പ്രവാസികളെ , ഈ ‘നാടുകടത്തല്‍’ സംഘത്തെ സൂക്ഷിക്കുക; കഴിഞ്ഞ ദിവസം യുവതിക്ക് ഒറ്റയടിക്ക് നഷ്ടമായത് 1800 ദിര്‍ഹം

1

ഒരു ഇടവേളയ്ക്ക് ശേഷം യുഎഇയിലും മറ്റ് ഗള്‍ഫ് രാജ്യങ്ങളിലും ‘നാടുകടത്തല്‍’ തട്ടിപ്പ് സംഘങ്ങള്‍ വീണ്ടും തലപൊക്കുന്നു. പണം നഷ്ടമായ ഏതാനും പേര്‍ പരസ്യമായി രംഗത്തെത്തിയതോടെയാണ് ഇത് സംബന്ധിച്ച വിവരങ്ങള്‍ പുറത്തായത്. തട്ടിപ്പുകാര്‍ ഇന്ത്യക്കാരെയാണ് ലക്ഷ്യമിടുന്നതെന്നും വിവരമുണ്ട്. ഇമിഗ്രേഷന്‍ ഉദ്ദ്യോഗസ്ഥരെന്ന് പറഞ്ഞാണ് ഫോണ്‍ കോളുകള്‍ വരുന്നത്. പ്രശ്‌നങ്ങള്‍ ഒഴിവാക്കാന്‍ പണം ചോദിക്കുന്നതാണ് പ്രധാന തട്ടിപ്പ് രീതി. 

കഴിഞ്ഞ ദിവസം ഒരു ഇന്ത്യക്കാരിക്ക് 1800 ദിര്‍ഹം ഇങ്ങനെ നഷ്ടമാവുകയും ചെയ്തു. ഒരു മണിക്കൂറോളം നീണ്ട ഫോണ്‍ കോളാണ് യുവതിയുമായി തട്ടിപ്പ് സംഘം നടത്തിയത്. മൂന്നോ നാലോ പേര്‍ തന്നോട് സംസാരിച്ചതായി ഇവര്‍ പറയുന്നു. തന്റെ ഫയലില്‍ ചില പേപ്പറുകള്‍ കാണുന്നില്ലെന്നും ഉടന്‍ തന്നെ നാടുകടത്താന്‍ ഉത്തരവ് ലഭിച്ചിരിക്കുകയാണെന്നും അറിയിച്ചു. അല്‍പ്പം പോലും സംശയം തോന്നാത്ത വിധത്തിലായിരുന്നു സംസാരം.

വൈകുന്നേരം 3.40നാണ് കോള്‍ വന്നത്. വിസ ഉള്‍പ്പെടെയുള്ള കാര്യങ്ങള്‍ കൈകാര്യം ചെയ്യുന്ന ദുബായ് ജനറല്‍ ഡയറക്ടറേറ്റ് ഓഫ് റസിഡന്റ്‌സി ആന്റ് ഫോറിനേഴ്‌സ് അഫയേഴ്‌സിന്റെ ടോള്‍ ഫ്രീ നമ്പറായ 800511ല്‍ നിന്ന് തന്നെയാണ് കോളും വന്നത്. എന്നാല്‍ തട്ടിപ്പുകാര്‍ കൃത്രിമം കാണിച്ച് ഇങ്ങനെ ഫോണ്‍ വിളിക്കുന്നതാണെന്ന് ഉദ്ദ്യോഗസ്ഥരും സ്ഥിരീകരിച്ചിട്ടുണ്ട്. ഇമിഗ്രേഷന്‍ നിയമം ആര്‍ട്ടിക്കിള്‍ 18 പ്രകാരം ബ്ലാക് ലിസ്റ്റ് ചെയ്യപ്പെട്ട ആളാണെന്നും നിങ്ങളെ ഉടന്‍ ഇവിടെ നിന്ന് കയറ്റി അയക്കുമെന്നും പറഞ്ഞു. ദില്ലിയിലെത്തുമ്പോള്‍ ഇതേ നിയമത്തിലെ ആര്‍ട്ടിക്കിള്‍ 20 പ്രകാരം അറസ്റ്റ് ചെയ്യുമെന്ന് കൂടി പറഞ്ഞതോടെ പരിഭ്രാന്തരായ ഇവര്‍ എന്താണ് ഇനി പരിഹാരമെന്ന് അന്വേഷിച്ചു. ഇന്ത്യയില്‍ അഭിഭാഷകനെ ഏര്‍പ്പെടുത്തി ആവശ്യമായ രേഖകള്‍ ശരിയാക്കുക മാത്രമാണ് പോംവഴിയെന്ന് പറഞ്ഞ ശേഷം ഇതിനായി 1800 ദിര്‍ഹം ഉടന്‍ തന്നെ ട്രാന്‍സ്ഫര്‍ ചെയ്യാനും അറിയിച്ചു.

നാടുകടത്തൽ ഒഴിവാക്കാൻ ഒറ്റവഴിയേ ഉള്ളൂവെന്നും അത് 1800 ദിർഹം (33,565 രൂപ) നൽകി ഇന്ത്യയിൽ നിന്നും ഒരു അഭിഭാഷകൻ മുഖേനെ ഇന്ത്യൻ അധികൃതരിൽ നിന്നും ക്ലിയറൻസ് സർട്ടിഫിക്കറ്റ് സ്വന്തമാക്കൽ ആണെന്നും ഫോൺ ചെയ്തവർ പറഞ്ഞു. ഇതിനുള്ള പണം ഫോൺ ചെയ്തവർ തന്ന നമ്പറിലേക്ക് ഉടൻ തന്നെ അയക്കുകയും ചെയ്തുവെന്ന് യുവതി പറഞ്ഞു. അഞ്ചു മിനിറ്റിനുള്ളിൽ പണം അവർ സ്വീകരിക്കുകയും ചെയ്തുവെന്നാണ് റിപ്പോർട്ട്. എന്നാൽ, ഇതൊരു തട്ടിപ്പാണെന്നും നാടുകടത്തുമെന്ന് ഭീഷണിപ്പെടുത്തി  നിരവധി ഇന്ത്യക്കാരിൽ നിന്നും ഇത്തരത്തിൽ പണം തട്ടുന്നുണ്ടെന്നുമാണ് റിപ്പോർട്ട്. ‘എമിഗ്രേഷൻ അഴിമതിയിൽ’ ആരും അകപ്പെടരുതെന്ന് ദുബായിലെ ഇന്ത്യൻ കോൺസുലേറ്റ് അധികൃതർ പറഞ്ഞു. ഇത്തരം സംഭവങ്ങൾ ഉണ്ടായാൽ ഉടൻ തന്നെ തൊട്ടടുത്ത നിയമപാലകരുമായി ബന്ധപ്പെടണമെന്നും സ്വകാര്യ വിവരങ്ങൾ ആരുമായും ഫോണിൽ പങ്കുവയ്ക്കരുതെന്നും അധികൃതർ മുന്നറിയിപ്പ് നൽകി.