എന്‍റെ ഗന്ധർവ്വൻ

0
Art by : Rajesh Paravoor

വീണ്ടും ഞാന്‍ എന്‍റെ തറവാട്ടു മുറ്റത്ത് എത്തിയിരിക്കുന്നു.

എന്‍റെ ജനനവും കളിയും ചിരിയും കുറുമ്പും കുസൃതിയും എല്ലാം ഇപ്പോഴും ഇവിടെ തങ്ങി നില്‍പ്പുണ്ട്..എന്‍റെ തറവാട്…

കാറില്‍ നിന്നും പതിയെ ഇറങ്ങി എല്ലാം ആകെ മാറിപോയിരിക്കുന്നു.ആകെ കാടുപിടിച്ചു. തറവാട് ഇടിഞ്ഞു പൊളിഞ്ഞു വീഴാറായി…

ഭൈരവീ…

എന്ന മുത്തശ്ശിയുടെ നീട്ടിയുള്ള വിളി കാതില്‍ മുഴങ്ങി..

സര്‍പ്പക്കാവ് എല്ലാം കാടുപിടിച്ചു മുടിഞ്ഞ് കിടക്കുകയാണ്.കുട്ടിമാമയും കൂടെ ഉണ്ട്.

തൊടിയിലേക്കു ഒന്നും ഇറങ്ങേണ്ട കുട്ട്യേ നിറയെ വിഷജന്തുക്കള്‍ ആണ് ഇങ്ങോട്ട് ആരും വരവില്ല.

കുട്ടി മാമ എന്തൊക്കയോ പുലമ്പുന്നുണ്ട്.ചുറ്റും കാടാണ്.

എന്നെ ഒരു വിഷജന്തുവും തീണ്ടില്ല. എന്‍റെ ഗന്ധമറിയുന്നവരാണ് ഇവിടത്തെ നാഗയക്ഷിയും സര്‍പ്പങ്ങളും.എന്തിന് ഇവിടത്തെ മരങ്ങളും മണ്ണും കാറ്റും പിന്നെ എന്‍റെ ഗന്ധര്‍വ്വനും.. ഭൈരവിയെ മറക്കാന്‍ ഇവര്‍ക്ക് കഴിയുമോ കാവില്‍ ഞാനിവര്‍ക്കു എത്ര തിരി തെളിച്ചിരിക്കുന്നു..

ഞാന്‍ പതിയെ വടക്കേ തൊടിയിലൂടെ നടന്ന് ചെമ്പകച്ചോട്ടില്‍ എത്തി.

ഓര്‍മ്മകളില്‍ ഇന്നും വിരിയുന്ന ചില പൂക്കളുണ്ട് അവക്ക് ബാല്യത്തിന്‍റെ സുഗന്ധമായിരിക്കും..ഇടക്ക് കണ്ണുകള്‍ ഇറുക്കിയടച്ചു ഞാന്‍ ആ സുഗന്ധത്തിന്‍ ലഹരിയില്‍ ബാല്യത്തിലേക്ക് തിരികെ നടക്കാറുണ്ട്….

കാടുപിടിച്ച ചെമ്പകച്ചോട്ടിലിന്നും ചെമ്പക അല്ലികള്‍ വീണുകിടപ്പുണ്ട്..ബാല്യത്തില്‍ കൂട്ടുകാരെല്ലാം ചെമ്പകമരത്തില്‍ കയറുമ്പോള്‍ ചെമ്പകമരചുവട്ടില്‍ ചെമ്പകമരത്തില്‍ കയറാനറിയാതെ നില്‍ക്കുന്ന ആ പെൺകുട്ടിയുടെ തേങ്ങല്‍ ഞാന്‍ കേള്‍ക്കുന്നുണ്ട്..അറിയാതെ ഞാനും തേങ്ങി പോയി..അത്രമാത്രം ഇഷ്ട്ടമുള്ള ചെമ്പകപൂവ് ഒന്നെങ്കിലും കിട്ടാന്‍ കൊതിയോടെ ചെമ്പകമരത്തിലേക്കു അന്നത്തെ പോലെ വീണ്ടും ഞാനൊന്നു നോക്കി എന്നെ നോക്കി ചെമ്പകമരം പുഞ്ചിരി തൂകിയപ്പോഴാണോ എന്തോ കുറച്ചല്ലികള്‍ എന്‍റെ മേലേക്ക് പൊഴിഞ്ഞു വീണു..

