പ്രേക്ഷക ഹൃദയം തൊട്ട് ‘പേരൻപ്’

1

ഈ അടുത്ത കാലത്തു കണ്ട ഏറ്റവും നല്ല സിനിമ ഏതന്നെന്നു ചോദിച്ചാൽ അതിനൊരൊറ്റ ഉത്തരമേയുള്ളൂ …’പേരന്‍പ്. പ്രകൃതിയുടെ വിരിമാറിൽ അതിജയിക്കാൻ പാടുപെടുന്ന ഒരു അച്ഛന്‍റെയും മകളുടെയും കഥ. കറ്റ്‌റത് തമിഴ്, തങ്കമീന്‍കള്‍, തരമണി എന്നീ ചിത്രങ്ങള്‍ സംവിധാനം ചെയ്ത ദേശീയ പുരസ്‌കാര ജേതാവ് റാം മമ്മൂട്ടിയെ നായകനാക്കി ഒരുക്കിയ തമിഴ് ചിത്രംമാണ് ‘പേരൻപ് ‘. മുന്‍പൊരുക്കിയ ചിത്രങ്ങളിലെല്ലാം തന്‍റേതായ കൈയൊപ്പ് ചാര്‍ത്തിയ റാം എന്ന സംവിധായകനൊപ്പം മമ്മൂട്ടി എന്ന മഹാ നടനും കൂടിച്ചേരുമ്പോൾ ചിത്രം പ്രതീക്ഷകൾക്കൊത്ത് പ്രേക്ഷക ഹൃദയങ്ങളിൽ ഇടംനേടി എന്നുതന്നെ പറയാം. അച്ഛന്‍റെയും മകളുടെയും ജീവിതം പ്രകൃതിയുടെ വിവിധ ഭാവങ്ങളിലൂടെയും വൈകാരിക മുഹൂർത്തങ്ങളിലൂടെയും പന്ത്രണ്ട് അധ്യായങ്ങളായി പറഞ്ഞിരിക്കുകയാണ് റാം.


12 അധ്യായങ്ങളായി അമുദവൻ തന്നെ തന്‍റെ കഥ പറയുന്നു. ‘എന്‍റെ ജീവിതത്തിൽ നടന്ന ചില കാര്യങ്ങൾ തെരഞ്ഞെടുത്ത്​ ഞാനിവിടെ എഴുതുകയാണ്​. നിങ്ങളുടെത്​ എത്രമാത്രംഅനുഗ്രഹിക്കപ്പെട്ട ജീവിതമാണെന്ന്​ നിങ്ങൾ അറിയാൻ വേണ്ടിയാണ്​ ഞാനിതെഴുതുന്നത്​… എന്ന ആമുഖത്തോടെ അമുദവൻ തന്നെ തന്‍റെ കഥ തുടങ്ങുന്നു. സമൂഹത്തിന്റെ ഒറ്റപെടുത്തലിൽ നിന്നും പരിഹാസങ്ങളിൽ നിന്നും അമുദവൻ (മമ്മൂട്ടി) പാപ്പയെയും(സാധന) കൂട്ടി നാടുവിടുന്നു. മനുഷ്യർ ഇല്ലാത്തതും കുരുവികൾ ചാകാത്തതുമായ ഒരിടം തേടിയാണ്​ അമുദവനും പാപ്പായും ഏകാന്തമായ തടാകക്കരയിലെ ആ പഴയ വീട്ടിലേക്ക്​ വരുന്നത്​. ദുബായിയിൽ 10 വർഷം ടാക്​സി ഡ്രൈവറായി ജോലി ചെയ്​തിരുന്ന അമുദവൻ നാട്ടി​ലേക്ക്​ മടങ്ങിവന്നത്​ സ്​പാസ്​റ്റിക്​ എന്ന ജന്മവൈകല്യം ബാധിച്ച ത​ന്‍റെ മകൾക്കു വേണ്ടിയാണ്​. ‘ഇത്രകാലം ഞാൻ നോക്കി. ഇനി നിങ്ങൾ നോക്കൂ…’ എന്ന്​ ഒരു കത്തും എഴുതി വെച്ച്​ ഇഷ്​ടപ്പെ​ട്ടൊരാൾക്കൊപ്പം ഇറങ്ങിപോയതാണ്​ അയാളുടെ ഭാര്യ. മറ്റുള്ളവരെ ഭയത്തോടെ കാണുന്ന പാപ്പായ്ക്ക് സ്വന്തം അച്ഛനെയും പേടിയാണ്. അയാളുടെ കാലൊച്ച പോലും അവളെ അസ്വസ്ഥമാക്കുന്നു. അമുതവന്‍റെ കരുതലും സ്‌നേഹവുമൊന്നും മനസ്സിലാക്കാന്‍ ആദ്യമൊന്നും അവള്‍ക്ക് കഴിയുന്നുമില്ല. കൂടെയിരിക്കാൻ പോലും പറ്റാതെ മാറി നടന്ന പാപ്പ പിന്നീട് മാറിവരുന്ന കാഴ്ച. അതിനുവേണ്ടിഒരച്ഛൻ അനുഭവിക്കുന്ന മാനസിക സംഘർഷവുമാണ് കഥാ തന്തു.


