ചെറുകഥ, പ്രിയ കുട്ടന്‍

എന്റെ വാരിയെല്ല്

“ജോസണ്ണാ.”
“ഓഹോ വാസു,നീ ആയിരുന്നോ?”
“ആമാ അണ്ണാ , ഓടമ്പു ഇപ്പൊ എപ്പടിയിരിക്ക് ?”
“കുഴപ്പമില്ല.”
“അമ്മാ വന്തതില്ലേയാ ?”
“ഇല്ല വാസു.”
“നീങ്കെ കൂപ്പിട്ടിരിക്കമാട്ടെങ്കേ.”

ഭക്ഷണം ടേബിളിൽ വച്ച് അവൻ പോയി.ഒന്നും പറയാന്‍ തോന്നിയില്ല.കൂപ്പിട്ടിരിക്കമാട്ടെ അത്രേ ,ഇനി അവളുടെ കാലേല്‍ വീഴണം എന്നാണോ ഇവന്‍ ഉദേശിച്ചെ .വാസു ഇവിടെ ഫ്ലാറ്റിലെ വീട്ടുകാർക്കൊക്കെ ഒരു സഹായമാണ്. എന്നാതിനു വിളിച്ചാലും ഓടി വരും. മരിയാക്കു വല്യ കാര്യമാണ് അവനെ .ഇത്രേം കാലമായിട്ടും ഇവള്ക്കിതെന്ത്യെ എന്നെ മനസില്ലാക്കാന്‍ പറ്റാത്തെ.

“പ്രായം പത്ത് അറുപതു ആകുന്നു, നിങ്ങള്‍ എന്നാത്തിനാ ആ കൊച്ചുങ്ങളോട് ഇത്രേം കൂട്ടുകൂടുന്നെ. കൊച്ചുമക്കളൊന്നും അല്ലല്ലോ.” മക്കളില്ലാതെ ഇങ്ങിനാ മരിയാ കൊച്ചുമക്കളുണ്ടാകുന്നെ എന്ന് ചോദിക്കണം എന്നുണ്ടായിരുന്നു.താഴത്തെ ഫ്ലാറ്റിലെ അഭിരാം എന്ന പത്തു വയസുകാരന്‍ കൊച്ചും അവന്റെ ചേച്ചി പ്ലസ്‌ 2 ക്കാരി അഭിനയും ആയി ചങ്ങാത്തത്തില്‍ ആയപ്പോ മുതല്‍ തുടങ്ങിയതാണ്. ഈ വയസന് പിന്നെ ആരെ കൂട്ട് കിട്ടാനാ. സമപ്രായക്കാരാകമെന്നു വച്ചാല്‍ സകലതിനെയും മൈക്രോസ്കോപ് വച്ച് കുറ്റം പറയുന്ന മുന്നിലത്തെ ഫ്ലാറ്റിലെ കേശവനാചാരി എന്ന ജീവി അല്ലാതെ വേറെയാരും ഇല്ല.

കാനഡ വിട്ടു നാട്ടില്‍ സെറ്റിലാവാമെന്നവള്‍ സമ്മതിച്ചപ്പോ സ്വപ്നത്തില്‍ കൂടെ കരുതിയിരുന്നില്ല ഈ കൊച്ചിക്ക് വേണ്ടി വാശി പിടിക്കുമെന്ന്..എന്തൊക്കെ ആയിരുന്നു നാട്ടിലോരു വീട്, കുറച്ചു പറമ്പ്, ഒന്നു രണ്ടു പശു. എല്ലാം അവളുടെ പിടി വാശിക്ക് മുമ്പില്‍ കുഴിച്ചു മൂടേണ്ടി വന്നു.ഇതെല്ലാം മനസിലങ്ങു എപ്പോഴോ കയറി പറ്റിയ ആഗ്രഹങ്ങൾ ആണ്. കൃത്യമായി പറഞ്ഞാൽ തൂവാനത്തുമ്പികൾ കണ്ടത് മുതൽ. ആ വീടും മോഹം പൂത്തുതുടങ്ങി എന്ന പാട്ടും ..

