വീണ്ടും വിളിക്കാം “ജയ് കിസാൻ “

0

ഒടുവിൽ അവർ വിജയം കണ്ടെത്തുക തന്നെ ചെയ്തു. കഴിഞ്ഞ ഒരു വർഷമായി ഇന്ദ്രപ്രസ്ഥത്തിലെ തെരുവുകളിൽ അലയടിച്ചുയർന്ന പ്രക്ഷോഭത്തിന് മുന്നിൽ നെഞ്ചളവിൻ്റെ ഊക്കിൽ പിടിച്ചു നിന്ന ശക്തനെന്ന് അവകാശപ്പെട്ട സാക്ഷാൽ നരേന്ദ്ര മോദിക്ക് മുട്ടുമടക്കേണ്ടി വന്നു. കർഷകർ ഉയർത്തിയ ഏറ്റവും പ്രധാനപ്പെട്ട ആവശ്യം മൂന്ന് കാർഷിക നിയമങ്ങളും നിരുപാധികം പിൻവലിക്കുക എന്നതായിരുന്നു. ഈ ആവശ്യം പൂർണ്ണമായും അംഗീകരിക്കുമെന്ന് പ്രധാനമന്ത്രി പ്രസ്താവിച്ചിട്ടുണ്ട്. ഭീകരമായ പോലീസ് നടപടികളും നരഹത്യയും നടത്തിയ സർക്കാറിൻ്റെ ഫാഷിസ്റ്റ് സമീപനത്തെ ഇച്ഛാശക്തി കൊണ്ടും ആർജ്ജവവും കൊണ്ട് മാത്രമാണ് മണ്ണിൽ സ്വർണ്ണം വിളയിക്കുന്ന കർഷകർ തങ്ങളുടെ വിയർപ്പു തുള്ളികളുടെ ചൂരും ചൂടും കൊണ്ട് വിജയപഥത്തിലെത്തിച്ചത്.

ഈ ഗുരുനാനാക്ക് ജയന്തി ദിനത്തിൽ ഇന്ത്യയിലെ കർഷകർക്കും അവരെ സ്നേഹിക്കുന്നവർക്കും അഭിമാനിക്കാൻ വക നൽകാനുള്ള ശുഭദിനമായി മാറിയിരിക്കുകയാണ്. സമര രംഗത്തുള്ള കർഷകരെ രാജ്യദ്രോഹികളെന്ന് വിശേഷിപ്പിച്ച നരേന്ദ്രദാമോദരദാസ് മോദി ഇന്ന് അവരെ വിശേഷിപ്പിക്കുന്നത് അവർ രാഷ്ട്രത്തിൻ്റെ നട്ടെല്ലെന്ന് തന്നെയാണ്. ഈ മാറ്റം സ്വാഗതാർഹമാണ്. പോലീസും സൈന്യവും കോടതിയും അധികാരവുമെല്ലാം ആർജ്ജവമുള്ള ജനതയുടെ ഇച്ഛാശക്തിക്ക് മുന്നിൽ കീഴടങ്ങേണ്ടി വരുമെന്ന് കാലവും ചരിത്രവും ഒരിക്കൽക്കൂടി തെളിയിച്ചിരിക്കുയാണ്.

വീണ്ടും ഉറക്കെ വിളിക്കാം.”ജയ് കിസാൻ “