ഈ അടുത്ത കാലത്തൊന്നും മമ്മൂട്ടി ചിത്രങ്ങൾ നമ്മെ കരയിപ്പിച്ചിട്ടില്ല. എന്നാൽ പേരൻപിലുടെ ഭാവാഭിനയങ്ങളുടെ ചക്രവർത്തിയായ മമ്മൂട്ടി ഒരു സങ്കട കടൽ ഉള്ളിൽ കടിച്ചമർത്തി പ്രേക്ഷക മനസുകളിൽ സ്ഥാനം പിടിക്കുകയാണ്. നിസ്സഹായനായ ഒരച്ഛന്റെ ഭാവം മമ്മൂട്ടിയിൽ നാം പലവട്ടം വെള്ളിത്തിരയിൽ കണ്ടിട്ടുണ്ട്.എന്നാൽ ഈ സിനിമയിൽ റാം എന്ന സംവിധായകന്‍ വലിയ ഉത്തരവാദിത്തമാണ് അദ്ദേഹത്തെ ഏല്‍പ്പിക്കുന്നത് മമ്മൂട്ടിയില്ലെങ്കിൽ മറ്റൊരാളെഈ ചിത്രത്തിലേക്ക്​ ആലോചിക്കുകയോ, ഇങ്ങനെയൊരു സിനിമ ചെയ്യുകയോ ഇല്ലായിരുന്നുവെന്നാണ്​ സംവിധാകയൻ റാം പറഞ്ഞത്​. അത്​ വെറും ഭംഗി വാക്കല്ലെന്ന്​ മമ്മൂട്ടിയുടെ അമുദവൻ നമ്മെ ബോധ്യപെടുത്തുന്നുണ്ട്. തടാകത്തിന്‍റെ മാറുകരയിലിരുന്നും, ഓടിളക്കി പാളിനോക്കിയും മകളെ കാണാൻ ശ്രമിക്കുന്ന അമുദവന്‍റെ നിസ്സഹായാവസ്ഥ ഓരോ കാഴ്ച ക്കാരനെയും പിടിച്ചുലയെക്കുന്നതാണ്. മകളുടെ ശാരീരിക വളർച്ചയുടെ ഘട്ടങ്ങൾ സമചിത്തതയോടെ കൈകാര്യം ചെയ്ത അമുദൻ അവളുടെ വൈകാരിക വളർച്ചയുടെ തിരിച്ചറിവ് കാരണമുണ്ടാകുന്ന അങ്കലാപ്പുകൾ രണ്ടാം പകുതിയിൽ നിറഞ്ഞു നിന്നു. പ്രകൃതിയും മനുഷ്യനും രണ്ടല്ലെന്ന കാഴ്ചപ്പാടിനൊപ്പം അൻപും പേരൻപും തമ്മിലുള്ള വ്യത്യാസമറിയുന്നതോടെ കഥയ്ക്ക് ശുഭാന്ത്യം.


