‘ജൂലൈ അവസാനം ഹാജരാകണം’; സോണിയാ ഗാന്ധിക്ക് വീണ്ടും ഇഡി നോട്ടീസ്

0

ഡൽഹി: നാഷണൽ ഹെറാൾഡ് കേസില്‍ കോൺഗ്രസ് അധ്യക്ഷ സോണിയാ ഗാന്ധിക്ക് എൻഫോഴ്സ്മെന്റ് ഡയറക്ട്രേറ്റ് പുതിയ നോട്ടീസ് നൽകി. ജൂലൈ അവസാനം ഹാജരാകണമെന്നാണ് നോട്ടീസ്. എന്നാൽ തീയതി വ്യക്തമാക്കിയിട്ടില്ല. നേരത്തെ ഹാജരാകണമെന്നാവശ്യപ്പെട്ട് സോണിയക്ക് ഇഡി നോട്ടീസ് നൽകിയിരുന്നെങ്കിലും കൊവിഡ് ബാധിച്ച് ചികിത്സയിലായതിനാൽ ഹാജരായിരുന്നില്ല. ആരോഗ്യനില മെച്ചപ്പെടാൻ ആഴ്ചകളെടുക്കുമെന്ന് സോണിയ ഗാന്ധി കത്തിലൂടെ ഇഡിയെ അറിയിച്ചിരുന്നു.

കേസിൽ കഴിഞ്ഞ ദിവസങ്ങളിൽ കോൺഗ്രസ് ജനറൽ സെക്രട്ടറി രാഹുൽ ഗാന്ധിയെ ഇഡി ചോദ്യം ചെയ്തിരുന്നു. അഞ്ച് ദിവസം അന്‍പതിലേറെ മണിക്കൂരാണ് രാഹുൽ ഇഡിക്ക് മുന്നിലിരുന്നത്. സോണിയയുടെ കൂടി മൊഴിയെടുത്ത ശേഷം രാഹുലിനെ വീണ്ടും ചോദ്യം ചെയ്യാനാണ് ഇഡിയുടെ നീക്കം. നാഷണൽ ഹെറാൾഡ് പത്രത്തിന്റെ ഉടമസ്ഥരായ അസോസിയേറ്റഡ് ജേണൽസ് കമ്പനിയും രാഹുൽ ഡയറക്ടറായ യങ് ഇന്ത്യ ലിമിറ്റഡ് കമ്പനിയും തമ്മിൽ നടത്തിയ സാമ്പത്തിക ഇടപാടുകൾ സംബന്ധിച്ചും, യങ് ഇന്ത്യ ലിമിറ്റഡ് കൊൽക്കത്ത ആസ്ഥാനമായുള്ള ഡോടെക്സ് മെർക്കന്റൈസ് എന്ന കമ്പനിയുമായി നടത്തിയ സാമ്പത്തിക ഇടപാടുകളുമായും ബന്ധപ്പെട്ടാണ് ഇഡി രാഹുലിൽ നിന്നും വിവരങ്ങൾ തേടിയത്. ഇതുമായി ബന്ധപ്പെട്ട രേഖകൾ സമർപ്പിക്കാൻ കൂടുതൽ സമയം രാഹുൽ തേടിയിട്ടുണ്ട്.