ഹൊ ഒരു കാലം .മോഹം പൂത്തു തുടങ്ങുന്ന കാലം.കോളേജ് അലുമിനി ക്ലബ്ബിൽ പ്രാസംഗികൻ ആയി പോയപ്പോൾ പ്രയർ ചൊല്ലിയ ഫസ്റ്റ് ഈയേർ ഫിസിക്സ്,പാട്ടുകാരി അന്ന. അത്യാവശ്യത്തിൽ കൂടുതൽ ഗട്സ് ഉണ്ടായിരുന്നത് കൊണ്ട് ആദ്യ ദിവസം തന്നെ അങ്ങ് കേറി മുട്ടി .രണ്ടു മൂന്നു മാസം അവള് പിന്നാലെ നടത്തിപ്പിച്ചു. അവളുടെ അപ്പന് കൃഷിയായിരുന്നു. രാവിലെ ഓടാൻ പോകുന്ന വഴിക്ക് പെണ്ണ് കന്നിനെ കുളിപ്പിക്കുന്നത് കാണാറുണ്ട്. സത്യം പറഞ്ഞാ അന്ന് രഞ്ജിനി ടാകീസിൽ സിനിമ കണ്ടപ്പോൾ പാട്ടിനിടയിൽ കന്നിനെ കുളിപ്പിക്കുന്നത് ഞാനും അവളുമാണെന്നു എനിക്കു തോന്നിപോയി. അതങ്ങിനെ സ്ക്രീനിൽ കാണുന്നതിനു എത്രയോ മുന്പ് അവൾ കന്നിനെ കുളിപ്പിക്കുന്നത് വായി നോക്കി നിന്നിരിക്കുന്നു . ഇന്നും ആ സിനിമ കാണുമ്പോൾ കന്നിനെ കുളിപ്പിക്കുന്നത് എന്റെ ആദ്യ പ്രണയമാണെന്നേ എനിക്ക് തോന്നു . മനസിന്റെ ശുദ്ധഗതികൊണ്ട് ഇതൊക്കെ കല്യാണം കഴിഞ്ഞ ഇടയ്ക്കു തന്നെ മരിയയോട് പറയുകയും ചെയ്തു. ഇനി അതാണാവോ അയാള് കന്നിനെ മേടിക്കാനും നാട്ടിൽ വീട് വക്കാനും സമ്മതിക്കാത്തത്.

എന്തായാലും രണ്ടു ദിവസം മുൻപ് രാവിലെ നിങ്ങള്‍ക്ക് എന്നെ വേണ്ടാത്തത് കൊണ്ട് ബെന്നിടെ വീട്ടില്‍ പോകുന്നു എന്ന് പറഞ്ഞു ഇറങ്ങിപോയതാണ്. ബെന്നി കേട്ടിയോള്‍ടെ അനന്തിരവനാണ്.ഉറക്കം വിട്ടിലായിരുന്നതിനാല്‍ മരിയാ പറഞ്ഞതൊന്നും തിരിഞ്ഞില്ലായിരുന്നു . രാവിലെ എഴുന്നേല്‍ക്കാന്‍ വൈകുമ്പോള്‍ ഉള്ള സ്ഥിരം ചീത്തവിളിയായിരിക്കുo എന്ന് കരുതി.എഴുന്നെറ്റു വായും കഴുകി ബെഡ് കോഫീക്ക് വെയിറ്റ് ചെയ്തിട്ടും അത് കിട്ടാതിരുന്നപ്പോഴാണ് കളി കാര്യമാണെന്ന് മനസിലായത്.ഇവള്‍ക്കിത്‌ എന്നാത്തിന്റെ കേടാ വെറുതെ നാട്ടുകാരെ കൊണ്ട് പറയിപ്പിക്കാന്‍.

