ഫെയ്‌സ്ബുക്ക് പോസ്റ്റ് ഇനി പണവും തരും

0

ഫേസ്ബുക്കിന് മുന്നില്‍ വെറുതെ ഇരുന്നു സമയം കളയുന്നു എന്ന സ്ഥിരം പരാതി ഇനി കേള്‍ക്കേണ്ടി വരില്ല. കാരണം ഇനി ലൈക്കും കമന്റുകളും മാത്രമല്ല ഇനി പണവും പോസ്റ്റുകള്‍ തരാന്‍ പോകുന്നു.

ഫെയ്‌സ്ബുക്ക് പോസ്റ്റുകളുടെ ഭാഗമായി ഒരു ‘ടിപ്പ് ജാര്‍’ കൂടി ചേര്‍ക്കാനുള്ള ആലോചനയിലാണ് ഫെയ്‌സ്ബുക്ക്. ഫെയ്‌സ്ബുക്ക് പോസ്റ്റുകള്‍ വഴി ഉപഭോക്താവിന് പണം നേടാനുള്ള മാര്‍ഗങ്ങള്‍ നിരവധിയാണെന്ന് കഴിഞ്ഞ ദിവസം പഠനങ്ങള്‍ വെളിപ്പെടുത്തിയിരുന്നു. ഇതേ തുടര്‍ന്നാണ് സാമൂഹ്യ മാധ്യമ രംഗത്തെ പ്രമുഖരായ ഫെയ്‌സ്ബുക്കിന്റെ പുതിയ നീക്കം.

സാമൂഹ്യപരമായി ഗുണമുള്ള ഈവന്റുകള്‍ക്കും പോസ്റ്റുകള്‍ക്കും അനുബന്ധമായി ടിപ്പ് ജാര്‍ വന്നാല്‍ ഫെയ്‌സ്ബുക്ക് പരസ്യ റെവന്യൂവിന്റെ ഒരു ശതമാനം അതിലൂടെ ഉപഭോക്താവിന് ലഭിക്കുന്ന തരത്തിലാവും പുതിയ മാറ്റം എന്നാണ് ദ വെര്‍ജ് മാധ്യമം റിപ്പോര്‍ട്ട് ചെയ്യുന്നത്. നിലവില്‍ പബ്ലിഷര്‍മാര്‍ക്ക് മാത്രമാണ് ഇത്തരത്തില്‍ ആര്‍ട്ടിക്കിളുകള്‍ പരസ്യം ചെയ്ത് വരുമാനം നേടാനുള്ള അവസരമുള്ളത്.

ഫെയ്‌സ്ബുക്ക് വീഡിയോ അവസാനിക്കുമ്പോള്‍ പ്രത്യക്ഷപ്പെടുന്ന സജഷന്‍ ബോക്‌സില്‍ പരസ്യങ്ങള്‍ കൊണ്ടു വരുന്നതിനുള്ള നീക്കവും കമ്പനി ആരംഭിച്ചിട്ടുണ്ട്. ഇനിയും കാര്യങ്ങള്‍ക്ക് ഒരു വ്യക്തത വരാനുണ്ടെങ്കിലും പുതിയ ആശയങ്ങള്‍ ഫെയ്‌സ്ബുക്കിന്റെ സ്വീകാര്യത വര്‍ധിപ്പിക്കുമെന്ന കാര്യത്തില്‍ യാതൊരു സംശയവും ഇല്ല.