില്‍ എത്രയും വേഗത്തിൽ അനുകൂല നടപടി സ്വീകരിക്കുമെന്ന് മന്ത്രി എമിറേറ്റ്സ് ഉദ്യോഗസ്ഥരെ അറിയിച്ചു. കരിപ്പൂരിലേക്കുള്ള സര്‍വീസുകള്‍ പുരരാംരഭിച്ചാല്‍ അത് യു എ ഇ പ്രവാസികൾക്ക് ആശ്വാസമാകും.

എമിറേറ്റിസിൻറെ എയ്റോ പൊളിറ്റിക്കൽ ആന്റ് ഇൻഡസ്ട്രി കാര്യ വകുപ്പ് സീനിയർ വൈസ് പ്രസിഡന്റ് സാലം ഉബൈദുള്ള, സീനിയർ മാനേജർ അഹമ്മദ് അൽ കാമിസ് എന്നിവരുമായാണ് മന്ത്രി ചര്‍ച്ച നടത്തിയത്. ഡോ.ആസാദ് മൂപ്പൻ, ഐ ബി പി സി ചെയർമാൻ സുരേഷ് കുമാർ, ജയിംസ് മാത്യു, പി.കെ അൻവർനഹ എന്നിവരും മന്ത്രികൊപ്പമുണ്ടായിരുന്നു.