ഫേസ്ബുക്ക് വാർത്തകൾ വായിക്കും മുമ്പ്… മുരളി തുമ്മാരുകുടി

0

കഴിഞ്ഞ തവണ കേരളത്തിൽ അസംബ്ലി ഇലക്ഷൻ കഴിഞ്ഞപ്പോൾ തന്നെ എനിക്കൊരു കാര്യം മനസ്സിലായി. ഞാൻ ചിന്തിക്കുന്ന പോലെ മാത്രം ചിന്തിക്കുന്ന ആളുകളെ മാത്രം ഫേസ് ബുക്കിൽ കൂട്ടുകാരായി കൂട്ടിയാൽ പിന്നെ നമ്മുടെ പേജിൽ വരുന്നതൊക്കെ നമ്മെ “സുഖിപ്പിക്കുന്ന” വാർത്തകളും പോസ്റ്റുകളും ഒക്കെ ആയിരിക്കും. അങ്ങനെ ഞാൻ പറയുന്നതും ചിന്തിക്കുന്നതും ഒക്കെ ശെരിയാണെന്ന ഒരു വിഡ്ഢിസ്വർഗ്ഗത്തിൽ ഞാൻ എത്തും. അത് കൊണ്ട് തന്നെ അന്ന് കുറെ കോൺഗ്രസുകാരെ കൂട്ടുകൂടണം എന്ന് ഞാൻ പബ്ലിക്കായി പറഞ്ഞു. കുറച്ചു പേരെ ഒഴിവാക്കിയിട്ടു പോലും കോൺഗ്രസ്സ് അല്ലാ, പഴയ കെ എസ് യു ആണെന്നെങ്കിലും പറഞ്ഞവർക്കെല്ലാം സീറ്റ് കൊടുത്തു.
ഇപ്പോൾ അമേരിക്കയിൽ തിരഞ്ഞെടുപ്പ് കഴിഞ്ഞപ്പോൾ അതിനെ ഫേസ്ബുക്കിലെ ഷെയറിങ് എങ്ങനെ ബാധിച്ചു എന്നതിനെ പറ്റി വിവാദം നടക്കുന്നു. ഫേസ്ബുക്കിനകത്തു തന്നെ രണ്ടു ചിന്താഗതികൾ ഉണ്ടെന്നാണ് വാർത്തകൾ. തെറ്റായ വാർത്തകൾ ഒക്കെ മാറ്റിയെടുക്കാൻ അവിടെ ഉണ്ടായിരുന്ന ആളുകളെ മെയ് മാസത്തിൽ പിരിച്ചു വിട്ടു അത്രേ, പകരം ആളുകളുടെ താല്പര്യത്തിനനുസരിച്ചുള്ള വാർത്തകൾ അവരുടെ പ്രൊഫൈലിൽ എത്തിക്കാൻ കമ്പ്യൂട്ടർ അൽഗോരിതത്തെ ഏർപ്പെടുത്തി. അൽഗോരിതത്തിനാകട്ടെ വാഷിങ്ടൺപോസ്റ്റും ഒനിയൻ ന്യൂസും നല്ല വാർത്തയും തട്ടിപ്പും എല്ലാം ഒരുപോലെ.
സത്യം പാന്റിട്ടു വരുമ്പോഴേക്ക് നുണ പന്തീരായിരം മൈൽ സഞ്ചരിച്ചുകാണും എന്നാണ് വിൻസ്റ്റൺ ചർച്ചിൽ പറഞ്ഞത്. അവിടെയും ഇത് തന്നെ സംഭവിച്ചു. ഏറെ തെറ്റായ വാർത്തകൾ പ്രചരിച്ചു, ഷെയർ ചെയ്തു. അതൊക്കെ തെറ്റാണെന്ന് ആരെങ്കിലും ഒക്കെ ചൂണ്ടി കാണിച്ചെങ്കിലും അതൊന്നും ആ വാർത്ത വിശ്വസിക്കാൻ താല്പര്യപ്പെട്ടവരുടെ പ്രൊഫൈലിൽ എത്തിയില്ല, ഷെയറും ചെയ്തില്ല.
ലോകത്തെ കൂടുതൽ കൂടുതൽ ആളുകൾ ഫേസ്ബുക്കിൽ നിന്നാണ് വാർത്തകൾ വായിക്കുന്നത്. കേരളത്തിലും അത് കൂടി വരികയാണ്. ആയതു കൊണ്ട് സുഹൃത്തുക്കളെ ഞാൻ വീണ്ടും പറയുന്നു. എല്ലാ മണ്ടത്തരവും ഫേസ്ബുക്ക് നമ്മുടെ അണ്ണാക്കിലേക്ക് (റീഡ് പ്രൊഫൈലിലേക്ക്) തള്ളി തരാതിരിക്കണമെങ്കിൽ നാം വിശ്വസിക്കുന്നതിനെതിരെയായി വിശ്വസിക്കുന്ന കുറച്ചു പേരെ എങ്കിലും കൂട്ട് പിടിക്കണം.
ഇല്ലെങ്കിൽ പിന്നെ വരുന്നതൊക്കെ അനുഭവിക്കുക തന്നെ.