കോഴിക്കോട് റെയിൽവേ സ്‌റ്റേഷനിൽ വൻ സ്‌ഫോടക ശേഖരം പിടികൂടി

0

കോഴിക്കോട്: കോഴിക്കോട് റെയിൽവേ സ്റ്റേഷനിൽ നിന്ന് വൻതോതില്‍ സ്ഫോടകവസ്തുക്കള്‍ പിടികൂടി. ചെന്നൈ-മംഗലാപുരം സൂപ്പർഫാസ്റ്റ് എക്സ്പ്രസിൽ നിന്നുമാണ് സ്ഫോടകവസ്തുക്കള്‍ പിടികൂടിയത്. യാത്രക്കാരിയെ കസ്റ്റഡിയിലെടുത്തു.

117 ജലാറ്റിൻ സ്റ്റിക്കുകളും 350 ഡിറ്റണേറ്ററുകളുമാണ് പിടികൂടിയത്. ആർപിഎഫിന് ലഭിച്ച വിവരത്തിന്റെ അടിസ്ഥാനത്തിൽ നടത്തിയ പരിശോധനയിലാണ് സ്‌ഫോടക വസ്തുക്കൾ കണ്ടെത്തിയത്. സംശയാസ്പദ സാഹചര്യത്തിൽ കണ്ടെത്തിയ യാത്രക്കാരിയെ പൊലീസ് കസ്റ്റഡിയിൽ എടുത്തു. ചെന്നൈയിൽ നിന്ന് തലശേരിയിലേക്കാണ് ഇവർ ടിക്കറ്റ് എടുത്തിരുന്നത്. ഇവരെ പൊലീസ് വിശദമായി ചോദ്യം ചെയ്തു വരികയാണ്.

തിരുവണ്ണാമലൈ സ്വദേശിനി രമണി എന്ന യാത്രക്കാരിയെയാണ് കസ്റ്റഡിയിലെടുത്തത്. ഇവര്‍ ഇരുന്നിരുന്ന സീറ്റിന് അടിയില്‍ നിന്നുമാണ് സ്ഫോടകവസ്തു കണ്ടെത്തിയത്. ഇവരെ ആര്‍.പി.എഫും പൊലീസും സ്‌പെഷല്‍ ബ്രാഞ്ചും ചോദ്യം ചെയ്തു.

ചെന്നൈ കട്പാടിയില്‍ നിന്ന് തലശേരിയിലേക്കുള്ള ടിക്കറ്റാണ് ഈ യാത്രക്കാരിയുടെ കൈവശം ഉണ്ടായിരുന്നത്. സ്ഫോടകവസ്തുക്കള്‍ തലശ്ശേരിയില്‍ കിണറ് നിർമാണ ജോലിക്ക് കൊണ്ടുവന്നതാണെന്ന് ഇവർ മൊഴി നല്‍കി.