പാരിസ്ഥിതികാഘാത നിർണയ നിയമ ഭേദഗതി – പുനർവിചിന്തനം അനിവാര്യം

0

പാരിസ്ഥിതികാഘാത നിർണയ നിയമ ഭേദഗതിയുടെ കരടു രൂപം കേന്ദ്രം തയ്യാറാക്കിയിരിക്കയാണ്. വ്യാപകമായ ചർച്ചകൾ ഈ വിഷയത്തിൽ രാജ്യവ്യാപകമായി നടന്നു വരികയാണ്. കൊച്ചു കേരളത്തിലാകട്ടെ, പ്രകൃതി ദുരന്തങ്ങൾ ആവർത്തിച്ചനുഭവപ്പെടുന്ന വർത്തമാന കാലത്ത് ഈ ചർച്ചക്ക് ഏറെ പ്രസക്തിയുണ്ട്. ഒരു പക്ഷേ ഈ നിയമ ഭേദഗതി ഏറ്റവും പ്രതികൂലമായി ബാധിക്കുന്ന സംസ്ഥാനവും കേരളം തന്നെയായിരിക്കും.


പരിസ്ഥിതി എന്ന വാക്ക് തന്നെ കേവലമായി ഉപയോഗിക്കപ്പെടേണ്ട ഒന്നല്ല. തീർച്ചയായും അതിൻ്റെ എല്ലാ സമഗ്രതയോടും കൂടി തന്നെ കൈകാര്യം ചെയ്യേണ്ട ഒരു പ്രധാന വിഷയമായി അതിനെ പരിഗണിക്കേണ്ടതുണ്ട്. അതിൽ പ്രതിപാദിക്കേണ്ടത് ജൈവ വ്യവസ്ഥയെപ്പറ്റി മാത്രമല്ല. നമ്മുടെ സാമൂഹ്യ-സാമ്പത്തിക ബന്ധങ്ങളെയും ആഗോള കാലാവസ്ഥയെപ്പറ്റിയും എല്ലാം അതിൽ ഉൾച്ചേരേണ്ടതുണ്ട്.

എന്നാൽ പുതിയ ഭേദഗതിയുടെ കരടിൽ ഇത്തരം ഒരു സമഗ്ര വീക്ഷണം ഉൾക്കൊണ്ടിട്ടുണ്ടെന്ന് പറയാൻ കഴിയില്ല. മറിച്ച് വാണിജ്യ താൽപര്യങ്ങൾക്കാണ് ഈ കരടു രേഖയിൽ പ്രാധാന്യം നൽകിയിട്ടുള്ളത്. അത്തരത്തിലുള്ള ഒരു നിയമ നിർമാണം നടക്കുമ്പോൾ നിസ്സംഗതയോടെ മൗനം അവലംബിക്കുന്നത് കുറ്റകരമാണ്. വരും തലമുറ നമ്മെ പ്രകൃതിയെയും മനഷ്യനെയും ഒറ്റുകൊടുത്ത കാപാലികരെന്ന് മുദ്ര കുത്തിയേക്കും. വ്യാവസായിക – വാണിജ്യ ആവശ്യങ്ങൾക്കായി പ്രകൃതിയെ കൈയ്യേറ്റം ചെയ്യാനും കൊള്ളയടിക്കാനുമുള്ള അനിയന്ത്രിതമായ ലൈസൻസായി ഈ നിയമം വഴിമാറുമെന്നതാണ് യാഥാർത്ഥ്യം.

പ്രകൃതി വിരുദ്ധമായ, ജൈവസമ്പത്തിനെ പൂർണ്ണമായും നശിപ്പിക്കാൻ ഹേതുവായി തീർന്നേക്കാൻ സാദ്ധ്യതയുള്ള ഈ നിയമം പ്രാബല്യത്തിലാകുന്നതിന് മുൻപ് തന്നെ ഇതിൻ്റെ കരടു രൂപം ചർച്ച ചെയ്യുമ്പോൾത്തന്നെ ഇതിന്നെതിരെ രംഗത്തെത്തേണ്ടതുണ്ട്. അതിനുള്ള സമയമായിരിക്കുന്നു. വരാനിരിക്കുന്ന തലമുറകൾക്ക് കൂടി അവകാശപ്പെട്ട പ്രകൃതി സമ്പത്ത് വാണിജ്യ താൽപര്യങ്ങൾക്ക് മുന്നിൽ തീരെഴുതിക്കൊടുക്കാൻ ഒരു ഭരണാധികാരികൾക്കും അവകാശമില്ല. ജനാധിപത്യ സംവിധാനത്തിൽ വിശേഷിച്ചും. അത് കൊണ്ടു തന്നെ പരിസ്ഥിതികാഘാത നിർണയ നിയമ ഭേദഗതി പിൻവലിക്കുക എന്ന് ഉച്ചൈസ്തരം വിളിച്ചു പറയാൻ സമയമായിരിക്കുന്നു.

LEAVE A REPLY

Please enter your comment!
Please enter your name here

This site uses Akismet to reduce spam. Learn how your comment data is processed.