ബെന്നി വിളിച്ചിരുന്നു.എന്തായാലും വന്നതല്ലേ രണ്ടു ദിവസം ആന്റി അവിടെ നില്‍ക്കട്ടെ എന്ന്. അവള്‍ക്കാണെങ്കില്‍ നൂറുവട്ടം സമ്മതം.ഈയുള്ളവന്റെ സുഖത്തിലും ദുഖത്തിലും പങ്ക് കൊള്ളാന്‍ തയ്യാറാണെന്ന് പറഞ്ഞു പത്തു ഇരുപത്തഞ്ചുവര്ഷം മുന്പ് കൂടെവന്നവൾ,ഇപ്പൊ താണ്ടെ വേണ്ടാന്ന് പറഞ്ഞു ഇട്ടേച്ചു പോയിരിക്കുന്നു .അവളുടെ അപ്പന്റെ കൂടെ ജീവിച്ചതിനേക്കാള്‍ സുഖത്തിലാണ് അവളെ ഞാന്‍ നോക്കിയിരുന്നത്. എന്ത് കാര്യം !!!

പോയതിൽ പിന്നെ വിളിയും പറച്ചിലും ഒന്നും ഇല്ല . ഇന്നും കൂടെ ഫോണില്ലേൽ ബെന്നിടെ അവിടെ ഒന്ന് പോകണം. ദാമ്പത്യത്തിൽ തെറ്റുകൾ എല്ലാം ചെയ്യുന്നതു പുരുഷപക്ഷം ആണല്ലോ!! അലിഖിതമായ ആ നിയമം ഇനി ഞാൻ ആയിട്ടു തിരുത്തുന്നില്ല. ഊണ് കഴിഞ്ഞു ഇറങ്ങണം. പണ്ട് എന്ത് പറഞ്ഞാലും ചോദിച്ചാലും ചാച്ചന്റെ ഇഷ്ട്ടം എന്ന് പറഞ്ഞിരുന്ന കഷിയാ.ഇപ്പൊ എന്തിനും അവള്‍ക്കു അവളുടേതായ നയങ്ങളുണ്ട്‌.എല്ലാം സമ്മതിച്ചു കൊടുത്തേക്കണം.ഇല്ലേല്‍ മനസമാധാനം തരുകേല.നാണം കൊണ്ട് മുഖത്തുകൂടെ നോക്കാത്ത അവളെ, ഇപ്പൊ കാണണേല്‍ ടൈം മിഷേന്‍ റീവൈന്റ് ചെയ്‌തതു നോക്കണം.അവിടെയെങ്ങാനും മാറാല പിടിച്ചു നില്‍ക്കുണ്ടായിരിക്കും.ഇപ്പൊ നാണം പോയിട്ട് ഒരു വികാരവും മഷിയിട്ടു നോക്കിയാല്‍ പോലും കണ്ടുകിട്ടുകേലാ. ഇതെന്താ ഈ പെണ്ണ്ങ്ങള്‍ ഇങ്ങനെ എന്റെ കര്‍ത്താവേ! എന്നാലും എന്തിനായിരിക്കും അവൾ വഴക്കിട്ടു പോയത്. ബെന്നിയുടെ വീടിലെത്തും വരെ ചിന്തിച്ചിട്ടും ഒരു പിടിയും കിട്ടിയില്ല.

ബെന്നിയുടെ വീടെത്തിയപ്പോൾ സമയം ഒരു നാലടുത്ത് കാണും. നായിക തന്നെയാണ് വാതിൽ തുറന്നത്.
” നടന്നു വന്നാലും രണ്ടു ദിവസം എടുക്കുകേലല്ലോ മനുഷ്യനേ. അപ്പൊ അത്രക്കും ഉണ്ട് എന്നോടുള്ള സ്നേഹം”
“ആഹാ, ഞാൻ വരുന്നതും കാത്തിരിക്കുവായിരുന്നോ എന്റെ വാരിയെല്ല്? “
“എന്നാണോ ഞാൻ പറഞ്ഞേ ?”
“അല്ല .പക്ഷെ അങ്ങിനെ ഒരു ധ്വനി.”
“ഹും അങ്ങിനെ ഒക്കെ തോന്നും.”
“ഇവിടെ ഉള്ളവരൊക്കെ എന്തേ.”
“ബെന്നി രാവിലെ സേലത്ത് പോയി,കടയിൽ ഇന്ന് സ്റ്റൊക്ക് എടുക്കേണ്ട ദിവസം ആണ്.റീന കൊച്ചിനെ ഉറക്കുവാ. നിങ്ങൾ ഇരിക്ക് .കുടിക്കാൻ എന്തെങ്ങിലും എടുക്കണോ.”
“ഒരു ചായ കിട്ടിയാൽ കുടിക്കാം.”
“രാവിലെ കുടിച്ചോ?”
“കുടിച്ചു.”
“ദിവസം ഒന്നിൽ കൂടുതൽ വേണ്ട.”
“പച്ചവെള്ളം കിട്ടുവാണാവോ?”
“ഇപ്പൊ എടുക്കാം.”

