ഷാർജയിലെ ഫ്ലാറ്റിനുള്ളില്‍ പ്രവാസി യുവാവ് കൊല്ലപ്പെട്ട നിലയില്‍

0

ഷാര്‍ജ: വിദേശി യുവാവിനെ ഫ്ലാറ്റിനുള്ളില്‍ കൊല്ലപ്പെട്ട നിലയില്‍ കണ്ടെത്തി. ഷാര്‍ജയിലെ അല്‍ ഖാന്‍ ഏരിയയില്‍ ബുധനാഴ്ചയാണ് സംഭവം. കുത്തേറ്റ നിലയിലായിരുന്നു മൃതദേഹം. മുറിയില്‍ ഒപ്പം താമസിച്ചിരുന്നയാളാണ് കൊലപാതകത്തിന് പിന്നിലെന്നാണ് പൊലീസിന് ലഭിച്ച വിവരം.

മരിച്ചയാളും കൊലപാതകം നടത്തിയയാളും അഫ്രിക്കന്‍ പൗരന്മാരാണെന്നാണ് റിപ്പോര്‍ട്ട്. പ്രതിയെന്ന് സംശയിക്കുന്നപ്പെടുന്നയാള്‍ ഒളിവിലാണ്. കൊല്ലപ്പെട്ടയാളും സുഹൃത്തും തമ്മില്‍ തര്‍ക്കമുണ്ടായെന്നും ഒടുവില്‍ അത് കത്തിക്കുത്തില്‍ കലാശിക്കുകയായിരുന്നുവെന്നുമാണ് ഫ്ലാറ്റില്‍ താമസിച്ചിരുന്ന മറ്റുള്ളവര്‍ പൊലീസിനോട് പറഞ്ഞത്.

കൊല്ലപ്പെട്ടയാളുടെ ശരീരത്തില്‍ പല ഭാഗങ്ങളിലായി നിരവധി മുറിവുകളുണ്ടായിരുന്നു. കൊലപാതകത്തിന് ശേഷം പ്രതി ഉടനെ ഇവിടെനിന്ന് മുങ്ങിയെന്നാണ് പൊലീസിന് ലഭിച്ച വിവരം. സംഭവത്തെക്കുറിച്ചുള്ള വിവരം ലഭിച്ചയുടന്‍ തന്നെ സ്ഥലത്തെത്തിയ പൊലീസ് പട്രോള്‍ സംഘം മൃതദേഹം ഫോറന്‍സിക് ലബോറട്ടറിയിലേക്ക് മാറ്റുകയായിരുന്നു.