പേരൻപ് സാധനയുടേയും ചിത്രമാണ്. തങ്കമീൻഗളിൽ ദേശീയ അവാർഡ് നേടിയ സാധന പേരൻപിലെ പാപ്പയാണ്. സ്പാസ്റ്റിക് പരാലിസിസിലൂടെ സഞ്ചരിക്കുന്ന കൗമാരക്കാരിയെ അവതരിപ്പിക്കാന്‍ ശാരീരികമായും മാനസികമായും കഠിനപ്രയത്‌നം തന്നെയാണ് ഈ പെണ്‍കുട്ടി ചെയ്തിരിക്കുന്നത്. ചിലയിടങ്ങളിൽ മമ്മൂട്ടിയെക്കാൾ നന്നായി അഭിനയിച്ചു എന്നുവേണം പറയാൻ. മമ്മൂട്ടിയുടെ നായികയായി അഞ്​ജലി അമീർ എന്ന ട്രാൻസ്​ജെൻഡറെ അവതരിപ്പിച്ചതാണ്​. ഈ സിനിമ മുന്നോട്ടുവെക്കുന്ന ​മറ്റൊരു രാഷ്ട്രീയം. ഇന്നും സമൂഹം വേണ്ടാത്തവരായി മാത്രം കണ്ട് അപഹസിക്കുന്ന കൂട്ടത്തെ പേരന്‍പായി അഥവാ ഏറ്റവും വലിയ സ്നേഹമായി അവതരിപ്പിക്കുകയാണ് റാം ഈ സിനിമയിലൂടെ.ആര്‍ത്തവം അയിത്തവും,അശുദ്ധമെന്ന്​ കൊട്ടിഘോഷിക്കുന്ന ഈ കാലത്ത് സിനിമ വ്യക്തമായ നിലപാടുകള്‍ പറയുന്നു.മകൾക്കു മുന്നിൽ ഒരേസമയം അച്ഛനും അമ്മയുമായി മാറുന്ന അമുദവ​ൻ ഓരോ പിതാക്കന്മാർക്കുമുള്ള മാതൃകയാണ്.


തേനി ഈശ്വറിന്‍റെ ഛായാഗ്രഹണമാണ് ചിത്രത്തിന്‍റെ മറ്റൊരു സൗന്ദര്യം, അദ്ദേഹത്തിന്‍റെ ക്യാമറ പ്രകൃതിയുടെ വിവിധ ഭാവങ്ങളിലൂടെ നമ്മളെ കൊണ്ടുപോകുന്നു. അധ്യായങ്ങള്‍ മാറുന്നതിനനുസരിച്ച് കഥ പറയുന്ന പശ്ചാത്തലവും ഭൂപ്രകൃതിയുമെല്ലാം മാറുമ്പോള്‍ സിനിമയുടെ ഫ്ലോ കളയാതെ കാത്തുസൂക്ഷിക്കാൻ സംവിധായകനൊപ്പംതന്നെ തേനി ഈശ്വറും നിന്ന് എന്നു വേണം പറയാൻ. യുവാൻ ശങ്കർരാജ ഒരുക്കിയ സംഗീതം ചിത്രത്തിന്റെ മാറ്റു കൂട്ടി. വളരെ സൂക്ഷ്മതയോടെ ഒരുക്കിയ പശ്ചാത്തല സംഗീതം നീണ്ടുപോയ രംഗങ്ങളുടെ വിരസത ഒഴിവാക്കി. ദേശീയ പുരസ്കാരങ്ങളും നിരൂപകശ്രദ്ധയും നേടിയ തമിഴ് സിനിമകളുടെ കർത്താവായ റാം രചനയും സംവിധാനവും നിർവഹിച്ചിരിക്കുന്ന ചിത്രം പത്തു വർഷങ്ങൾക്കു ശേഷം മമ്മൂക്കയുടെ തമിഴ് സിനിമയിലേക്കുള്ള തിരിച്ചു വരവ് കൂടിയാണ്. ശ്രീ രാജലക്ഷ്മി ഫിലിംസിന്‍റെ ബാനറിൽ പി എൽ തേനപ്പൻ നിർമ്മിച്ചിരിക്കുന്ന ചിത്രം അന്താരാഷ്ട്ര ചലച്ചിത്രമേളകളിലും മറ്റും മികച്ച അഭിപ്രായം കരസ്ഥമാക്കിയിട്ടുണ്ട്.

ഭാവാഭിനയം കൊണ്ട് ആരെയും പിടിച്ചിരുത്തുന്ന അമുദവാനായി മമ്മൂട്ടി പ്രേക്ഷക ഹൃദയങ്ങളിൽ സ്ഥാനം പിടിച്ച് കഴിഞ്ഞു. അഭിമാനത്തോടെ പറഞ്ഞു കൊള്ളട്ടെ ‘പേരൻപ് നാം ഓരോരുത്തരും കാണേണ്ട ചിത്രമാണ്.