‘യാതൊരു പുതുമയും ഇല്ലാത്ത അൽഫോൺസിന്റെ മൂന്നാമത്തെ ചിത്രം’; ചിത്രത്തിൽ ഫഹദും, നയൻതാരയും

0

അല്‍ഫോണ്‍സ് പുത്രന്‍ സംവിധാനം ചെയ്യുന്ന പുതിയ ചിത്രത്തില്‍ താനുമുണ്ടെന്ന് വ്യക്തമാക്കി നടൻ ഫഹദ് ഫാസില്‍. യാതൊരു പുതുമയും ഇല്ലാത്ത അല്‍ഫോണ്‍സിന്റെ മൂന്നാമത്തെ മലയാള ചലച്ചിത്രം. ഇക്കുറി ഞാനും’ ; എന്നാണ് ഫഹദ് ചിത്രത്തെ കുറിച്ച് ഫേസ്ബുക്കിൽ കുറിച്ചത്.

ജിഎം എന്റർടെയ്ൻമെന്റ്‌സ് (സക്കറിയ തോമസ് & ആൽവിൻ ആന്റണി) ആണ് നിർമാണം. അൽഫോൺസ് പുത്രൻ തന്നെയാണ് സംഗീത സംവിധാനം നിർവഹിക്കുന്നതും. നയൻതാരയാണ് ചിത്രത്തിൽ ഫഹദിന്റെ നായികയായി എത്തുന്നത്. ഫഹദിനൊപ്പം നയൻ‌താര ആദ്യമായി അഭിനയിക്കുന്ന ചിത്രം കൂടിയാണ് പാട്ട്.

2008 ൽ വിജയ് സേതുപതിയെ നായകനാക്കി നേരം എന്ന ഹ്രസ്വചിത്രമൊരുക്കിയാണ് അൽഫോൺസ് തന്റെ ചലച്ചിത്ര ജീവിതം ആരംഭിച്ചത്. നസ്രിയ നസീമും നിവിൻ പോളിയും വേഷമിട്ട ഒരു മ്യൂസിക് വീഡിയോ 2012 ൽ വൻ വിജയമായിരുന്നു. 2013ൽ നസ്രിയയും നിവിനും താരങ്ങളായി നേരം എന്ന സിനിമയൊരുക്കി. 2015 ൽ ഒരുക്കിയ പ്രേമം വൻ വിജയമായിത്തീർന്നതോടെ അൽഫോൺസ് പുത്രൻ ശ്രദ്ധ നേടുകയായിരുന്നു.

പ്രേമം എന്ന സൂപ്പർ ഹിറ്റ് ചിത്രത്തിന് ശേഷം പ്രേമം ടീമും അൽഫോൻസ് പുത്രനും ചേർന്നൊരുക്കിയ തൊബാമ എന്ന ചിത്രവും ശ്രദ്ധ നേടിയിരുന്നു. മുഹ്‌സിൻ കാസിമായിരുന്നു ചിത്രത്തിന്റെ സംവിധായകൻ. സിജു വില്‍സണ്‍, കൃഷ്ണ ശങ്കര്‍, ഷറഫുദ്ദീന്‍, ശബരീഷ് വര്‍മ്മ തുടങ്ങി പ്രേമം ചിത്രത്തിലൂടെ ശ്രദ്ധേയരായ നിരവധി താരങ്ങൾ തൊബാമയിലും വേഷമിടുന്നുണ്ട്. ചിത്രത്തിന്റെ നിർമാതാവായിരുന്നു അൽഫോൺസ് പുത്രൻ.