വളയിട്ട കൈകൾ കർഷക സമരം ഏറ്റെടുക്കുന്നു

0

ദില്ലിയിൽ എട്ട് മാസമായി തുടർന്നു വരുന്ന കർഷകരുടെ സമരം ഇന്ന് വനിതകൾ ഏറ്റെടുക്കുകയാണ്. സംയുക്ത കർഷക മോർച്ചയുടെ വനിതാ വിഭാഗമായ മഹിളാ മോർച്ച ഇന്ന് ജന്തർമന്തറിൽ മഹിളാ കിസാൻ സംസദ് നടത്തിയാണ് പ്രതിഷേധം ശക്തമാക്കുന്നത്.

നിലവിൽ പാസ്സാക്കിയ മൂന്ന് കാർഷിക ബില്ലുകളും പിൻവലിക്കാതെ സമര രംഗത്ത് നിന്ന് പിന്നോട്ടില്ലെന്ന ആവർത്തിച്ചുള്ള പ്രഖ്യാപനമാണ് ഈ വനിതാ കൂട്ടായ്മയിലൂടെ കർഷകർ മുന്നോട്ട് വെക്കുന്നത്. രാജ്യത്തിൻ്റെ വിവിധ ഭാഗങ്ങളിലുള്ള 40 തോളം കർഷക സംഘടനകളാണ് സമരമുഖത്തുള്ളത്. വയലേലകളിലെ വളയിട്ട കൈകൾ പടച്ചട്ടയണിഞ്ഞെത്തുന്നത് കർഷക സമരത്തിന് പുതിയ ആവേശമായിത്തീരുകായാണ്.

രാജ്യത്തിൻ്റെ വിവിധ ഭാഗങ്ങളിൽ നിന്നുള്ള കർഷക സ്ത്രീകൾ ഈ സമരത്തിൽ അണിചേരാനായി ഇന്നലെ തന്നെ ദില്ലിയിൽ എത്തിച്ചേർന്നിട്ടുണ്ട്. ഇന്ത്യയുടെ സ്വാതന്ത്ര്യ സമരത്തിലെ ധീരമായ വനിതാ പോരാട്ടത്തെയാണ് ഇന്നത്തെ മഹിളാ സമരത്തിലൂടെ ഓർത്തെടുക്കുന്നത്. ദില്ലിയിലെ കർഷക സമരത്തിൽ തീർച്ചയായും ഒരു പുതിയ അദ്ധ്യായം രചിക്കുന്നത് തന്നെയായിരിക്കും ഇന്നത്തെ വനിതാ കർഷകരുടെ സമരവീര്യം.