ഒരു വർഷത്തോളമായി ദില്ലിയിലെ തെരുവോരങ്ങളിൽ സമരമുഖത്തുള്ള കർഷകരോട് ഭരണകൂടം പെരുമാറുന്നത് മനുഷ്യത്വ രഹിതമായിട്ടാണെന്ന് ഇതിനകം തെളിയിച്ചു കഴിഞ്ഞിട്ടുണ്ട്. ഈ സമരത്തിൽ അനേകം കർഷകർക്ക് ജീവൻ നഷ്ടപ്പെട്ടിട്ടുണ്ട്. എന്നാൽ എല്ലാ പ്രതിബദ്ധങ്ങളെയും അഭിമുഖീകരിച്ചു കൊണ്ട് രാജ്യത്തെ അന്നമൂട്ടുന്ന കർഷകർ സമര മുഖത്ത് തുടരുന്നത് അവരുടെ ആർജ്ജവത്തിൻ്റെ ഉദാഹരണം തന്നെയാണ്.

നമ്മുടെ ഭാരതത്തിൽ പല ആവശ്യങ്ങൾക്കുമായി അനേകം സമരങ്ങൾ അരങ്ങേറിയിട്ടുണ്ട്. എന്നാൽ അന്നൊന്നും നമ്മുടെ രാഷ്ട്രം ദർശിക്കാത്ത രീതിയിലുള്ള അടിച്ചമർത്തൽ നയമാണ് ഇന്നത്തെ ഭരണകൂടം അനുവർത്തിച്ചു വരുന്നത്. കർഷകൻ്റെ വിയർപ്പുതുള്ളികളാണ് ധാന്യമണികളായി രാഷ്ട്രം അനുഭവിച്ചുകൊണ്ടിരിക്കുന്നതെന്ന് ഇന്നത്തെ ഭരണാധികാരികൾക്ക് മനസ്സിലാകാതെ പോകുന്നത് നിർഭാഗ്യകരമാണ്. സമരം ശക്തമായ ഉത്തർപ്രദേശിലേക്കുള്ള പ്രവേശനം പോലും മറ്റ് സംസ്ഥാനങ്ങളിലെ മുഖ്യമന്ത്രിമാർക്ക് നിഷേധിക്കപ്പെട്ടിരിക്കുന്നത് നമ്മുടെ ജനാധിപത്യത്തിൻ്റെ അകാല മൃത്യുവായി പരിഗണിക്കേണ്ടി വരും.

സമരമുഖത്തേക്ക് വാഹനം ഇടിച്ചു കയറ്റി കർഷകരെ മൃഗീയമായി കൊല ചെയ്യുന്നത് ജനാധിപത്യത്തിൽ അനുവദനീയമായ മാതൃകകളല്ല എന്നു തന്നെ പറയേണ്ടി വരും. ഇന്നലെ നടന്ന ഭീതിദമായ കൊലപാതകങ്ങൾ ഭരണകൂടം സ്പോൺസർ ചെയ്ത നരഹത്യ തന്നെയാണ്. മന്ത്രി പുത്രൻ തന്നെ ഈ നരഹത്യക്ക് നേതൃത്വം നൽകിയെന്ന് പറയുമ്പോൾ മഹത്തായ ജനാധിപത്യ രാഷ്ട്രത്തിന് നഷ്ടപ്പെടുന്നത് അതിൻ്റെ ആത്മാവ് തന്നെയാണ്. ഇനിയെങ്കിലും ഭരണാധികാരികൾ വിവേകത്തിൻ്റെ ഭാഷയും സമീപനവും സ്വീകരിക്കേണ്ടതുണ്ട്. പ്രശ്നങ്ങൾക്കുള്ള പരിഹാരം ഉരുക്ക് മുഷ്ടിയല്ല ചർച്ചയും അതിലൂടെ ഉരുത്തിരിക്കുന്ന
സമവായവുമാണ് ജനാധിപത്യത്തിൻ്റെ സൗന്ദര്യമെന്ന് ഭരണാധികാരികൾ തിരിച്ചറിയേണ്ടതുണ്ട്. കലിപൂണ്ട ഭരണാധികാരികളുടെ നൃശംസത ജനാധിപത്യത്തിൻ്റെ നിഷേധമായി പരിണമിക്കുന്നത് രാഷ്ടത്തിന് അപമാനകരമാണ്.

കർഷക സമരം ഇനിയും സംഘർഷത്തിലേക്ക് വളർത്താതെ കർഷകർ ഉയർത്തുന്ന ന്യായമായ ആവശ്യങ്ങൾ അംഗീകരിക്കാനുള്ള വിവേകം ഭരണാധികാരികളിൽ നിന്നു തന്നെയാണ് ഉണ്ടാകേണ്ടത്. കർഷകർ പരാജയപ്പെടുന്നു എന്നതിനർത്ഥം രാജ്യം പരാജയപ്പെടുന്നു എന്ന് തന്നെയാണ്. ഒരിക്കലും അത്തരത്തിലുള്ള ഒരു പരിസമാപ്തി ഉണ്ടാകാൻ പാടില്ല. കർഷകർ നാടിൻ്റെ അഭിമാനമാണ്.