തൊട്ടപ്പുറത്തെ ഇലഞ്ഞി മരച്ചുവട്ടില്‍ ഇലഞ്ഞിപൂക്കള്‍ പട്ടുമെത്ത വിരിച്ച പോലെ പുല്ലുകളെ മറച്ചു നിറയെ വീണുകിടപ്പുണ്ട്.ഇലഞ്ഞിമരചുവട്ടിലിരുന്നു വാഴനൂലില്‍ ഇലഞ്ഞിപൂക്കള്‍ കോര്‍ത്ത് പൂമാല തലയില്‍ ചൂടിയിരുന്ന പെൺകുട്ടിയുടെ ആ നിഷ്കളങ്കമായ പുഞ്ചിരി ഞാന്‍ കണ്ടു.അറിയാതെ എന്‍റെ ചുണ്ടിലും ഒരു പുഞ്ചിരി വിരിഞ്ഞു…

തെക്കേത്തൊടിയിലെ എന്‍റെ പ്രിയപ്പെട്ട ലാങ്കിയെ തിരഞ്ഞു ചെന്നപ്പോള്‍ പ്രായമേറെ ആയെങ്കിലും നിറയെ പച്ചയും മഞ്ഞയും നിറഞ്ഞു മുത്തശ്ശി ലാങ്കി,നിറയെ ലാങ്കി പൂക്കളാല്‍ അതിസുന്ദരിയായി നില്‍പ്പുണ്ട്..

അതിന്‍റെ സുഗന്ധത്തില്‍ മതിമറന്നു ഞാന്‍ ബാല്യത്തിലേക്ക് വീണ്ടും നടന്നു.. ഏട്ടനെ ചൂണ്ടി കാണിച്ചു അവിടെ കിടക്കുന്ന കല്ല് പെറുക്കി എറിഞ്ഞു ഒരു പൂവെങ്കിലും താഴെ വീഴാന്‍ മേലേക്ക് നോക്കി കൊതിയോടെ നില്‍ക്കുന്ന കുഞ്ഞുടുപ്പിട്ട ഒരു പെൺകുട്ടി.. ലാങ്കി പൂവ് താഴെ വീഴുമ്പോള്‍ ലോകം കീഴടക്കി തന്ന ഏട്ടന്‍റെ രാജകുമാരി ആയി ഓടി പോയി ആ പൂവിനെ കുഞ്ഞു കൈകളില്‍ ചേര്‍ത്ത് വയ്ക്കുന്ന നിഷ്കളങ്ക ബാല്യം…

ഇടവഴിയിലൂടെ നടക്കുമ്പോള്‍ വേലിക്കരികില്‍ രണ്ടു സൈഡിലും നിറയെ ഗന്ധരാജന്‍ ചെടിയില്‍ പൂത്തുലഞ്ഞു നില്‍ക്കുന്ന പൂക്കളുടെ ഗന്ധം ലഹരി പിടിപ്പിക്കുന്നു.ഓര്‍മ്മകള്‍ക്ക് നഷ്ടപ്പെട്ട ബാല്യത്തിന്‍റെ സുഗന്ധം തന്നെയാണ്.

അവിടന്ന് നടന്ന് കാവിന്‍റെ അരികില്‍ എത്തി പാലമരത്തില്‍ പൂക്കള്‍ ഒന്നും ഇല്ല..

പ്രൗഢി ഒട്ടും കുറയാതെ വിടര്‍ന്നു കുടപോലെ പാലമരം അവിടെ നില്‍ക്കുന്നുണ്ട്.പാലപൂക്കുന്ന സമയം അല്ലാത്തതിനാല്‍ പാലപ്പൂക്കള്‍ ഇല്ല.മുത്തശ്ശിയുടെ ഗന്ധര്‍വ്വ കഥകള്‍ കേട്ടു പന്ത്രണ്ട് വയസ്സില്‍ രാത്രിയുടെ അന്ത്യയാമത്തില്‍ ജനല്‍പ്പാളി തുറന്ന് വിടര്‍ന്ന പാലപ്പൂക്കള്‍ കൈയില്‍ പിടിച്ചു ഗന്ധര്‍വ്വനെ കാത്തിരുന്നു ഉറങ്ങി പോയ ദിനങ്ങള്‍ ഓര്‍ത്തു ചിരി വന്നു.

