പ്രവാസികൾക്ക് ലെവി കുടിശ്ശിക അടക്കാതെ തൊഴിലുടമയെ മാറ്റാൻ അനുമതി

0

റിയാദ്: തിരിച്ചറിയൽ രേഖ (ഇഖാമ)യുടെ ലെവി കുടിശ്ശിക ഉണ്ടെങ്കിലും അത് അടക്കാതെ തന്നെ പുതിയ തൊഴിലുടമയുടെ പേരിലേക്ക് സ്‌പോൺസർഷിപ്പ് മാറ്റാൻ സൗദി അറേബ്യയിലെ വിദേശ തൊഴിലാളികൾക്ക് അനുമതി. ഇഖാമ പുതുക്കാത്ത തൊഴിലാളികൾക്ക് സ്വന്തം നിലയിൽ തൊഴില്‍ മന്ത്രാലയത്തിന്റെ ‘ഖിവ’ വെബ്‍സൈറ്റിലൂടെ പുതിയ തൊഴിലുടമയുടെ പേരിലേക്ക് സ്‍പോൺസർഷിപ്പ് മാറാൻ ഇതോടെ കഴിയും.

രാജ്യത്തെ എല്ലാ വിഭാഗം വിദേശ തൊഴിലാളികൾക്കും ഈ നിയമം ബാധകമായി. ഇതോടെ നിലവിലെ തൊഴിലുടമ തന്നെ സ്‍പോൺസർഷിപ്പ് മാറിപ്പോകാനൊരുങ്ങുന്ന തൊഴിലാളികളുടെ ഇഖാമ പുതുക്കണം. തൊഴിലാളി സ്‌പോൺസർഷിപ്പ് മാറിയാലും ആ തൊഴിലാളിയുടെ മേലുള്ള മുഴുവൻ ലെവി കുടിശ്ശികയും പഴയ സ്‍പോൺസർ തന്നെ അടക്കേണ്ടിവരും. സ്‌പോൺസർഷിപ്പ് മാറിയത് മുതലുള്ള ലെവിയും മറ്റ് ഫീസുകളും മാത്രമേ പുതിയ തൊഴിലുടമ അടക്കേണ്ടതുള്ളൂ.

സ്‌പോൺസർഷിപ്പ് മാറുന്നതിന് പുതിയ തൊഴിലുടമ തൊഴിലാളിയെ ആവശ്യമുണ്ടെന്ന അപേക്ഷ അയക്കണം. ഇതോടെ തൊഴിലാളിക്ക് തൊഴില്‍ മന്ത്രാലയത്തിന്റെ ഖിവ പോർട്ടലിൽ പ്രവേശിച്ച് സ്‌പോൺസർഷിപ്പ് മാറാവുന്നതാണ്. പഴയ തൊഴിലുടമ അടക്കാത്ത ലെവിയും ഇഖാമ ഫീസും അദ്ദേഹത്തിന്റെ അക്കൗണ്ടിൽ നിലനിര്‍ത്തി പുതിയ തൊഴിലുടമയിലേക്ക് മാറുന്നു എന്ന ഒപ്ഷനാണ് ഖിവ പോർട്ടലിൽ തൊഴിലാളികൾ തെരഞ്ഞെടുക്കേണ്ടത്.