യാത്രക്കാരനുണ്ടായ ആരോഗ്യപ്രശ്നം മൂലം കൊച്ചിയിൽ എമിറേറ്റ്സ് വിമാനം അടിയന്തര ലാൻഡിങ് നടത്തി

1

ദുബായ്/കൊച്ചി: ദുബായിൽ നിന്നും ജക്കാർത്തയിലേക്ക് പോയ എമിറേറ്റ്സ് വിമാനം യാത്രക്കാരനുണ്ടായ ആരോഗ്യപ്രശ്നം മൂലം കൊച്ചിയിൽ അടിയന്തര ലാൻഡിങ് നടത്തി. ശനിയാഴ്ച പുലർച്ചെയാണ് വിമാനം നെടുമ്പാശേരിയിൽ അടിയന്തര ലാൻഡിങ് നടത്തിയത്. തൊട്ടടുത്തുള്ള സ്വകാര്യ ആശുപത്രിയിലേക്ക് യാത്രക്കാരനെ എത്തിച്ചെങ്കിലും ജീവൻ നഷ്ടമായിരുന്നുവെന്ന് ആശുപത്രി അധികൃതർ വ്യക്തമാക്കി.നെഞ്ചുവേദനയെ തുടര്‍ന്ന് ഇന്തൊനീഷ്യൻ സ്വദേശിയായ എച്ച്.എസ്. വിഡോലോ (59) ആണ് മരിച്ചത്.ഇൻക്വസ്റ്റ് ഉൾപ്പെടെയുള്ള തുടർ നടപടികൾക്കായി പൊലീസിനെ വിവരം അറിയിച്ചുവെന്നും ആശുപത്രി അധികൃതർ പറഞ്ഞു. നടപടികൾക്കു ശേഷം മൃതദേഹം മോർച്ചറിയിൽ സൂക്ഷിക്കും. ഉത്തരവാദിത്തപ്പെട്ട ആരെങ്കിലും ബന്ധപ്പെട്ടാൽ മൃതദേഹം സ്വദേശത്തേക്ക് കൊണ്ടുപോകുന്നതിനുള്ള നടപടികൾ സ്വീകരിക്കുമെന്നും നെടുമ്പാശേരി പൊലീസ് പറഞ്ഞു.