വീണ്ടും കുട്ടിമാമയുടെ വിളി വന്നു..

ഭൈരവി കുഞ്ഞേ.. കാവിന്‍റെ അടുത്തേക്ക് പോകണ്ടാട്ടോ കുറേ കാലായി വിളക്ക് വയ്ക്കല്‍ ഒന്നുല്യാതെ കിടക്കുന്നു.അതിന്‍റെ അനര്‍ത്ഥങ്ങള്‍ ഒരുപാടുണ്ട്..

രണ്ടാഴ്ച കഴിഞ്ഞു എല്ലാത്തിനും പരിഹാരമാകും മേക്കാട്ടു മനക്കാര്‍ വന്ന് കാവ് കൊണ്ടു പോകുകയാണ്.ഇവിടെ ഇങ്ങനെ പൂജയും വിളക്കു വയ്ക്കല്‍ ഒന്നും ഇല്ലാതെ കിടന്നു ഇനിയും വയ്യ ശാപങ്ങള്‍ വരുത്തി വയ്ക്കാന്‍.ഇങ്ങോട്ട് പോന്നുള്ളു കുട്ട്യേ..

കഴിഞ്ഞതൊന്നും മറന്നിട്ടില്ലല്ലോ അല്ലേ..ഇനിയും ഓരോന്ന് വരുത്തി വയ്ക്കണ്ടാട്ടോ…

അതെ കഴിഞ്ഞതൊക്കെ അങ്ങനെ മറക്കാന്‍ പറ്റുമോ…

കാവില്‍ തിരിതെളിച്ചു നില്‍ക്കുമ്പോള്‍ മുത്തശ്ശിയുടെ മുത്തശ്ശിയില്‍ ഗന്ധര്‍വ്വന്‍ പ്രവേശിച്ച കഥകളൊക്കെ എന്‍റെ മുത്തശ്ശിയില്‍ നിന്നും കേട്ട് കേട്ട് എന്നെ ആ കഥകള്‍ ഒരുപാടു സ്വാധീനിച്ചു.
ഗന്ധര്‍വ്വന്‍ പ്രവേശിച്ച മുത്തശ്ശി എന്നെ പോലെ തന്നെ ആയിരുന്നെന്ന് കൂടി അറിഞ്ഞപ്പോള്‍ ഞാന്‍ വേറെയൊരു ലോകത്തില്‍ എത്തിപ്പെട്ടത് പോലെയായിരുന്നു.പതിനെട്ടു വയസ്സ് തികഞ്ഞ സുന്ദരിയായ പെൺകുട്ടികള്‍ വെള്ളിയാഴ്ച്ചയും വെളുത്തവാവും ചേര്‍ന്നു വരുന്ന ദിവസങ്ങളില്‍ കണ്ണെഴുതാനും പൂവ് ചൂടാനും പാടില്ലയെന്നും,അങ്ങനെ ചെയ്താല്‍ ഗന്ധര്‍വ്വന്‍ ശരീരത്തില്‍ പ്രവേശിക്കുമെന്നുമുള്ള മുത്തശ്ശിയുടെ വാക്കുകള്‍ എന്നില്‍ ഗന്ധര്‍വ്വനെ കാണുവാനുള്ള ആകാംക്ഷ കൂട്ടി.

ഒരു വെള്ളിയാഴ്ച്ചയും വെളുത്തവാവും ചേര്‍ന്ന ദിവസം ഞാന്‍ കണ്ണെഴുതി നിറയെ മുല്ലപ്പൂവും ചൂടി പാലമരചുവട്ടില്‍ ഗന്ധര്‍വ്വനെ കാത്തിരുന്നപ്പോള്‍..പെട്ടന്നൊരു
കാറ്റ് വീശി..അവിടമാകെ പാലപ്പൂക്കളുടെ സുഗന്ധം നിറഞ്ഞു.ആകെ പേടിച്ചു വിറച്ചു നിന്ന എന്‍റെ കണ്ണുകളിലേക്കു വല്ലാത്തൊരു പ്രകാശം അടിച്ചു.പെട്ടന്ന് ഞാന്‍ തലകറങ്ങി വീണു.
കണ്ണ് തുറന്നപ്പോള്‍ അമ്മയുടെ മടിയില്‍ കിടക്കുകയായിരുന്നു.

