പ്രവാസികളെ ജോലിക്ക് നിയമിക്കുന്നത് സ്വദേശികള്‍ ലഭ്യമാവാത്തപ്പോള്‍ മാത്രമെന്ന് മന്ത്രി

0

മനാമ: ബഹ്റൈനിലെ സര്‍ക്കാര്‍ ആരോഗ്യ മേഖലയില്‍ പ്രവാസികളെ ജോലിക്ക് നിയമിക്കുന്നത് സ്വദേശികളെ ലഭ്യമാവാത്തപ്പോള്‍ മാത്രമെന്ന് ആരോഗ്യ മന്ത്രി ഡോ. ജലീല അല്‍ സയ്യിദ് അറിയിച്ചു. നിലവില്‍ രാജ്യത്തെ പൊതുമേഖലാ ആശുപത്രികളില്‍ 2043 പ്രവാസികളാണ് ജോലി ചെയ്യുന്നതെന്നും ഇവരില്‍ തന്നെ 1,812 പേര്‍ നഴ്‍സുമാരാണെന്നും മന്ത്രി പറഞ്ഞു. എല്ലാ പ്രവാസികളെയും വാര്‍ഷിക കരാര്‍ അടിസ്ഥാനത്തിലാണ് നിയമിക്കുന്നത്. ഇവരുടെ ജോലിയിലെ പ്രകടനം വിലയിരുത്തിയും ആവശ്യം കണക്കാക്കിയും മാത്രമാണ് ഈ കരാറുകള്‍ പുതുക്കുന്നതെന്നും അവര്‍ കൂട്ടിച്ചേര്‍ത്തു.

ഡോക്ടര്‍മാരുടെ കാര്യത്തില്‍ പരമാവധി സ്വദേശികളുടെ നിയമനത്തിലാണ് ശ്രദ്ധയൂന്നുന്നത്. വിദേശികളായ കണ്‍സള്‍ട്ടന്റുമാരെ ആശ്രയിക്കുന്നത് കഴിയുന്നത്ര കുറച്ചകൊണ്ടുവരുന്നു. നിരവധി സ്വദേശികള്‍ക്ക് വിദഗ്ധ പരിശീലനം നല്‍കുകയും പ്രൊഫഷണല്‍ യോഗ്യതകള്‍ ആര്‍ജിച്ച് കണ്‍സള്‍ട്ടന്റ് ജോലിയിലേക്ക് യോഗ്യത നേടാന്‍ സഹായം നല്‍കി വരികയും ചെയ്യുന്നു. ഇതേ കാഴ്ചപ്പാട് തന്നെയാണ് നഴ്സുമാരുടെ കാര്യത്തിലും. എന്നാല്‍ നിര്‍ഭാഗ്യവശാല്‍ നിലവില്‍ ലഭ്യമാകുന്നവരേക്കാള്‍ കൂടുതലാണ് ആവശ്യമുള്ളവരുടെ എണ്ണം. അതുകൊണ്ട് വിദേശത്തു നിന്ന് ആളുകളെ നിയമിക്കേണ്ടി വരുന്നുവെന്നും മന്ത്രി പറഞ്ഞു.

സൗദി കമ്മീഷന്‍ ഓഫ് ഹെല്‍ത്ത് സ്‍‍പെഷ്യാലിറ്റീസിന്റെ കീഴില്‍ കഴിഞ്ഞ രണ്ട് വര്‍ഷങ്ങളായി 34 ബഹ്റൈനി യുവ ഡോക്ടര്‍മാരാണ് പരിശീലനത്തിന് ചേര്‍ന്നത്. ഇതേ കാലയളവില്‍ 60 ഡോക്ടര്‍മാരെ വിദേശത്തേക്ക് അയച്ച് പരിശീലനം നല്‍കി. ഇവരില്‍ 49 പേര്‍ ഇപ്പോഴും വിദേശ സര്‍വകലാശാലകളില്‍ പരിശീലനത്തിലാണ്. 42 ഡോക്ടര്‍മാര്‍ 2020 മുതല്‍ വിദേശത്ത് തുടര്‍ പരിശീലനത്തിലുണ്ടെന്നും ആരോഗ്യ മന്ത്രി അറിയിച്ചു.