അവിടുന്ന് അത്താഴം കഴിഞ്ഞു ഫ്ലാറ്റെത്തിയപ്പോൾ സമയം ഒത്തിരി ആയിരുന്നു. മരുന്ന് കഴിച്ചു കിടക്കാൻ നേരം അവൾ ഒരു കാര്യം പറഞ്ഞു.

“ചാച്ചാ ,ഈ സൺഡേ പള്ളിയിൽ നമുക്ക് ബൈക്കിനു പോകാമേ.”
“എന്നാന്ന് ?”
“ബൈക്കിനു പോകാം എന്ന്.”
“നീ ഇങ്ങനെ അറ്റാക്ക് തരാതെ, പെറ്റി കോട്ട് ഇട്ടു നടന്ന കാലത്ത് ഏതോ ഒരു ബൈക്ക് തട്ടിയതിന്റെ പേരിൽ ബൈക്കിനേം പേടി ബൈക്ക് ഓടിക്കുന്നവരേം പേടി എന്ന് പറഞ്ഞോണ്ട് ഇരിക്കുവല്ലായിരുന്നോ? എന്നിട്ടിപ്പോ എന്നാ പറ്റി ? “
“അതിപ്പോ എനിക്ക് ബൈക്ക് പേടിയാന്നു അറിഞ്ഞിട്ടും യാത്ര ചെയ്യാൻ കാറുണ്ടായിട്ടും ചാച്ചൻ ബൈക്ക് മേടിച്ചില്ലേ ?”
“ഞാൻ മേടിച്ചു എന്ന് വച്ച് നീ അതിൽ കേറേണ്ട”
“പിന്നെ എന്നാതിനാ കേറത്തതിനു കെറുവിച്ചോണ്ടിരുന്നേ.”
“എന്ന് ?”
“രണ്ടു ദിവസം മുൻപ്.”
“ഞാൻ ദേഷ്യപെട്ടോ?”
“ഉവ്വ്.രണ്ടെണ്ണം അകത്തായാൽ പിന്നെ പറയുന്നതൊന്നും ഓർമ കാണാറില്ലല്ലോ.”
“ഞാനോ ?”
“അല്ല,നിങ്ങടെ പ്രേതം. എന്റെ അന്നയായിരുന്നെങ്കിൽ എപ്പോ കേറിയാനെ എന്ന് “
“അന്നാന്നു ഞാൻ പറഞ്ഞോ ?”
“ദേ എനിക്ക് ദേഷ്യം വരുന്നുണ്ട് കേട്ടോ”
“സത്യമായിട്ടും എനിക്കൊന്നും ഓർമയില്ല.”
“എനിക്കൊര്മയുണ്ടല്ലോ!!”
“ഐ ആം സോറി,ഞാൻ അങ്ങിനെ മീൻ ചെയ്തിട്ടുണ്ടാവില്ല. അതാണോ ബെന്നിടെ അവിടേക്ക് പോയേ ?”
“ഹും,നിങ്ങൾ അവളെ രണ്ടു കൊല്ലമല്ലേ പ്രേമിചൊള്ളൂ മനുഷ്യാ.ഞാൻ ഇരുപത്താറ് കൊല്ലമായി നിങ്ങളുടെ കൂടെ “
“സോറി മരിയാ ,ഐ ആം റിയലി സോറി”
“എനിക്ക് വേണ്ട നിങ്ങളുടെ സോറി.സൺ ഡേ പള്ളിയിൽ എനിക്ക് ബൈക്കിനു പോണം, പറ്റുവോ?”
“ഡൺ. ശരിക്കും പേടി മാറിയോ ? “