പിന്നെ ഉള്ളില്‍ ഒരു തരം ഭയമായിരുന്നു..എന്തു കണ്ടാലും ഭയം.ലൈറ്റ് ഇട്ടാല്‍ ഓടി ഒളിക്കും..ഇരുട്ടില്‍ മുഖം പൊത്തിയിരുന്ന ദിനങ്ങള്‍..മാസങ്ങള്‍..
ഒരു വര്‍ഷത്തോളം പൂജയും ചികിത്സയുമായി ദിനങ്ങള്‍ കൊഴിഞ്ഞു.

പിന്നെ എന്നെ കല്‍ക്കട്ടയില്‍ അമ്മായിടെ വീട്ടില്‍ കൊണ്ടു നിര്‍ത്തി. അവിടെ ആയിരുന്നു എന്‍റെ പഠനം.അമ്മായിയുടെ മകന്‍ എന്‍റെ മുറച്ചെറുക്കന്‍ തന്നെ എന്നെ വിവാഹവും കഴിച്ചു.അവിടന്ന് ആളുടെ കൂടെ അമേരിക്കയിലേക്ക്..
മുത്തശ്ശിയുടെ മരണം എല്ലാം അവിടെ ആയിരുന്നപ്പോള്‍ അറിഞ്ഞു എങ്കിലും വരാന്‍ പറ്റിയില്ല.മുത്തശ്ശിയുടെ മരണശേഷം വലിയച്ഛന്‍ കുറേ മാറിയുള്ള പറമ്പില്‍ വീടുവച്ചു അങ്ങോട്ട് താമസം മാറി.അങ്ങനെ വര്‍ഷങ്ങള്‍ക്കു ശേഷമാണ് ഞാനീ തറവാട്ട് മുറ്റത്ത് തിരികെ വന്നത്.

വീണ്ടും കുട്ടിമാമയുടെ വിളി വന്നു കുട്ട്യേ മുത്തശ്ശിയുടെ അസ്ഥിത്തറയില്‍ വിളക്കു വച്ചോളൂട്ടോ സന്ധ്യമയങ്ങുന്നു എന്നിട്ടു നമുക്ക് പോകാം…

പതിയെ ഞാന്‍ എഴുന്നേറ്റു മുത്തശ്ശിയുടെ അസ്ഥിത്തറയില്‍ വിളക്കു വച്ചു പ്രാര്‍ത്ഥിച്ചു..

കണ്ണുകളില്‍ നീര്‍നിറഞ്ഞു തുളുമ്പി…

മോളെ..

ഭൈരവി..എന്നൊരു വിളി കേള്‍ക്കുന്ന പോലെ..

ഒരു കുളിര്‍കാറ്റു പതിയെ മുടിയില്‍ തഴുകി പോയി..

പെട്ടെന്ന് അവിടമാകെ പാലപ്പൂവിന്‍റെ സുഗന്ധവും നിറഞ്ഞു..

ഞാന്‍ കണ്ണുകള്‍ തുറന്നു.

കുട്ടി മാമ പറഞ്ഞു ഇരുട്ടുവീഴും മുന്നേ പോകാം വേഗം നടക്കു കുട്ട്യേ ഇന്ന് വെള്ളിയാഴ്ചയാണ്..

ഡ്രൈവര്‍ വണ്ടിയെടുത്തു ഞാന്‍ കാറില്‍ കയറി ഡോര്‍ അടച്ചു.

ഒന്നു കൂടി തിരിഞ്ഞു നോക്കി..

പെട്ടന്ന് ഞാനൊന്നു ഞെട്ടി..

അപ്പോള്‍ പാലയില്‍ നിറയെ പൂക്കള്‍ വിരിഞ്ഞു നില്‍ക്കുന്നുണ്ടായിരുന്നു..

സ്മിത ക്ലെമന്‍സ് വടക്കന്‍