എയര്‍ബസ് സര്‍വീസ് തുടങ്ങി; ഇനി ദുബായിൽ നിന്നും മസ്‌കറ്റിലേക്ക് പറക്കാൻ വെറും 40 മിനിട്ട് മാത്രം

0

അബുദാബി: ദുബായ് -മസ്‌കറ്റ് യാത്രയ്ക്ക് ഇനി വെറും 40 മിനിറ്റുമതി.എമിറേറ്റ്‌സാണ് എ 380 ഡബിള്‍ ഡെക്കര്‍ വിമാനത്തില്‍ 40 മിനിറ്റില്‍ ദുബായ്-മസ്‌കറ്റ് സര്‍വീസ് ആരംഭിച്ചിരിക്കുന്നത്. സാധാരണഗതിയില്‍ ഒരു മണിക്കൂര്‍ 15 മിനിറ്റാണ് ഈ റൂട്ടില്‍ വിമാന യാത്രാസമയം.

ലോകത്തിലെ ഏറ്റവും വലിയ വാണിജ്യവിമാനത്തില്‍ ലോകത്തിലെ തന്നെ ഏറ്റവും ഹ്രസ്വമായ യാത്ര സാധ്യം എന്നാണ് ഈ ദൗത്യത്തെ കുറിച്ച് കമ്പനി ട്വീറ്റ് ചെയ്തിരിക്കുന്നത്.

ദുബായ്-മസ്‌കറ്റ് യാത്രാ ദൂരം 340 കിലോമീറ്ററാണ്. എയര്‍ബസ് എ 380 വിമാനം 42 പേരെ ഉപയോഗിച്ച് വൃത്തിയാക്കുന്നതിന് എടുക്കുന്ന സമയത്തെക്കാള്‍ അഞ്ച് മിനിറ്റ് മാത്രം സമയം അധികം മതി ഈ യാത്രയ്‌ക്കെന്ന് കമ്പനി ട്വീറ്റ് ചെയ്തു.

ഒമാനിലേക്ക് സര്‍വീസ് ആരംഭിച്ചതിന്റെ 25-ാം വാര്‍ഷികത്തിന്റെ ഭാഗമായാണ് എ 380 എയര്‍ബസ് വിമാനം മസ്‌കറ്റിലേക്ക് എത്തുന്നത് എന്ന് എമിറേറ്റ്‌സ് എയര്‍ലൈന്‍സ് അറിയിച്ചു.

എ 380 ഇതുവരെ സഞ്ചരിച്ചതില്‍ ഏറ്റവും കുറഞ്ഞ ദൂരങ്ങളില്‍ ഒന്നാണ് മസ്‌കറ്റിലേക്ക് ഷെഡ്യൂള്‍ ചെയ്തിരിക്കുന്നത്. 1993ലാണ് എമിറേറ്റ്‌സ് മസ്‌കറ്റിലേക്ക് ആദ്യ സര്‍വീസ് ആരംഭിച്ചത്. ഇതുവരെ 4.3 ദശലക്ഷം യാത്രക്കാരാണ് ഒമാനില്‍ നിന്ന് എമിറേറ്റ്‌സ് വിമാനത്തില്‍ സഞ്ചരിച്ചിട്ടുള്ളത്.