എമിറേറ്റ്‌സിനൊപ്പം പറക്കാം: ആറുമാസത്തിനകം 6,000 പേരെ നിയമിക്കും

1

ദുബായ്: ലോകമെമ്പാടമുള്ള കൊവിഡ് നിയന്ത്രണങ്ങള്‍ ലഘൂകരിച്ചതും വാക്‌സിനേഷന്‍ നിരക്ക് വര്‍ധിച്ചതും കണക്കിലെടുത്ത് കൂടുതല്‍ ജീവനക്കാരെ നിയമിക്കാനൊരുങ്ങി എമിറേറ്റ്‌സ് എയര്‍ലൈന്‍. അടുത്ത ആറു മാസത്തിനകം 6,000ത്തിലേറെ ജീവനക്കാരെ റിക്രൂട്ട് ചെയ്യാനാണ് എമിറേറ്റ്‌സിന്റെ പദ്ധതി.

പൈലറ്റുമാര്‍, ക്യാബിന്‍ ക്രൂ, എഞ്ചിനീയറിങ് സ്‌പെഷ്യലിസ്റ്റ്‌സ്, ഗ്രൗണ്ട് സ്റ്റാഫ് എന്നിവരെ നിയമിക്കാനാണ് വിമാന കമ്പനി പദ്ധതിയിടുന്നത്. അതേസമയം എമിറേറ്റ്‌സിന്റെ 90 ശതമാനം സര്‍വീസുകളും പുനരാരംഭിച്ചിട്ടുണ്ട്. കൊവിഡിന് മുമ്പുണ്ടായിരുന്ന ശേഷിയുടെ 70 ശതമാനം യാത്രക്കാരും ഈ വര്‍ഷം അവസാനത്തോടെ തിരികെയെത്തും. 6,000 പുതിയ ജീവനക്കാരെ നിയമിക്കുന്നത് ദുബായ് സമ്പദ് വ്യവസ്ഥയുടെ വേഗത്തിലുള്ള തിരിച്ചുവരവാണ് സൂചിപ്പിക്കുന്നതെന്നും പുതിയ അവസരങ്ങള്‍ സൃഷ്ടിക്കുന്നതിലേക്കും വിവിധ ബിസിനസുകളില്‍ നല്ല മാറ്റങ്ങള്‍ ഉണ്ടാകുന്നതിലേക്കും ഇത് നയിക്കുമെന്ന് എമിറേറ്റ്‌സ് എയര്‍ലൈന്‍ ഗ്രൂപ്പ് ചെയര്‍മാനും ചീഫ് എക്‌സിക്യൂട്ടീവുമായ ശൈഖ് അഹ്മദ് ബിന്‍ സഈദ് അല്‍ മക്തൂം പറഞ്ഞു.

സര്‍വീസുകള്‍ പഴയസ്ഥിതിയിലേക്ക് തിരികെ എത്തിയപ്പോള്‍ ജീവനക്കാരെ തിരിച്ചു വിളിക്കുകയും ശമ്പളം പുനസ്ഥാപിക്കുകയും ചെയ്തിരുന്നു. സെപ്തംബറില്‍ 3,000 ക്യാബിന്‍ ക്രൂവിനെയും 500 എയര്‍പോര്‍ട്ട് സര്‍വീസ് ജീവനക്കാരെയും നിയമിക്കുമെന്ന് എമിറേറ്റ്‌സ് അറിയിച്ചിരുന്നു. ദുബൈയില്‍ 600 പൈലറ്റുമാരെ നിയമിക്കുമെന്ന് അറിയിപ്പ് ഉണ്ടായിരുന്നു. എമിറേറ്റ്‌സിന്റെ വെബ്‌സൈറ്റിലെ കരിയര്‍ ലിങ്കില്‍ ക്ലിക്ക് ചെയ്ത് യൂസര്‍ നെയിം, പാസ്വേഡ് എന്നിവ നല്‍കണം. ഓരോ ഒഴിവുകളുടെയും വിശദ വിവരങ്ങളും ശമ്പളത്തിന്റെ വിവരങ്ങളും ഇവിടെ കൊടുത്തിട്ടുണ്ട്. അവ പരിശോധിച്ച ശേഷം അപേക്ഷകള്‍ സമര്‍പ്പിക്കാം.