‘റെയിന്‍ഡീര്‍ വലിക്കുന്ന വിമാനം’; ക്രിസ്മസ് ആശംസയുമായി ദുബൈയുടെ എമിറേറ്റ്‌സ് എയര്‍ലൈന്‍

0

ദുബായ്: ലോകമെമ്പാടും ക്രിസ്മസ് ആഘോഷ ലഹരിയിലാണ്. വ്യത്യസ്തമായ ആഘോഷ പരിപാടികള്‍ സംഘടിപ്പിച്ചാണ് ലോകമെങ്ങുമുള്ള ജനങ്ങള്‍ ക്രിസ്മസിനെ വരവേല്‍ക്കുന്നത്. ആളുകള്‍ക്ക് ഒത്തുചേരാനും സന്തോഷം പങ്കുവെക്കാനുമുള്ള അവസരം കൂടിയാണ് ക്രിസ്മസ്. രാജ്യാതിര്‍ത്തികള്‍ക്കും സംസ്കാരങ്ങള്‍ക്കുമപ്പുറം ജനങ്ങളെ ഒന്നിപ്പിക്കുന്ന എല്ലാ അവസരങ്ങളും ആഘോഷിക്കപ്പെടേണ്ടതാണെന്ന സന്ദേശം കൂടിയാണ് ലോകമെമ്പാടുമുള്ള ക്രിസ്മസ് ആഘോഷങ്ങൾ നൽകുന്നത്.

ഇത്തവണ കൗതുകമുണർത്തുന്ന ഒരു ക്രിസ്മസ് സ്‌പെഷ്യല്‍ വീഡിയോ പങ്കുവെച്ച് സോഷ്യല്‍ മീഡിയയുടെ കയ്യടി നേടുകയാണ് ദുബൈയുടെ സ്വന്തം വിമാന കമ്പനിയായ എമിറേറ്റ്‌സ് എയര്‍ലൈന്‍.

റെയിന്‍ഡീര്‍ വലിക്കുന്ന എമിറേറ്റ്‌സ് വിമാനത്തിന്റെ വിഎഫ്എക്‌സ് വീഡിയോയാണ് വിമാന കമ്പനി സാമൂഹിക മാധ്യമങ്ങളില്‍ പങ്കുവെച്ചിരിക്കുന്നത്. വിമാനത്തിന് മുകളില്‍ സാന്താക്ലോസിന്റെ ചുവപ്പും വെള്ളയും നിറങ്ങളിലുള്ള വലിയ തൊപ്പിയും കാണാം. ക്രിസ്മസ് ആശംസ നേര്‍ന്ന് കൊണ്ട് എമിറേറ്റ്‌സ് പങ്കുവെച്ച വീഡിയോ വൈറലാകുകയാണ്. നിരവധി പേരാണ് സാമൂഹിക മാധ്യമങ്ങളില്‍ വീഡിയോയ്ക്ക് കമന്‍റുകളുമായി എത്തിയത്.