ഇ.പി. ജയരാജൻ എൽ.ഡി.എഫ് കൺവീനർ; പി. ശശി മുഖ്യമന്ത്രിയുടെ പൊളിറ്റിക്കൽ സെക്രട്ടറി

0

തിരുവനന്തപുരം: ഇടതുമുന്നണി കൺവീനറായി കേന്ദ്രകമ്മിറ്റി അംഗം ഇ.പി. ജയരാജനെയും മുഖ്യമന്ത്രി പിണറായി വിജയന്റെ പൊളിറ്റിക്കൽ സെക്രട്ടറിയായി സംസ്ഥാന കമ്മിറ്റി അംഗം പി. ശശിയെയും നിയോഗിക്കാൻ സി.പി.എം തീരുമാനം.

കൂടാതെ, വിവിധ വർഗ – ബഹുജന സംഘടനാ ചുമതലകൾ പുതുതായി തിരഞ്ഞെടുക്കപ്പെട്ട സെക്രട്ടേറിയറ്റംഗങ്ങൾക്ക് വിഭജിച്ചു നൽകുന്നതടക്കമുള്ള സുപ്രധാന തീരുമാനങ്ങൾക്ക് സി.പി.എം സംസ്ഥാന സെക്രട്ടേറിയറ്റ് യോഗത്തിൽ ധാരണയായി. ഇന്ന് ചേരുന്ന സംസ്ഥാന കമ്മിറ്റി യോഗത്തിൽ തീരുമാനം അംഗീകരിക്കും.

1996 – 2001ൽ ഇ.കെ. നായനാർ മുഖ്യമന്ത്രിയായിരിക്കെ പി. ശശി പൊളിറ്റിക്കൽ സെക്രട്ടറിയായിരുന്നു. സി.പി.എം കണ്ണൂർ ജില്ലാ സെക്രട്ടറിയായിരിക്കെ 2011ലാണ് ഡി.വൈ.എഫ്.ഐ വനിതാനേതാവിന്റെ പെരുമാറ്റദൂഷ്യ പരാതിയിൽ പാർട്ടിയിൽ നിന്ന് പുറത്തായത്. ഇതുസംബന്ധിച്ച കേസ് തള്ളിയതോടെ, 2018ൽ പാർട്ടിയിലും, 2019 മാർച്ചിൽ കണ്ണൂർ ജില്ലാ കമ്മിറ്റിയിലും, ഇക്കഴിഞ്ഞ കൊച്ചി സംസ്ഥാന സമ്മേളനത്തിൽ സംസ്ഥാന കമ്മിറ്റിയിലും തിരിച്ചെത്തി.

പൊളിറ്റ്ബ്യൂറോ അംഗമായി തിരഞ്ഞെടുക്കപ്പെട്ട എ. വിജയരാഘവൻ പ്രവർത്തന കേന്ദ്രം ഡൽഹിയിലേക്ക് മാറ്റാനിടയുള്ള സാഹചര്യത്തിലാണ് ഇടതുമുന്നണി കൺവീനറായി മുതിർന്ന കേന്ദ്രകമ്മിറ്റി അംഗം ഇ.പി. ജയരാജനെ നിശ്ചയിക്കുന്നത്. ഒന്നാം പിണറായി മന്ത്രിസഭയിൽ വ്യവസായ മന്ത്രിയായിരുന്നു. 2018 ജൂണിൽ ആരോഗ്യകാരണങ്ങളാൽ വൈക്കം വിശ്വൻ ഒഴിഞ്ഞപ്പോഴാണ് വിജയരാഘവൻ എൽ.ഡി.എഫ് കൺവീനറായത്.

പാർട്ടി മുഖപത്രത്തിന്റെ മുഖ്യ പത്രാധിപച്ചുമതലയിലേക്ക് മുഖ്യമന്ത്രിയുടെ ഓഫീസിൽ നിന്ന് ഒഴിവാകുന്ന സംസ്ഥാന സെക്രട്ടേറിയറ്റംഗം പുത്തലത്ത് ദിനേശൻ വന്നേക്കും. സംസ്ഥാന സെക്രട്ടറി കോടിയേരി ബാലകൃഷ്ണനാണ് ചുമതല താത്കാലികമായി കൈകാര്യം ചെയ്തുവരുന്നത്. സംസ്ഥാന കമ്മിറ്റിയിൽ നിന്ന് പ്രായപരിധി നിബന്ധനയെ തുടർന്ന് ഒഴിഞ്ഞെങ്കിലും പാർട്ടി മുഖപത്രത്തിന്റെ ജനറൽ മാനേജർ സ്ഥാനത്ത് തത്കാലം കെ.ജെ. തോമസ് തുടരും. അദ്ദേഹം സംസ്ഥാനകമ്മിറ്റിയിൽ പ്രത്യേക ക്ഷണിതാവാണ്.

പാർട്ടി സൈദ്ധാന്തിക വാരികയായ ചിന്തയുടെ മുഖ്യ പത്രാധിപ സ്ഥാനത്ത് നിന്ന് സി.പി. നാരായണൻ ഒഴിയുന്ന സാഹചര്യത്തിൽ സെക്രട്ടേറിയറ്റിൽ നിന്ന് ഡോ. തോമസ് ഐസക്കിനെ പരിഗണിക്കുമെന്ന സൂചനകളുണ്ട്. കൊച്ചി സമ്മേളനത്തിൽ വച്ച് സി.പി. നാരായണൻ സംസ്ഥാന കമ്മിറ്റിയിൽ നിന്നൊഴി‌ഞ്ഞിരുന്നു. ചിന്ത പബ്ലിഷേഴ്സിന്റെ ചുമതല നിലവിൽ വൈക്കം വിശ്വനാണ്. അദ്ദേഹവും ഒഴിയും. കെ.എസ്.ഇ.ബിയിലും കെ.എസ്.ആർ.ടി.സിയിലും നടക്കുന്ന ട്രേഡ് യൂണിയൻ സമരങ്ങൾ അവസാനിപ്പിക്കാനുള്ള ഇടപെടൽ സംസ്ഥാന നേതൃത്വം നടത്തുമെന്നാണ് സൂചന.