“ഇല്ല,എന്നാലും കേറണം. എന്നെ വീഴിക്കാതെ ഓടിക്കണം. ഓടിക്കില്ലേ ? “
“ഉം. എന്നാലും ഇതിനു പിണങ്ങി പോകേണ്ട കാര്യം ഉണ്ടായിരുന്നോ. രണ്ടു വഴക്ക് പറഞ്ഞാൽ പോരായിരുന്നോ ഞാൻ നന്നാവില്ലേ.”
“അതവിടെ നിൽക്കട്ടെ.നിങ്ങളുടെ സ്ഥാനത്ത് ഞാൻ ആയിരുന്നേലോ,കൊന്നു കൊലവിളിച്ചേനെ അല്ലേ ?”
“അതൊക്കെ ചിലപ്പോ നടന്നുന്നു വരും. എന്നാലും 2 ദിവസം നീ എന്നെ തിരിഞ്ഞു നോക്കിയില്ലല്ലോ. സമയത്തിന് ഭക്ഷണവും മരുന്നുമൊക്കെ കഴിക്കുന്നുണ്ടോ എന്ന് ഒന്ന് വിളിച്ചെങ്കിലും ചെക്ക് ചെയ്യായിരുന്നു.”
“വെജിറ്റബിൾ സൂപ്പും മസാല കുറച്ച ഗ്രീൻ പീസ്‌ കറിയും ചപ്പാത്തിയും ഒക്കെ സമയാസമയത്തിനു കിട്ടിയില്ലേ? “
“അതാവാസുവിന് ദയ തോന്നി വന്ന് ഉണ്ടാക്കി തന്നു”
“ഞാൻ വിളിച്ചു പറഞ്ഞത് കൊണ്ട് അവനിവിടെ വന്നു.”
ഈ പെണ്ണുങ്ങളുടെ മനസ്സോരു കാണാക്കയം തന്നെ ..എന്റെ പോന്നുതമ്പുരാനേ ഇതുങ്ങളെ പെടച്ചു വിടുമ്പോള്‍ എന്നതായിരുന്നു നിന്റെ ഉള്ളില്‍.
“അപ്പൊ സ്നേഹമുള്ള ഒന്നിനെയാണ് തമ്പുരാൻ എന്നോട് ചേർത്തത് അല്ലേ? “
“സന്തോഷം, ഇപ്പോഴെങ്കിലും മനസിലായല്ലോ. കിടന്നുറങ്ങാൻ നോക്ക്.”

കഴിഞ്ഞ രണ്ടു ദിവസം ഞാൻ അനുഭവിച്ച വിഷമത്തേക്കാളും കൂടുതലായിരിക്കും അവളുടേത്‌.കെ ആർ മീരയുടെതാണ് എന്ന് തോന്നുന്നു ഒരിക്കൽ വായിച്ചിരുന്നു, ഒരു സ്ത്രീ അവളുടെ പുരുഷനെ സ്നേഹിക്കാൻ തുടങ്ങുമ്പോൾ പിന്നെ അവളെന്ന ഒന്ന് ഇല്ല എന്ന്.അത് ഒരുതരം അലിഞ്ഞില്ലാതാകൽ ആണ്.അതിനിടെ അവളുടെ അസ്തിത്വം ഒരു നോട്ടം കൊണ്ടോ വാക്ക് കൊണ്ടോ ചോദ്യം ചെയ്യപെട്ടാൽ അതവൾക്ക് ഉൾക്കൊള്ളാൻ ആവില്ല. എന്റെ മരിയക്ക്‌ മാത്രമല്ല ഒട്ടു മിക്ക സ്ത്രീകള്ക്കും.